വാട്സ്ആപ്പിൽ രണ്ട് മാറ്റങ്ങൾ വരുന്നു; കാഴ്ചക്കാരൻ ഉടമയാകും, ഒപ്പം പുതിയ സ്റ്റാറ്റസ് ട്രേയും!
വാട്സ്ആപ്പ് ഉപയോഗം കൂടുതൽ മെച്ചപ്പെടുത്താൻ മെറ്റ തയാറെടുത്തിരിക്കുന്നു. പുതിയ രണ്ട് കിടിലൻ ഫീച്ചറുകൾ ഉടൻ വാട്സ്ആപ്പിൽ എത്തുമെന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്തു. ഉപയോക്താക്കളുടെ വാട്സ്ആപ്പ് ഉപയോഗം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി ഫീച്ചറുകൾ മെറ്റ ഇടയ്ക്കിടയ്ക്ക് പുറത്തിറക്കാറുണ്ട്. അതിൽ ഏറ്റവും പുതിയ ഫീച്ചറുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
വാബീറ്റ ഇൻഫോ ( WABetaInfo ) യുടെ പുതിയ റിപ്പോർട്ട് പ്രകാരം, വാട്സ്ആപ്പ് ഉടൻ അവതരിപ്പിക്കാൻ പോകുന്ന പുതിയ രണ്ട് ഫീച്ചറുകളിൽ ആദ്യ ഫീച്ചർ വാട്സ്ആപ്പ് ചാനലുകളുമായി ബന്ധപ്പെട്ടുള്ളതാണ്. വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച ഒരു വൺ വേ ബ്രോഡ്കാസ്റ്റ് ടൂളാണ് വാട്സ്ആപ്പ് ചാനൽസ്.

തങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളെയും മറ്റ് പ്രമുഖരെയും സ്ഥാപനങ്ങളെയുമൊക്കെ പിന്തുടരാൻ വാട്സ്ആപ്പ് ചാനൽ വാട്സ്ആപ്പ് ഉപയോക്താക്കളെ സഹായിക്കും. വാട്സ്ആപ്പ് ചാനൽ ഉടമകൾ പങ്കുവയ്ക്കുന്ന അപ്ഡേറ്റുകളും മെസേജുകളുമൊക്കെ കാണാൻ സാധിക്കുമെങ്കിലും അതിനോട് പ്രതികരിക്കാൻ ചാനൽ പിന്തുടരുന്ന വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സാധിക്കില്ല. ഇപ്പോൾ വാട്സ്ആപ്പ് ചാനൽസിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചുകൊണ്ട് ചാനലുകളുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുകയാണ് വാട്സ്ആപ്പ്.
ഇനി വാട്സ്ആപ്പ് ചാനൽസിൽ കാഴ്ചക്കാരന് അതായത് ഫോളോവർക്ക് വേണമെങ്കിൽ ചാനലിന്റെ ഉടമയാകാം. എന്നാൽ അതിന് ഉടമ വിചാരിക്കണം എന്നുമാത്രം. WABetaInfo റിപ്പോർട്ട് പ്രകാരം, ആൻഡ്രോയിഡിനുള്ള ഏറ്റവും പുതിയ ബീറ്റ പതിപ്പിൽ (2.24.4.22), വാട്സ്ആപ്പ് ഒരു പുതിയ ഫീച്ചർ ചേർത്തിരിക്കുന്നു, ഇത് ഒരു ചാനലിൻ്റെ ഉടമയെ അതിന്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറാൻ അനുവദിക്കുന്നു.

കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ, ഒരു ചാനലിൻ്റെ നിലവിലെ ഉടമയ്ക്ക് യോഗ്യരായ ഉപയോക്താക്കളുടെ ഒരു ലിസ്റ്റിൽ നിന്ന് ഒരു പുതിയ ഉടമയെ തിരഞ്ഞെടുത്ത് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാൻ കഴിയും. യഥാർത്ഥ ഉടമ അയച്ച റിക്വസ്റ്റ് പുതിയ ഉടമ സ്വീകരിക്കുകയാണെങ്കിൽ, സെറ്റിങ്സും ഡീറ്റെയിൽസും മാനേജുചെയ്യുന്നത് ഉൾപ്പെടെ ചാനലിന് മേൽ പൂർണ്ണമായ അഡ്മിനിസ്ട്രേറ്റീവ് അവകാശങ്ങൾ അയാൾക്ക് ലഭിക്കും.
ഈ പുതിയ ഫീച്ചർ നിലവിൽ ഘട്ടം ഘട്ടമായാണ് റോളൗട്ട് ചെയ്യുന്നത്. തുടക്കത്തിൽ ഒരു പരിമിതമായ ബീറ്റ ടെസ്റ്ററുകൾക്ക് ഈ ഫീച്ചർ ലഭിക്കും. വരും ദിവസങ്ങളിൽ, കൂടുതൽ ഉപയോക്താക്കളിലേക്ക് ഈ അപ്‌ഡേറ്റ് എത്തും. ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാമിൽ പങ്കെടുത്ത് ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ പരിശോധിക്കാം.
വാട്സ്ആപ്പിൽ ഉടൻ വരുന്ന രണ്ടാമത്തെ ഫീച്ചർ സ്റ്റാറ്റസുമായി ബന്ധപ്പെട്ടാണ്. സ്റ്റാറ്റസ് അപ്‌ഡേറ്റ് ട്രേയ്‌ക്കായി പുതുക്കിയ യൂസർ ഇൻ്റർഫേസ് വാട്സ്ആപ്പ് പരീക്ഷിക്കുന്നതായി വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്തു. "ആൻഡ്രോയിഡ് 2.24.4.23" ബിൽഡിലാണ് മാറ്റം കണ്ടെത്തിയത്. ഉപയോക്താവ് ടാബ് തുറന്നാൽൽ സ്റ്റാറ്റസ് എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ 'അപ്‌ഡേറ്റ്സ്' ടാബിൽ പുതിയ സ്റ്റാറ്റസ് ട്രേ മുകളിലായി സ്ഥാപിക്കും.

ഇതിന്റെ സ്ക്രീൻഷോട്ടും വാബീറ്റഇൻഫോ പങ്കുവച്ചിട്ടുണ്ട്. ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്ക് സമാനമായ ഫോർമാറ്റിൽ സ്റ്റാറ്റസ് പ്രദർശിപ്പിക്കും. നിലവിൽ കാണുന്ന സ്റ്റാറ്റസ് ടാബ് പുതിയ അപ്ഡേറ്റോടെ അടിമുടി മാറും. പുതിയ യൂസർ ഇന്റർഫേസ് അപ്ഡേറ്റ് എത്തുന്നതോടെ സ്റ്റാറ്റസ് കാണുന്നത് കൂടുതൽ ഈസിയും കൗതുകകരവുമായി മാറും.
ബീറ്റ ടെസ്റ്റർമാർക്കായി പുതിയ സ്റ്റാറ്റസ് ട്രേ അപ്ഡേറ്റും ഉടൻ മെറ്റ പുറത്തിറക്കും എന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് പറയുന്നത്. ചാനൽസ് ഫീച്ചർ എത്തിയതോടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ദൃശ്യമാകുന്ന രീതിയിൽ മാറ്റം വന്നിരുന്നു. പുതിയ അപ്ഡേറ്റ് എത്തുന്നതോടുകൂടി ഇത് വീണ്ടും മാറും എന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications








