സുരക്ഷിതമാവണം ജീവിതം, ഭൂകമ്പ മുന്നറിയിപ്പ് ഫോണിലും അറിയാം! ഇതാ മികച്ച മൂന്ന് ആപ്പുകൾ
കഴിഞ്ഞ ആഴ്ചയാണ് മ്യാൻമറിനെയും തായ്‌ലാൻഡിനെയും വിറപ്പിച്ചുകൊണ്ട് ഭൂകമ്പമുണ്ടായത്. നിരവധി പേർക്കാണ് ആഭൂകമ്പത്തിൽ ജീവനും സ്വത്തും നഷ്ടമായത്. മാർച്ച് 29നാണ് മ്യാൻമറിൽ ഭൂചലനമാണുണ്ടായത്. ഭൂചലനത്തിൽ 2700ലധികം ആളുകളാണ് മരിച്ചത്. റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം കഴിഞ്ഞ ദിവസം നേപ്പാളിലും ഭൂകമ്പമുണ്ടായി. റിക്ടർ സ്‌കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഇതിന്റെ പ്രകമ്പനത്തിൽ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പ്രാദേശിക സമയം വൈകുന്നേരം 7.52 നാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഭൂകമ്പം ഉണ്ടാകുന്നതിന് മുമ്പ് അറിയാൻ ഇപ്പോൾ സാങ്കേതിക വളർച്ചകൊണ്ട് സാധിക്കുന്നുണ്ട്. അതിന് സഹായിക്കുന്ന മൊബൈൽ ആപ്പുകളും ഇപ്പോൾ ലഭ്യമാണ്. ലോകത്ത് എവിടെ നടക്കുന്ന ഭൂകമ്പത്തെ കുറിച്ചും അറിയാൻ ഈ ആപ്പുകൾ സഹായിക്കും. അത്തരത്തിൽ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ നിർമിച്ച ആപ്പുകളെ കുറിച്ച് നമുക്കിവിടെ പരിചയപ്പെടാം.

നാഷണൽ സെന്റർ ഓഫ് സീസ്മോളജി വികസിപ്പിച്ചെടുത്ത ആപ്പാണ് 'ഭൂകാമ്പ്' (Bhookamp). ഭൂകമ്പങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ഉപയോക്താക്കൾക്ക് നൽകാനാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്. മികച്ച വിവരങ്ങൾ പെട്ടെന്ന് ഉപയോക്താക്കളിൽ എത്തിക്കുന്ന ഈ ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. കൂടാതെ ലോകത്ത് ഇതിന് മുമ്പ് സംഭവിച്ച എല്ലാ ഭൂകമ്പങ്ങളും വിശദമായി വിവരിക്കുന്ന NCS വെബ്സൈറ്റിന്റെ വെബ് വ്യൂ ആപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം, തീവ്രത, ഭൂകമ്പം ഉണ്ടായ കൃത്യമായ സമയം എന്നിവയും ഈ ആപ്പിലൂടെ അറിയിക്കാൻ കഴിയും. പോരാത്തതിന് ഭൂകമ്പം മൂലമുണ്ടായ കുലുക്കത്തിന്റെ അനുഭവം മറ്റുള്ളവരെ അറിയിക്കാനും ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു. അതുപോലെ ഭൂകമ്പങ്ങൾ ട്രാക്ക് ചെയ്യുന്നതിനുള്ള ഏറ്റവും ജനപ്രിയമായ ആപ്ലിക്കേഷനുകളിലൊന്നാണ് 'മൈഷേക്ക്' (MyS-hake).

യുസി ബെർക്ക്‌ലി സീസ്‌മോളജി ലാബ് (UC Berkeley Seismology Lab) വികസിപ്പിച്ചെടുത്തതാണ് ഈ ആപ്പ്. ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമായ മൈഷേക്ക്, പ്രത്യേകിച്ച് യുഎസിലെ കാലിഫോർണിയ, ഒറിഗോൺ, വാഷിംഗ്ടൺ തുടങ്ങിയ പ്രദേശങ്ങളിൽ തത്സമയ ഭൂകമ്പ മുന്നറിയിപ്പുകൾ നൽകാൻ സഹായിക്കുന്നു.
ലോകത്തിലെ മുൻകാല ഭൂകമ്പങ്ങളുടെ ഒരു പട്ടികയും ആപ്പിൽ നൽകിയിട്ടുണ്ട്. അവ എപ്പോൾ സംഭവിച്ചു എന്നതനുസരിച്ച് തരംതിരിക്കുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിശോധിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഇന്ററാക്ടീവ് മാപ്പും 'മൈഷേക്ക്' ആപ്പിൽ നൽകിയിട്ടുണ്ട്.

ഭൂകമ്പത്തെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ സഹായിക്കുന്ന മറ്റൊരു ആപ്പാണ് Earthquake Network. ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമായ ഇതിൽ ഭൂകമ്പങ്ങൾ തത്സമയം ട്രാക്ക് ചെയ്യാനും വിവരങ്ങൾ ഉപയോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാനും കഴിയും. സ്മാർട്ട്ഫോണുകളുടെ ആഗോള നെറ്റ്വർക്ക് ഉപയോഗിച്ചുള്ള തത്സമയ വിവരങ്ങൾ, ഉപയോക്താക്കളിൽ നിന്നും സെൻസറുകളിൽ നിന്നുമുള്ള ഭൂകമ്പ റിപ്പോർട്ടുകൾ, സ്ഥലവും വ്യാപ്തിയും അടിസ്ഥാനമാക്കിയുള്ള ഇഷ്ടാനുസൃത അറിയിപ്പ് ക്രമീകരണങ്ങൾ എന്നിവയാണ് ആപ്പിന്റെ പ്രധാന സവിശേഷതകൾ. എർത്ത്ക്വേക്ക് നെറ്റ്വർക്ക് ആപ്പിൽ ഒരു ഇന്ററാക്ടീവ് സീസ്‌മോഗ്രാഫ്-സ്‌റ്റൈൽ ലൈവ് ഡാറ്റ മാപ്പും ഉൾപ്പെടുന്നു.
ആപ്പുകൾ പ്രവർത്തന സജ്ജമാണെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും ഭൂകമ്പ മുന്നറിയിപ്പ് ലഭിച്ചാൽ ഉടൻ സുരക്ഷാ മാർഗങ്ങൾ തേടണം. ആപ്പിൽ വിവരങ്ങൾ ലഭിക്കുന്നതു വരെ കാത്തിരുന്നാൽ ചിലപ്പോൾ ജീവൻ അപകടത്തിലാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന മാർഗ നിർദേശങ്ങൾക്കാണ് ആദ്യം പ്രയോരിറ്റി നൽകേണ്ടത്.


Click it and Unblock the Notifications








