പിന്നെയും ഹോട്ട്സ്റ്റാറിന് പണി കൊടുത്ത് ജിയോ; ഐപിഎല്ലിനൊപ്പം എച്ച്ബിഒ സിനിമകളും സീരീസുകളും ഇനി ജിയോസിനിമയിൽ
രാജ്യത്തെ ഒടിടി സ്ട്രീമിങ് രംഗത്തെ അതികായർ ആരെന്ന് ചോദിച്ചാൽ കുറച്ച് നാൾ മുമ്പ് വരെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്ന് ഒറ്റയടിക്ക് പറയാൻ കഴിയുമായിരുന്നു. എന്നാൽ സംഭവം ഇപ്പോൾ അങ്ങനെയല്ല. ടെലിക്കോം രംഗം പിടിച്ചടക്കിയ ശേഷം ഒടിടിയിലേക്കും റിലയൻസും അംബാനിയും കണ്ണുവച്ചതോടെ കളിയാകെ മാറിപ്പോയെന്ന് പറയാം (JioCinema).
ഫുട്ബോൾ ലോകകപ്പിന്റെ ഇന്ത്യയിലെ ഒടിടി റൈറ്റ്സ് റിലയൻസിന്റെ വയാകോം18 (Viacom18) സ്വന്തമാക്കിയതോടെയാണ് ഒടിടി സ്ട്രീമിങ് വിപണിയിലെ സമവാക്യങ്ങൾ മാറിത്തുടങ്ങിയത്. പ്രശ്നങ്ങളും പരാതികളും ഒരുപാടുണ്ടായെങ്കിലും നല്ലൊരു ശതമാനം ഇന്ത്യക്കാരും ഫുട്ബോൾ ലോകകപ്പ് കണ്ടത് ജിയോസിനിമയിൽ തന്നെയാണ്. പിന്നാലെ ഐപിഎല്ലിന്റെ ഒടിടി റൈറ്റ്സും വയാകോം18 -ലൂടെ ജിയോസിനിമയിലേക്കെത്തി. നിലവിൽ പ്രത്യേകിച്ച് സബ്സ്ക്രിപ്ഷൻ ചാർജ് ഒന്നുമില്ലാത്തതും ഏത് നെറ്റ്വർക്കിലും ഉപയോഗിക്കാമെന്നതും ജിയോസിനിമ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിപ്പിച്ചെന്നാണ് വിലയിരുത്തൽ.

ഐപിഎൽ (IPL) മത്സരങ്ങളിൽ പ്രേക്ഷകരുടെ കാര്യത്തിൽ ജിയോസിനിമ റെക്കോർഡിടുന്നതും നാം കണ്ടതാണ്. ഇന്ത്യൻ ടീമിന്റെ അന്താരാഷ്ട്ര മത്സരങ്ങളുടെ ഒടിടി സംപ്രേഷണാവകാശം ഇപ്പോഴും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് തന്നെയാണ്. പക്ഷെ ഐപിഎൽ റൈറ്റ്സ് നഷ്ടമായത് സ്ഥാപനത്തെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ടെന്നും പറയാം. ജിയോസിനിമ ഉടൻ പെയ്ഡ് സർവീസ് ആകുമെന്നും റിപ്പോർട്ടുകളുണ്ട്. ഇനി പെയ്ഡ് സർവീസായാലും നെറ്റ്ഫ്ലിക്സിനും ഹോട്ട്സ്റ്റാറിനും ആമസോൺ പ്രൈമിനുമൊന്നും നൽകേണ്ടി വരുന്നയത്രയും തുക "ആദ്യഘട്ടത്തിൽ" അംബാനി ഈടാക്കാൻ പോകുന്നില്ല.
