ചെയ്തത് തെറ്റായിപ്പോയി! പിഴവ് തിരുത്താൻ വാട്സ്ആപ്പ് വ്യൂ വൺസ് ഫീച്ചർ വീണ്ടും കൊണ്ടുവരുന്നു
ഒരിക്കൽ പറ്റിയ തെറ്റ് തിരുത്താൻ ഉറപ്പിച്ച് വാട്സ്ആപ്പ് ( WhatsApp ) ഡെസ്ക്ടോപ്പ് പതിപ്പിലേക്ക് വീണ്ടും വ്യൂ വൺസ് ഫീച്ചർ അവതരിപ്പിക്കുന്നു. വാബീറ്റ ഇൻഫോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻപ് ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കും വ്യൂ വൺസ് ഫീച്ചർ ലഭ്യമായിരുന്നു എങ്കിലും കഴിഞ്ഞവർഷം ഇത് പിൻവലിച്ചു.
ഡെസ്ക്ടോപ്പ് പതിപ്പിൽ നിന്ന് മാത്രമാണ് വാട്സ്ആപ്പ് വ്യൂ വൺസ് ഇമേജ് ആൻഡ് വീഡിയോസ് ഫീച്ചറുകൾ പിൻവലിച്ചത്. എങ്കിലും ഇത് നിരവധി ഉപയോക്താക്കളുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. സന്ദേശം സ്വീകരിക്കുന്ന ആൾക്ക് ഒരു തവണ മാത്രം കാണാൻ സാധിക്കുന്ന വിധത്തിൽ മെസേജ് അയയ്ക്കാനുള്ള സംവിധാനമാണ് വ്യൂ വൺസ് ഫീച്ചർ.

ഉപയോക്താക്കൾക്ക് തങ്ങളുടെ സ്വകാര്യത കൂടുതൽ ഉറപ്പിക്കാൻ വ്യൂ വൺസ് ഫീച്ചർ ഏറെ സഹായകമായിരുന്നു. ഇപ്പോൾ ചിത്രങ്ങൾ, വീഡിയോകൾ, ടെക്സ്റ്റുകൾ എന്നിവയെല്ലാം ഉപയോക്താക്കൾക്ക് വ്യൂവൺസ് ഫീച്ചർ ഉപയോഗിച്ച് അയയ്ക്കാൻ സാധിക്കും. എന്നാൽ മൊബൈൽ ഉപയോക്താക്കൾക്ക് മാത്രമാണ് ഇത് സാധിക്കുക. ഡെസ്ക്ടോപ്പ് ചാറ്റുകളിൽ വ്യൂ വൺസ് ഫീച്ചർ ഇപ്പോൾ ഉപയോഗിക്കാനാകില്ല.
ഈ നിലയ്ക്ക് അധികം താമസിയാതെ മാറ്റം ഉണ്ടാകുമെന്നും ഇനി ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കും വ്യൂ വൺസ് ഫീച്ചറിലൂടെ തങ്ങളുടെ സ്വകാര്യത ഉറപ്പാക്കി ചിത്രങ്ങളും വീഡിയോകളും മറ്റും അയയ്ക്കാൻ സാധിക്കുമെന്നും വാബീറ്റഇൻഫോ പറയുന്നു. എന്തുകൊണ്ടാണ് വാട്സ്ആപ്പ് വെബ് പതിപ്പിൽ നിന്ന് ഈ ഫീച്ചർ കഴിഞ്ഞ വർഷം പിൻവലിച്ചത് എന്ന് വ്യക്തമല്ല.

