ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ ഗൂഗിൾ നീക്കം ചെയ്യും; അക്കൗണ്ട് സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ അറിയൂ
ഇന്റർനെറ്റ് ലോകത്തെ നമ്മുടെ വിലാസമാണ് മെയിൽ ഐഡികൾ. ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഇമെയിൽ സംവിധാനങ്ങളിൽ ഒന്നാണ് ഗൂഗിൾ മെയിൽ അഥവാ ജി-മെയിൽ. സ്മാർട്ട്ഫോണുകളുടെ ഉപയോഗം വ്യാപകമായ ഇക്കാലത്ത് ജിമെയിൽ അക്കൗണ്ട് ഇല്ലാത്തവരായി അധികം പേർ ഉണ്ടാകില്ല. പലർക്കും ഒന്നിലധികം ജിമെയിൽ അക്കൗണ്ടുകൾ ഉണ്ട്താനും
ഇങ്ങനെയുള്ള ഒന്നിലധികം ജിമെയിൽ അക്കൗണ്ടുകളും ചിലപ്പോൾ നാം ഏറെ നാളായി ഉപയോഗിക്കുന്നുണ്ടാവില്ല. എങ്കിലും അവ എപ്പോൾ വേണമെങ്കിലും പുനരുപയോഗിച്ച് തുടങ്ങാൻ സാധിക്കുമായിരുന്നു. എന്നാൽ ഇനി അധികനാൾ ആ സൗകര്യം ഉണ്ടാകില്ല. നിഷ്ക്രിയ ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാനാണ് ഗൂഗിളിന്റെ പുതിയ തീരുമാനം.

നിങ്ങൾക്ക് ജിമെയിൽ അക്കൗണ്ട് ഉണ്ടെങ്കിലും രണ്ട് വർഷത്തിലേറെയായി അത് ഉപയോഗിക്കുന്നില്ലെങ്കിൽ മാത്രമാണ് ഗൂഗിൾ ആ അക്കൗണ്ട് നീക്കം ചെയ്യുക. നിഷ്‌ക്രിയ അക്കൗണ്ടുകൾ നീക്കം ചെയ്യുന്ന നയങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരു അപ്‌ഡേറ്റ് ഗൂഗിൾ പ്രഖ്യാപിച്ചു. ഓരോ 24 മാസത്തിലും ഒരിക്കലെങ്കിലും അവരുടെ പഴയ ഗൂഗിൾ അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യാനും എന്തെങ്കിലും സേവനങ്ങൾ ഉപയോഗിക്കാനും കമ്പനി അഭ്യർത്ഥിച്ചു.
മുമ്പ്, രണ്ട് വർഷമായി പ്രവർത്തിപ്പിക്കാത്ത അക്കൗണ്ടുകളിൽ സംഭരിച്ചിരിക്കുന്ന ഡാറ്റ നീക്കം ചെയ്യുന്ന നയമാണ് ഗൂഗിൾ പിന്തുടർന്നിരുന്നത്. എന്നാലിപ്പോൾ ഡാറ്റ നീക്കം ചെയ്യുമെന്ന് മാത്രമല്ല അക്കൗണ്ട് തന്നെ ഇല്ലാതാക്കും എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഈ വർഷം ഡിസംബർ വരെ പുതിയനയം പ്രാബല്യത്തിൽ വരില്ല. ജിമെയിൽ ഏറെനാളായി ഉപയോഗിക്കാത്തവർക്ക് പഴയ അക്കൗണ്ട് വീണ്ടെടുക്കാൻ ഇനിയും സമയമുണ്ടെന്നാണ് ഇതിനർത്ഥം.

