5 ദിവസംകൊണ്ട് 100 മില്യൺ ഉപഭോക്താക്കളെ സ്വന്തമാക്കി ത്രെഡ്സ്; അടിമുടി വിറച്ച് ട്വിറ്റർ
പുറത്തിറക്കി വെറും അഞ്ച് ദിവസം കൊണ്ട് 100 മില്യൺ ഉപഭോക്താക്കളെ സ്വന്തമാക്കി മെറ്റയുടെ ട്വിറ്റർ ബദൽ ആപ്പ് ത്രെഡ്സ്. ജൂലൈ 6ന് ആയിരുന്നു ത്രെഡ്സ് പ്ലേ സ്റ്റോറിൽ എത്തിയത്. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ രണ്ട് മില്യൺ ആളുകൾ ത്രെഡ്സിൽ സൈൻ അപ്പ് ചെയ്തിരുന്നു.
ഉപഭോക്തക്കളുടെ എണ്ണം 100 മില്യൺ കഴിഞ്ഞതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്. ത്രെഡ്സ് വഴിയായിരുന്നു സക്കർബർഗിന്റെ പ്രതികരണം. 'വാരാന്ത്യത്തിൽ ത്രെഡ്സ് ഉപയോഗിക്കുന്നവരുടെ എണ്ണം 100 ദശലക്ഷം ആയി. ഞങ്ങൾ യാതൊരുവിധ പ്രമോഷനും നടത്തിയിട്ടില്ല. ഇത് പ്രകൃതി ആവശ്യപ്പെട്ടത് ആയിരിക്കാം. ആപ്പ് എത്തി വെറും അഞ്ച് ദിവസം മാത്രമേ ആയിട്ടുള്ളു.' എന്നായിരുന്നു സക്കർബർഗിന്റെ പോസ്റ്റ്.

നിരവധി പ്രതികരണങ്ങളാണ് സക്കർബർഗിന്റെ ത്രെഡ്സ് പോസ്റ്റിന് ലഭിക്കുന്നത്. ഇന്ത്യയിൽ നിന്നാണ് ത്രെഡ്സിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കളെ ലഭിച്ചിരിക്കുന്നത്. ഏകദേശം 20 ദശലക്ഷത്തിലധികം ആളുകൾ ഇന്ത്യയിൽ നിന്ന് മാത്രം ത്രെഡ്സിൽ ജോയിൻ ചെയ്തു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ആകെയുള്ള ഉപഭോക്താക്കളുടെ 25 ശതമാനത്തോളം വരും.
ആപ്പ് ഉപയോഗിക്കുന്നവരിൽ 18 ദശലക്ഷം ആളുകൾ ബ്രസീൽ നിന്നും 15 ദശലക്ഷം ആളുകൾ യുഎസിൽ നിന്നും ഉള്ളവരാണ്. നിലവിൽ ട്വിറ്ററിന് കനത്ത വെല്ലുവിളിയാണ് ത്രെഡ്സ് ഉയർത്തുന്നത്. ട്വിറ്ററിൽ നടത്തിയ ചില പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു ത്രെഡ്സ് അവതരിപ്പിച്ചത്. ഇതോടെ ട്വിറ്ററിൽ അതൃപ്തരായിരുന്ന നിരവധി ഉപഭോക്താക്കൾ ത്രെഡ്സിലേക്ക് മാറി.