എന്നാൽ, വ്യൂ വൺസ് ഫീച്ചറിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഈ ഫീച്ചർ വീണ്ടും ഡെസ്ക്ടോപ്പ് പതിപ്പിലേക്ക് അവതരിപ്പിക്കാൻ വാട്സ്ആപ്പ് തീരുമാനിച്ചിട്ടുണ്ട് എന്നത് നല്ല നീക്കമാണ്. സ്‌നാപ്ചാറ്റ് ഉപയോക്താക്കളെ പോലെ തന്നെ, വാട്സ്ആപ്പിന്റെ വ്യൂ വൺസ് ഫീച്ചർ സ്വീകർത്താവിന്റെ ഗാലറിയിൽ സേവ് ചെയ്യാതെ താൽക്കാലികമായി ചിത്രങ്ങളോ വീഡിയോകളോ അയയ്‌ക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.
പരിമിതമായ സമയത്തേക്ക് മാത്രമാണ് വ്യൂ വൺസ് ഫീച്ചർ വഴി അയയ്ക്കപ്പെടുന്ന സന്ദേശങ്ങൾ കാണാൻ സാധിക്കുക. സെൻസിറ്റീവ് അല്ലെങ്കിൽ രഹസ്യാത്മക വിവരങ്ങൾ പങ്കിടുന്നതിന് ഈ ഫീച്ചർ ഏറെ ഉപയോഗപ്രദമാണ്. അതിനാൽത്തന്നെ നിരവധി വാട്സ്ആപ്പ് ഉപയോക്താക്കൾ തങ്ങളുടെ സ്വകാര്യ ചാറ്റുകളിൽ ഈ ഫീച്ചർ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ഭൂരിഭാഗം ആളുകളും മൊബൈലിൽ ആണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത് എങ്കിലും, ഡെസ്ക്ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവരും കുറവല്ല. ലാപ്ടോപ്പ് ഉപയോഗിച്ചും മറ്റും ജോലി ചെയ്യുന്നവർ കൂടുതലും വാട്സ്ആപ്പ് വെബ് പതിപ്പിനെ ആശ്രയിക്കാറുണ്ട്. ജോലിക്കിടയിൽ തന്നെ വാട്സ്ആപ്പ് ഈസിയായി കൈകാര്യം ചെയ്യാൻ വെബ് പതിപ്പ് ഏറെ സഹായകമാണ്.

ഇപ്പോൾ വ്യൂ വൺസ് ഫീച്ചർ വീണ്ടും ഡെസ്ക്ടോപ്പ് പതിപ്പിലേക്ക് എത്തുന്നത് ഉപയോക്താക്കൾക്ക് തികച്ചും സൗകര്യപ്രദമാകും. വിൻഡോസിനും മാക് ഒഎസിനും വേണ്ടിയുള്ള വാട്സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകളിൽ ഫോട്ടോകൾക്കും വീഡിയോകൾക്കുമുള്ള വ്യൂ വൺ ഫീച്ചർ വാട്‌സ്ആപ്പ് ഇപ്പോൾ വീണ്ടും പ്രവർത്തനക്ഷമമാക്കിയതായാണ് വാബീറ്റഇൻഫോ പറയുന്നത്. സ്വീകർത്താവ് ഒരിക്കൽ കണ്ടതിന് ശേഷം സന്ദേശം അപ്രത്യക്ഷമാകുന്ന ഫീച്ചർ ഉപയോഗിക്കാൻ ഇത് അനുവദിക്കുന്നു.
വിൻഡോസിനായുള്ള വാട്‌സ്ആപ്പിലെ ഡ്രോയിംഗ് എഡിറ്ററിന്റെ ക്യാപ്ഷൻ ബാറിൽ വ്യൂ വൺസ് ഫീച്ചർ എനേബിൾ ചെയ്യാം. വ്യൂ വൺസ് ഫീച്ചർ ഉപയോഗിക്കുമ്പോൾ, അയച്ച ഫോട്ടോകളും വീഡിയോകളും ഫോർവേഡ് ചെയ്യാനോ സംരക്ഷിക്കാനോ ഷെയർ ചെയ്യാനോ കഴിയില്ല. അയച്ച് 14 ദിവസത്തിന് അകം തുറന്നില്ലെങ്കിൽ ഇത്തരം സന്ദേശങ്ങൾ സ്വയം അപ്രത്യക്ഷമാകും.


Click it and Unblock the Notifications