നമ്മുടെ പല ഡോക്യുമെന്റുകളും ചിത്രങ്ങളും സർട്ടിഫിക്കറ്റുകളും അടക്കം നിർണായകവും പ്രധാനപ്പെട്ടതുമായ നിരവധി വിവരങ്ങൾ ജിമെയിലിലും അതുമായി ബന്ധപ്പെട്ട് നിൽക്കുന്ന മറ്റ് ഗൂഗിൾ സേവനങ്ങളിലുമൊക്കെ സേവ് ചെയ്തിട്ടുണ്ടാകും. എന്നാൽ നിഷ്ക്രിയ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതോടെ ഈ വിവരങ്ങൾ പൂർണമായും നഷ്ടമാകും അതോടൊപ്പം തന്ന അക്കൗണ്ടും നഷ്ടമാകും.
അക്കൗണ്ട് നീക്കം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടങ്ങൾ ഒഴിവാക്കാൻ പഴയ അക്കൗണ്ടുകൾ വീണ്ടും ഒരു തവണയെങ്കിലും ഉപയോഗിക്കേണ്ടതുണ്ട്. പല ആവശ്യങ്ങൾക്കും നാം നൽകിയിട്ടുണ്ടാകുക ചിലപ്പോൾ പഴയ ജിമെയിൽ ഐഡി ആയിരിക്കാം. അവ നഷ്ടപ്പെടുന്നത് പിന്നീട് ഏറെ ബുദ്ധിമുട്ട് വരുത്തിവയ്ക്കാൻ സാധ്യതയുണ്ട്. ഉപയോക്താക്കളെ അവരുടെ പഴയ ലോഗിൻ വിവരങ്ങൾ വീണ്ടെടുക്കാൻ ഗൂഗിൾ പ്രോത്സാഹിപ്പിക്കുന്നു.
''ഞങ്ങളുടെ ഉൽപ്പന്നങ്ങളിലുടനീളം ഗൂഗിൾ അക്കൗണ്ടുകൾക്കായുള്ള നിഷ്‌ക്രിയത്വനയം 2 വർഷത്തേക്ക് അപ്‌ഡേറ്റ് ചെയ്യുന്നു. ഈ വർഷാവസാനം മുതൽ, ഒരു ഗൂഗിൾ അക്കൗണ്ട് കുറഞ്ഞത് 2 വർഷമായി ഉപയോഗിക്കുകയോ സൈൻ ഇൻ ചെയ്യുകയോ ചെയ്‌തിട്ടില്ലെങ്കിൽ, ഗൂഗിൾ വർക്ക് സ്പേസ്, ഗൂഗിൾ ഫോട്ടോസ്, യൂട്യൂബ് എന്നിവയ്‌ക്കുള്ളിലെ ഉള്ളടക്കം ഉൾപ്പെടെ, അക്കൗണ്ടും അതിലെ ഉള്ളടക്കങ്ങളും ഞങ്ങൾ ഇല്ലാതാക്കിയേക്കാ''മെന്നാണ് ഗൂഗിൾ അറിയിപ്പ്.

ജിമെയിൽ, ഡോക്‌സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ എന്നിവ അടങ്ങുന്നതാണ് ഗൂഗിൾ വർക്ക് സ്പേസ്. ജിമെയിൽ അക്കൗണ്ട് നീക്കം ചെയ്യുന്നതിലൂടെ ഈ സംവിധാനങ്ങളിൽ ശേഖരിച്ചിരിക്കുന്ന വിവരങ്ങളും നഷ്ടമാകും. തങ്ങളുടെ പുതിയ ബ്ലോഗ് പോസ്റ്റിലൂടെയാണ് ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകളുടെ നീക്കം സംബന്ധിച്ച് ഗൂഗിൾ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഇമെയിലുകൾ വായിക്കുകയോ അയയ്‌ക്കുകയോ ചെയ്യുക, ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുക, യൂട്യൂബ് വീഡിയോകൾ കാണുക, ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുക, സെർച്ചിങ് നടത്തുക, തേർഡ്പാർട്ടി ആപ്പുകൾ അല്ലെങ്കിൽ സേവനങ്ങൾക്കായി ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക എന്നിങ്ങനെയുള്ള വിവിധ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ഗൂഗിൾ അക്കൗണ്ട് ആക്‌റ്റിവിറ്റി അളക്കുക.
പുതിയ നയം നടപ്പിലാക്കുന്നതിന് മുമ്പുള്ള മാസങ്ങളിൽ ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് ഒന്നിലധികം അറിയിപ്പുകളും ബന്ധപ്പെട്ട ഏതെങ്കിലും റിക്കവറി ഇമെയിലും അയയ്‌ക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. പുതിയ നയംമാറ്റത്തെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുകയും പഴയ അക്കൗണ്ട് സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications








