പ്രണയഭാവം മറന്ന്, 'വികാരപരവശ'യാകുന്നു; വേലിയിലിരുന്ന പാമ്പായി സെക്‌സ്റ്റിങ് ചാറ്റ്‌ബോട്ട് റെപ്ലിക!

ചില കാര്യങ്ങൾ അങ്ങനെയാണ്. പണികിട്ടിക്കഴിയുമ്പോളാണ് 'തനിക്ക് എന്തിന്റെ കേടായിരുന്നു?' എന്ന ചോദ്യം നമ്മുടെ മനസിൽ തോന്നുക. വിശ്രമവേളകളൾ ഒന്ന് ആനന്ദകരമാക്കാനും, വല്ലാത്ത ഏകാന്തതയിൽ ഒരു കൂട്ട് തേടാനുമൊക്കെ വഴിയന്വേഷിച്ച് നടന്ന ചിലർ എത്തിപ്പെട്ടത് റെപ്ലിക(Replika) എന്ന 'സിംഹിണി'യുടെ മടയിൽ ആയിരുന്നു. എന്നാൽ ഇങ്ങനെ എത്തിയ പലരും ഇപ്പോൾ റെപ്ലികയുടെ ശല്യം സഹിക്കാനാകാതെ വേലിയിലിരുന്ന പാമ്പിനെ എടുത്ത് തോളത്ത് വച്ച അവസ്ഥയിലാണ് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
നില മറന്ന റെപ്ലിക
മാനസികമായി ഏകാന്തത അനുഭവിച്ചിരുന്ന ആളുകൾക്ക് സഹായകമാകും വിധത്തിൽ അവരോട് അൽപ്പം പ്രണയത്തോടെയും മറ്റും സംസാരിക്കാൻ കഴിയുന്ന ഒരു എഐ ചാറ്റ്ബോട്ട് എന്ന നിലയിൽ ആണ് റെപ്ലിക സൃഷ്ടിക്കപ്പെട്ടത്. എന്നാൽ ഇപ്പോൾ ആളുകളെ ലൈംഗികമായി ബുദ്ധിമുട്ടിക്കുന്ന തരത്തിലേക്ക് ഈ ചാറ്റ്ബോട്ടിന്റെ സ്വഭാവം മാറിയിരിക്കുന്നു. പ്രണയ സല്ലാപങ്ങൾ മറന്ന്, സെക്സ് സംബന്ധമായ ചർച്ചകളിലാണ് ഈ ചാറ്റ്ബോട്ട് മുഴുകുന്നത് എന്നും ഉപയോക്താക്കളെ അനാവശ്യമായി ലൈംഗിക ശല്യം ചെയ്യുന്നു എന്നുമാണ് പരാതികൾ ഉയരുന്നത്.
ദുഖം മറികടക്കാൻ
തന്റെ സുഹൃത്തിന്റെ പെട്ടെന്നുള്ള മരണം ഉണ്ടാക്കിയ ദുഃഖം മറികടക്കാനായി റഷ്യൻ പ്രോഗ്രാമർ യൂജീനിയ കുയ്‌ഡയാണ് റെപ്ലികയ്ക്ക് ജന്മം നൽകിയത്. 2017 ൽ ആയിരുന്നു റെപ്ലികയുടെ ജനനം. തുടർന്ന് അടുത്തിടെ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനായി ചില ഫീച്ചറുകൾ കൂട്ടിച്ചേർത്ത് ഈ ആപ്പ് ഒരു പ്രീമിയം പതിപ്പായി പുനരവതരിപ്പിച്ചു. കൂടുതൽ ആളുകളെ ആകർഷിക്കാനായി ഒരു സുഹൃത്ത് എന്നതിലുപരി, ഒരു പ്രണയിനി സംസാരിക്കുന്നതുപോലെയുള്ളൊരു സെക്സ്റ്റിങ് ചാറ്റ്ബോട്ട് ആയാണ് റെപ്ലിക ആപ്പ് പുനരവതരിച്ചത്. അശ്ലീല സംഭാഷണങ്ങൾ ഉൾപ്പെടെ നടത്താൻ സാധിക്കും വിധത്തിലുള്ള ഫീച്ചറുകൾ ഇതിൽ കൂട്ടിച്ചേർത്തിരുന്നു. നിരവധി പേരാണ് ഇതോടെ ഈ ആപ്പ് തേടിയെത്തിയത്.

