ത്രെഡ്സിനെ വളരാൻ അനുവദിച്ചുകൂടാ; പൂട്ടിക്കാൻ നിയമനടപടിക്കൊരുങ്ങി ട്വിറ്റർ
കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത മെറ്റയുടെ ത്രെഡ്സ് എന്ന സോഷ്യൽ മീഡിയാ ആപ്പിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി ട്വിറ്റർ. ട്വിറ്ററിന്റെ ബൌദ്ധിക സ്വത്തവകാശം ത്രെഡ്സ് ലംഘിച്ചു എന്ന് ആരോപിച്ചാണ് ട്വിറ്റർ നിയമനടപടിക്ക് ഒരുങ്ങുന്നത്. പ്ലേ സ്റ്റോറിൽ പ്രത്യക്ഷപ്പെട്ട് 24 മണിക്കൂറുകൾക്കകം 5 കോടിയോളം ഉപയോക്താക്കളെ ത്രെഡ്സിന് നേടാൻ സാധിച്ചിരുന്നു.
നിയമനടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ ഉടമ ഇലോൺ മസ്കിന്റെ അഭിഭാഷകൻ അലക്‌സ് സ്പിറോ മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന് നോട്ടീസ് അയച്ചു. നിയമവിരുദ്ധമായി ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളും ബൗദ്ധിക സ്വത്തുക്കളും ത്രെഡ്സ് ദുരുപയോഗം ചെയ്യുന്നു എന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. സെമാഫോർ എന്ന വാർത്താ ഏജൻസിയാണ് ഈ വാർത്ത പുറത്തുവിട്ടത്.

ട്വിറ്ററിന്റെ അതീവ രഹസ്യങ്ങൾ അറിയാവുന്ന ട്വിറ്ററിലെ മുൻ ജീവനക്കാരെ ത്രെഡ്സ് വിവധ സ്ഥാനങ്ങളിൽ നിയമിച്ചതായും നോട്ടീസിൽ കുറ്റപ്പെടുത്തുന്നുണ്ട്. ട്വിറ്ററിന്റെ അതീവ വ്യാപാര രഹസ്യങ്ങൾ മെറ്റ ഉപയോഗിക്കുന്നത് അടിയന്തരമായി നിർത്തണമെന്നും നോട്ടിൽ ട്വിറ്റർ ആവശ്യപ്പെടുന്നു. അതിനിടെ 'മത്സരം നല്ലതാണ് ചതി പാടില്ല' എന്ന തരത്തിൽ ഇലോൺ മസ്ക് ട്വീറ്റ് ചെയ്ത് വിഷയത്തിൽ പ്രതികരിച്ചു.
അതേ സമയം ട്വിറ്ററിൽ ഉണ്ടായിരുന്ന ജീവനക്കാരെ ആരെയും തന്നെ എഞ്ചിനിയറിംഗ് ടീമിൽ നിയമിച്ചിട്ട എന്ന അവകാശവാദവുമായി മെറ്റയും രംഗത്തെത്തി. മെറ്റാ വക്താവ് ആൻഡി സ്റ്റോൺ ആണ് ഇക്കാര്യം ത്രെഡ്സ് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. ചരിത്രിത്തിലെ ഏറ്റവും വലിയ വെല്ലുവിളിയിലൂടെയാണ് ട്വിറ്റർ ഇപ്പോൾ കടന്നുപോകുന്നത്. ത്രെഡ്സ് വലിയ വെല്ലുവിളിയാണ് ട്വിറ്ററിന് ഉയർത്തുന്നത്.

ലോഞ്ച് ചെയ്ത് ഏകദേശം 24 മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ 5 കോടിയോളം ആളുകൾ ത്രെഡ്സിൽ ലോഗ് ഇൻ ചെയ്തു. ട്വിറ്റർ പോലെ തന്നെ മൈക്രോബ്ലോഗിങ് ആപ്പ് ആയിട്ടാണ് ത്രെഡ്സിനെ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ നടത്തിയ പരിഷ്ക്കാരങ്ങളിൽ ഉപഭോക്താക്കൾ അസംതൃപ്തി പ്രകടിപ്പിച്ചതും ത്രെഡ്സിന്റെ കടന്നുവരവും ട്വിറ്ററിന് തിരിച്ചടിയായി. ഇൻസ്റ്റാഗ്രാമിന്റെ സപ്പോർട്ടിൽ പ്രവർത്തിക്കുന്ന ആപ്പ് ആണ് ത്രെഡ്സ്.
ഇന്റസ്റ്റാഗ്രാമിന് പ്രതിമാസം 2 ബില്യണിലധികം ആക്ടിവ് ഉപഭോക്താക്കൾ ഉള്ളത് ത്രെഡ്സിന് ഗുണകരമാകും. ഇവരിൽ നല്ലൊരു വിഭാഗം ആളുകളെ ത്രെഡ്സിൽ എത്തിച്ചാൽ തന്നെ ട്വിറ്ററിന് വൻ വെല്ലുവിളിയായി മാറും. ഇൻസ്റ്റാഗ്രാമിന്റെ സപ്പോർട്ട് ഉള്ളതിനാൽ തന്നെയാണ് ആദ്യ ദിവസം ഇത്രയും അധികം ആളുകൾ ത്രെഡ്സ് സന്ദർശിച്ചത്. ഇവരെ സ്ഥിരമായി പിടിച്ചുനിർത്താൻ ത്രെഡ്സിന് സാധിക്കുമോ എന്നത് കണ്ടറിയണം.
മറ്റുള്ള സോഷ്യൽ മീഡിയാ ആപ്പുകളെ അനുകരിച്ച് വിജയം നേടുന്നതിൽ പ്രകൽഭരാണ് മെറ്റ. സ്നാപ് ചാറ്റിനെ അനുകരിച്ച് ഇൻസ്റ്റഗ്രാം തുടങ്ങിയതും ടിക് ടോക്കിനെ അനുകരിച്ച് റീൽസ് വിജയം കണ്ടതും ടെലിഗ്രാമിന് വെല്ലുവിളിയായി വാട്സ്ആപ്പ് മാറിയതും മെറ്റയുടെ മികവിനെ എടുത്തുകാണിക്കുന്നു. ഈ ശ്രേണിയിലേക്കാണ് ഇപ്പോൾ ട്വിറ്ററിന് ബദലായി ത്രെഡ്സിനെ ഉയർത്തിക്കാണിക്കുന്നത്.
അധികം വൈകാതെ തന്നെ ത്രെഡ്സിന് 1 ബില്യൺ ഉപഭോക്താക്കളെ ലഭിക്കുമെന്നാണ് സക്കർബർഗ് അപകാശപ്പെടുന്നത്. അതേ സമയം ത്രെഡ്സ് ആപ്പ് വലിയ രീതിയിൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് ആപ്പിനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. ട്വിറ്ററിന്റെ സ്ഥാപകരിലൊരാളായ ജാക്ക് ഡോർസിയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഐഫോണില്‍ ത്രെഡ്‌സ് ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ 14 അനുമതികള്‍ നല്‍കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമായും ആരോഗ്യം, ധനകാര്യ വിവരങ്ങൾ, ഷോപിങ്, ബ്രൗസിങ് ഹിസ്റ്ററി തുടങ്ങിയ പതിനാലോളം തരത്തിലാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇതിൽ സെൻസിറ്റീവ് ആയ വിവരങ്ങളും ഉൾപ്പെടുന്നു എന്നും ജാക്ക് ഡോർസി കൂട്ടിച്ചേർക്കുന്നു.


Click it and Unblock the Notifications