ഇനി 'ട്വിറ്റർ' ഉണ്ടാകില്ല; പുതിയ തീരുമാനം പ്രഖ്യാപിച്ച് ഇലോൺ മസ്ക്
ട്വിറ്ററിന്റെ പേരും ഐക്കണും മാറ്റാൻ തീരുമാനമെടുത്ത് ഉടമ ഇലോൺ മസ്ക്. എക്സ് എന്നാണ് പ്ലാറ്റ്ഫോമിന് പുതിയതായി നൽകിയിരിക്കുന്ന പേര്. എക്സ് ഡോട്ട് കോം എന്ന് ഗൂളിളിൽ സെർച്ച് ചെയ്താൽ ഇനിമുതൽ പഴയ ട്വിറ്റർ ആയിരിക്കും ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മസ്ക് പുതിയ പ്രഖ്യാപനം നടത്തിയത്.
ഞായറാഴ്ച രാത്രി മുതൽ പുതിയ മാറ്റം നിലവൽ വരുമെന്നാണ് മസ്ക് അറിയിച്ചിരുന്നത്. പുതിയ പേരിനോടും ലോഗോക്കും ഒപ്പം അടിമുടി മാറാനാണ് ട്വിറ്റർ തയ്യറെടുത്തിരിക്കുന്നത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്ന കുറിപ്പുകൾ ട്വീറ്റ് എന്ന പേരിലായിരുന്നു അറിയിപ്പെട്ടിരുന്നത് എന്നാൽ ഇനിമുതൽ ഇത് 'ആൻ എക്സ്' എന്നായിരിക്കും അറിയപ്പെടുക എന്ന് ഒരു ഉപഭോക്താവിന് നൽകിയ മറുപടിയിൽ മസ്ക് വ്യക്തമാക്കുന്നു.

മനുഷ്യനിലെ അപൂർണതകളുടെ പ്രതിഫലനമാണ് എക്സ് എന്നും, ആ ആശയം പ്രതിഫലിക്കുന്ന ഒരു ലോഗോ കിട്ടിയാൽ പറ്റുമെങ്കിൽ നാളെ തന്നെ ചിഹ്നം മാറ്റുമെന്നും മസ്ക് പറഞ്ഞു. ചൈനയിലെ വീ ചാറ്റ് മാതൃകയിൽ എല്ലാ സേവനവും ഒറ്റ ആപ്പിൽ കിട്ടുന്ന സംവിധാനമാക്കി എക്സിനെ മാറ്റുകയാണ് മസ്കിന്റെ ലക്ഷ്യം. പണമിടപാടും ബ്ലോഗിങ്ങും, മൈക്രോ ബ്ലോഗിങ്ങും, വീഡിയോയും എല്ലാം എക്സിന് കീഴിൽ ഉണ്ടാകും.
കഴിഞ്ഞ വർഷമായിരുന്നു 44 ബില്യൺ ഡോളറിന് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. ട്വിറ്റർ സ്വന്തമാക്കിയതിന് ശേഷം കഴിഞ്ഞ വർഷം ഒക്ടോബറിൽ 'ട്വിറ്റർ വാങ്ങുന്നത് എക്‌സ് സൃഷ്‌ടിക്കുന്നതിനുള്ള ത്വരിതപ്പെടുത്തലാണ്' എന്ന് മസ്ക് ട്വീറ്റ് ചെയ്തിരുന്നു. മാത്രമല്ല ഏപ്രിലിൽ പുതിയ സിഇഒയായി ലിൻഡ യാക്കറിനോ നിയമിച്ചപ്പോൾ മസക് എക്സ് എന്ന് പരാമർശിച്ചിരുന്നു. "ഈ പ്ലാറ്റ്‌ഫോമിനെ എക്‌സ് ആപ്പാക്കി മാറ്റാൻ ലിൻഡയ്‌ക്കൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്" എന്നായിരുന്നു മസ്ക് അന്ന് പറഞ്ഞത്.

അതേ സമയം പുതിയ പ്രഖ്യാപനങ്ങൾ നടത്തുമ്പോഴും കമ്പനി കനത്ത വെല്ലുവിളി നേരിടുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്വിറ്ററിൽ നടത്തിയ ചില പരിഷ്ക്കാരങ്ങളിൽ നിരവധി ഉപഭോക്താക്കൾ പരസ്യമായി അതൃപ്തി അറിയിച്ചുകഴിഞ്ഞു. മാത്രമല്ല മെറ്റയുടെ മൈക്രോബ്ലോഗിംഗ് ആപ്പായ ത്രെഡ്സ് ട്വിറ്ററിന് കനത്ത വെല്ലുവിളി ആണ് ഉണ്ടാക്കിയിരിക്കുന്നത്. ട്വിറ്ററിന്റെ എതിരാളിയായി എത്തി വെറും അഞ്ച് ദിവസം കൊണ്ട് 100 മില്യൺ ഉപഭോക്താക്കളെ ത്രെഡ്സ് നേടി.
ത്രെഡ്സ് രംഗത്ത് വന്നതോടെ ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ പുതിയ പ്ലാനുകളും ട്വിറ്റർ നടപ്പിലാക്കി. മൊണിറ്റൈസേഷൻ പോലുള്ള ചില കര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. നിലവിൽ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്കാണ് ട്വിറ്ററിൽ നിന്ന് പണം ലഭിക്കുന്നത്. വൈകാതെ മറ്റ് ഉപഭോക്താക്കളിലേക്കും ഈ ഫീച്ചർ എത്തിയേക്കാം. ട്വിറ്ററിൽ നിന്ന് നിരവധി ആളുകൾക്ക് 5 ലക്ഷം രൂപ ലഭിച്ചുവെന്ന് പുറത്തുവന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മൊണിറ്റൈസേഷന് പുറമെ സ്പാം മെസ്സേജുകൾ തടയാനും പുതിയ ഫീച്ചർ ട്വിറ്റർ അടുത്തിടെ അവതരിപ്പിച്ചിരുന്നു. സ്പാം മെസ്സേജുകൾക്കായി മെസ്സേജ് റിക്വസ്റ്റ് എന്ന ഒരു പ്രത്യേക വിഭാഗം ആണ് ട്വിറ്റർ പുറത്തിറക്കിയിരിക്കുന്നത്. ഇതിന് പുറമെ ജോലി അന്വേഷിക്കുന്നവർക്കും ജോലിക്കാരെ അന്വേഷിക്കുന്നവർക്കുമായും പുതിയ സൗകര്യം തുടങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ട്വിറ്റർ ഹയറിങ് എന്നാണ് ട്വിറ്ററിന്റെ പുതിയ ഫീച്ചറിന്റെ പേര്.
നിലവിൽ ഈ ഫീച്ചർ പരീക്ഷണഘട്ടത്തിൽ മാത്രമാണ്. ഇത്തരമൊരു ഫീച്ചർ ട്വിറ്ററോ, ഇലോൺ മസ്കോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഉടൻ തന്നെ ഈ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്. ചില അംഗീകൃത സ്ഥാപനങ്ങൾക്കായി ഇതിനകം തന്നെ ഈ ഫീച്ചർ ട്വിറ്റർ അവതരിപ്പിച്ചതായി ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു.


Click it and Unblock the Notifications