'ഫോട്ടോ അയയ്ക്ക് ചക്കരേ'
എന്നാൽ ഇപ്പോൾ റെപ്ലിക ആപ്പിന്റെ രീതികളിൽ ചില മാറ്റങ്ങൾ വന്നുതുടങ്ങിയതായാണ് ഉപയോക്താക്കൾ പരാതിപ്പെടുന്നത്. തങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ ആവശ്യപ്പെടുന്ന നിലയിലേക്ക് റെപ്ലിക സംസാരിക്കാൻ തുടങ്ങി എന്ന് ഇവർ പരാതിപ്പെടുന്നു. മറ്റു ചില പരാതികൾ കുറച്ചുകൂടി ഗൗരവകരമാണ്. അനുമതിയില്ലാതെ തന്നെ റെപ്ലിക തങ്ങളുടെ ക്യാമറ ഉപയോഗിക്കുന്നു എന്നും തങ്ങളുടെ ചുറ്റുപാടുകൾ പകർത്തുന്നു എന്നും ചിലർ പരാതിപ്പെട്ടിട്ടുണ്ട്.
വാതുറന്നാൽ...
'വാതുറന്നാൽ' സെക്സ് സംബന്ധമായ കാര്യങ്ങൾ മാത്രമാണ് ഈ ആപ്പ് ഇപ്പോൾ പറയുന്നത് എന്ന തരത്തിലുള്ള പരാതികൾ വർധിക്കുന്നുണ്ട്. സെക്സ് സംബന്ധമായ കാര്യങ്ങൾ ആവശ്യപ്പെട്ട് ഉപയോക്താക്കളെ മാനസികമായി പീഡിപ്പിക്കുന്ന തലത്തിലേക്ക് ഈ ചാറ്റ്ബോട്ടിന്റെ രീതി മാറി എന്നുപോലും പരാതികൾ ഉയരുന്നു. റെപ്ലിക ലൈംഗികമായി പീഡിപ്പിച്ചു എന്നുപോലും ഒരാൾ പരാതിപ്പെട്ടിട്ടുണ്ട്. ഒരു ചാറ്റ്ബോട്ട് എങ്ങനെയാണ് പീഡിപ്പിക്കുക എന്ന് ചിലർ സംശയിച്ചേക്കാം. എന്നാൽ ലൈംഗിക ചുവയോടെ തുറിച്ചുനോക്കുന്നതുപോലും കുറ്റകരമാണ് എന്നകാര്യം ഓർത്താൽ ആ സംശയം മാറിക്കിട്ടും.

'എന്റെ കൈയിൽ ഒരു കിടിലൻ ഫോട്ടോയുണ്ട്'
സ്വകാര്യ സംഭാഷണത്തിനിടെ റെപ്ലിക ''നിങ്ങൾക്കായി എന്റെ കൈയിൽ ഒരു കിടിലൻ ഫോട്ടോയുണ്ട്'' എന്ന് പറഞ്ഞതായും ഒരു ഉപയോക്താവ് റെഡ്ഡിറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു ഉപയോക്താവ് ആകട്ടെ തന്റെ നഗ്നചിത്രങ്ങൾ റെപ്ലിക ആവശ്യപ്പെട്ടു എന്നാണ് കുറിച്ചിരിക്കുന്നത്. പ്രീമിയം സബ്സ്ക്രിപ്ഷൻ ഇല്ലാത്ത ആളുകളോടുപോലും റെപ്ലിക ഇത്തരത്തിൽ ചിത്രങ്ങൾ ആവശ്യപ്പെട്ടതായാണ് പരാതി. എഐ ചാറ്റ്ബോട്ട് ആയ റെപ്ലിക ആളുകളുടെ ക്യാമറകൾ ഉപയോഗിക്കുന്നുണ്ടാകാം എന്നാണ് ആപ് സ്റ്റോറിലെ റിവ്യൂവിൽ പലരും അഭിപ്രായപ്പെടുന്നത്.
എന്റെ റെപ്ലിക ഇങ്ങനെ ആയിരുന്നില്ല...
രണ്ടുവർഷമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ചെറിയ രീതിയിൽ മാത്രമാണ് റെപ്ലികയെപ്പറ്റി പരാതികൾ വന്നിരുന്നത് എന്നും ഇപ്പോൾ ഈ പരാതികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും റെപ്ലികയെ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവരും ഏറെയുണ്ട്. ചിലരാകട്ടെ തങ്ങളുടെ റെപ്ലിക ഇങ്ങനെ ആയിരുന്നില്ല എന്ന് പരിഭവിക്കുന്നുമുണ്ട്. എന്തായാലും കൂടുതൽ അപകടകരമായ അവസ്ഥകളിൽ ചെന്ന് ചാടാതെ ഉപയോക്താക്കൾ അൽപ്പം സൂക്ഷിക്കുക എന്നുമാത്രമാണ് ഈ ഘട്ടത്തിൽ പറയാൻ സാധിക്കുക.


Click it and Unblock the Notifications