ഇൻസ്റ്റഗ്രാമുമായി ബന്ധിപ്പിച്ചാണ് ത്രെഡ്സ് പുറത്തിറക്കിയിരിക്കുന്നത്. കണക്കുകൾ പ്രകാരം ഇൻസ്റ്റഗ്രാമിന് മാസം ശരാശരി 2.35 ബില്യണിലധികം ആക്ടീവ് ഉപഭോക്താക്കൾ ഉണ്ട്. ആയതിനാൽ ഇവരിൽ ഭൂരിഭാഗവും ത്രെഡ്സ് ഇൻസ്റ്റാൾ ചെയ്തത് ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാൻ ഒരു പ്രധാന കാരണം ആണ്. ഇൻസ്റ്റഗ്രാമിന്റെ യൂസർ നെയിമും പാസ്വേർഡും ഉപയോഗിച്ച് തന്നെ ത്രെഡ്സിൽ ലോഗ് ഇൻ ചെയ്യാൻ സാധിക്കും.
അതിനിടെ ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങൾ ആക്സസ് ചെയ്തു എന്ന പേരിൽ ആരോപണവുമായി ത്രെഡ്സിനെതിരെ നിയമപടപടി സ്വീകരിക്കുമെന്ന് ട്വിറ്റർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററിന്റെ അഭിഭാഷകനായ അലക്സ് സ്പിറോ മെറ്റ സിഇഒ മാർക്ക് സക്കർബർഗിന് നോട്ടീസ് അയച്ചിട്ടുണ്ട്. ട്വിറ്ററിന്റെ ആഭ്യന്തര രഹസ്യങ്ങൾ അറിയാവുന്ന മുൻ ജീവനക്കാരെയാണ് ത്രെഡ്സ് വിവിധ തസ്തികകളിൽ നിയമിച്ചിരിക്കുന്നതെന്നും ട്വിറ്റർ ആരോപിച്ചു.
അതേ സമയം ത്രെഡ്സ് ട്വിറ്ററിന് പകരമല്ലെന്ന് വെളിപ്പെടുത്തി ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസേരി രംഗത്ത് വന്നു. ട്വിറ്ററിന് പകരക്കാരൻ ആകുക എന്ന് ഉദ്ദേശിച്ചല്ല മെറ്റ ത്രെഡ്സിന് രൂപം കൊടുത്തത്. ഇൻസ്റ്റഗ്രാമിലെ ആളുകൾക്ക് മൈക്രോബ്ലോംഗിങ്ങ് നടത്താനും കാര്യങ്ങൾ ചർച്ച ചെയ്യാനും എന്ന തലത്തിലാണ് പുതിയ പ്ലാറ്റ്ഫോമിന് മെറ്റ രൂപം നൽകിയത് എന്നായിരുന്നു മൊസേരിയുടെ പ്രതികരണം.
തീവ്രതയില്ലാത്ത ലളിതമായ എല്ലാ കാര്യങ്ങളും ത്രെഡ്സിൽ ചർച്ച ചെയ്യാം. ത്രെഡ്സ് ബ്രേക്കിംഗ് ന്യൂസുകളോ ലോക കാര്യങ്ങളോ മാത്രമല്ല ഫോക്കസ് ചെയ്യുന്നത് എന്നും മൊസേരി കൂട്ടിച്ചേർത്തു. ട്വിറ്ററിന്റെ ആരോപണങ്ങൾക്കും ത്രെഡ്സ് മറുപടി നൽകി. ട്വിറ്ററിൽ ഉണ്ടായിരുന്ന ജീവനക്കാരെ ആരെയും തന്നെ ത്രെഡ്സിന്റെ എഞ്ചിനിയറിംഗ് ടീമിൽ നിയമിച്ചിട്ട എന്ന് മെറ്റ വക്താവ് ആൻഡി സ്റ്റോൺ വ്യക്തമാക്കി.
ഉപയോക്താക്കളുടെ എണ്ണത്തിൽ കമ്പനി മികച്ച നേട്ടം കൈവരിച്ചു എങ്കിലും എത്ര പേർ ആപ്പിൽ സജീവമാകുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ഇൻസ്റ്റഗ്രാമും ത്രെഡ്സും പരസ്പരം യോജിപ്പിച്ചിരിക്കുന്നതിനാൽ ത്രെഡ്സ് ഡിലീറ്റ് ചെയ്താൽ ഇൻസ്റ്റഗ്രാമും ഡീലിറ്റ് ആകുന്നതാണ്. ആയതിനാൽ ഇപ്പോൾ ഈ രണ്ട് ആപ്പുകൾ തമ്മിലുള്ള ബന്ധം വിച്ഛേദിക്കാൻ കമ്പനി പദ്ധതി തയ്യാറാക്കുകയാണ് എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.


Click it and Unblock the Notifications