കാര്യങ്ങൾ അങ്ങനെയൊക്കെയിരിക്കെയാണ് ജിയോയുടെ പുതിയ നീക്കവും പുറത്ത് വരുന്നത്. HBO നെറ്റ്വർക്കിൽ നിന്നുള്ള സിനിമകളും സീരീസുകളും എല്ലാം ഇനി മുതൽ ജിയോസിനിമയിലൂടെയാകും ഇന്ത്യയിൽ സംപ്രേഷണം ചെയ്യുക. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വയാകോമും Warner Bros. Discovery-ും ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. മാർച്ച് 31 കഴിഞ്ഞതോടെ എച്ച്ബിഒ പ്രോഗ്രാമുകളും സിനിമകളുമൊക്കെ ഹോട്ട്സ്റ്റാറിൽ നിന്നും നീക്കം ചെയ്തിരുന്നു. കരാർ തുക സംബന്ധിച്ച തർക്കമാണ് കരാറിൽ നിന്നും പിന്നോട്ട് പോകാൻ ഡിസ്നി ഹോട്ട്സ്റ്റാറിനെ പ്രേരിപ്പിച്ചത്.
ഇതിന് പിന്നാലെയാണ് സംപ്രേഷണാവകാശം റിലയൻസ് സ്വന്തമാക്കുന്നത്. ഐപിഎൽ അവകാശം നഷ്ടമായതിന് ശേഷം ഉടൻ തന്നെ എച്ച്ബിഒ കണ്ടന്റും കൈവിട്ട് പോകുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് വലിയൊരു ക്ഷീണം തന്നെയാണ്. ഒൺലൈൻ സ്ട്രീമിങ് രംഗത്തെ എണ്ണം പറഞ്ഞ സീരീസുകളും സിനിമകളും കൈവരുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്ഫോം ആയി മാറാനുള്ള അവസരമാണ് ജിയോസിനിമയ്ക്ക് ലഭിക്കുന്നത്. കുറഞ്ഞ നിരക്കിൽ ഒടിടി സേവനങ്ങൾ നൽകാൻ കൂടി സാധിച്ചാൽ പിന്നെ തിരിഞ്ഞു നോക്കേണ്ടിയും വരില്ല.
ഇതുവരെ ഹോട്ട്സ്റ്റാറിൽ മാത്രം ലഭിച്ചിരുന്ന എച്ച്ബിഒ സീരീസുകളും സിനിമകളും ഡോക്യുമെന്ററികളുമൊക്കെ മെയ് മാസം മുതൽ ജിയോസിനിമയിൽ ലഭ്യമാകും. ഹൗസ് ഓഫ് ദ ഡ്രാഗൺ, ദ ലാസ്റ്റ് ഓഫ് അസ്, സക്‌സെഷൻ, ദി വൈറ്റ് ലോട്ടസ് തുടങ്ങിയ വിഖ്യാത എച്ച്ബിഒ സീരീസുകളും ഇനിയുള്ള സീസണുകളും ട്രൂ ഡിറ്റക്റ്റീവ് : നൈറ്റ് കൺട്രി, യൂഫോറിയ, വിന്നിങ് ടൈം: ദി റൈസ് എന്നിവയുടെയൊക്കെ റിട്ടേണിങ് സീസണുകളും ഈ കരാറിന്റെ ഭാഗമാണ്.
ഐഡൽ, വൈറ്റ് ഹൌസ് പ്ലംബേഴ്സ് തുടങ്ങിയ എച്ച്ബിഒ ഒറിജിനൽ ഷോകൾ, ഗെയിം ഓഫ് ത്രോൺസും ചെർണോബിലും പോലെയുള്ള എക്കാലത്തെയും മികച്ച സീരീസുകളും ഡോക്യമെന്ററികളും, പീസ്മേക്കർ, ഫ്ലൈറ്റ് അറ്റൻഡന്റ് മുതലായ മാക്സ് ഒറിജിനൽ സീരീസുകൾ, വാർണർ ബ്രദേഴ്സ് ടെലിവിഷൻ ഷോകൾ, വാർണർ ബ്രോസ്. ബ്ലോക്ക്ബസ്റ്റർ സിനിമകൾ എന്നിങ്ങനെ വിശാലമായ സിനിമ, സീരീസ്, കാർട്ടൂൺ ലൈബ്രറിയാണ് ജിയോസിനിമയിൽ ലഭ്യമാകാൻ പോകുന്നത്.


Click it and Unblock the Notifications








