വാട്സ്ആപ്പ് ഇനി നാണം കെടുത്തില്ല, ഞെട്ടിക്കുന്നതൊന്നും 'കേൾക്കേണ്ട'! വരുന്നുണ്ട് കിടിലൻ ഫീച്ചർ

വാട്സ്ആപ്പിനെ ഇഷ്ടപ്പെടുന്ന അത്രയും മറ്റൊരു ആപ്പിനെയും ഇന്ത്യക്കാർ ഇഷ്ടപ്പെടുന്നില്ല. സ്മാർട്ട്ഫോൺ നമുക്ക് എത്രമാത്രം പ്രിയപ്പെട്ടതാണോ അതുപോലെ തന്നെ പ്രിയപ്പെട്ടതാണ് വാട്സ്ആപ്പും. സന്ദേശമയയ്ക്കാം എന്നതിലുപരിയായി നൽകുന്ന മികച്ച സേവനങ്ങളാണ് വാട്സ്ആപ്പിനെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ആപ്പായി നിലനിർത്തുന്നത് എന്ന് നാം മുൻപ് പലതവണ പറഞ്ഞിട്ടുണ്ട്. ഉപയോക്താക്കൾക്കായി പുതിയ പുതിയ ഫീച്ചറുകൾ തയാറാക്കുന്നതിൽ വാട്സ്ആപ്പ് പുലർത്തുന്ന കാര്യക്ഷമതയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. പോരായ്മകൾ പരിഹരിക്കാനും കാലത്തിനൊത്ത മാറ്റങ്ങൾ ഉൾക്കൊള്ളാനും ഭാവിയിലേക്ക് ഉപകരപ്പെടുന്ന ടെക്നോളജികൾ ആളുകളിലേക്ക് എത്തിക്കാനുമെല്ലാം വാട്സ്ആപ്പ് പരമാവധി ശ്രമിച്ച് വരുന്നുണ്ട്. ഇപ്പോൾ ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്ന പുതിയൊരു ഫീച്ചർ വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് വാട്സ്ആപ്പ്. വോയ്സ് മെസേജുമായി ബന്ധപ്പെട്ടാണ് ഈ പുതിയ ഫീച്ചർ തയാറാകുന്നത്. സംഭവം എത്തിയാൽ അത് ഏറെ പ്രയോജനപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.
ടൈപ്പ് ചെയ്യാൻ മടിയുള്ളവർ
ടൈപ്പ് ചെയ്യാൻ മടിയുള്ളവർ ധാരാളമുണ്ട്. അത്തരം ആളുകൾ വോയ്സ് മെസേജുകളാണ് കൂടുതലായും ചാറ്റിങ്ങിന് ഉപയോഗിക്കുന്നത്. വോയ്സ് മെസേജ് ഫീച്ചർ ഏറെ മികച്ച സംവിധാനം തന്നെയാണ് എന്നതിൽ തർക്കമില്ല. എന്നാൽ ചിലർ ദീർഘനേരം നീണ്ടുനിൽക്കുന്ന വോയിസ് മെസേജുകൾ അയയ്ക്കാറുണ്ട്. ഇത് ഏറെ നേരം കേൾക്കുക എന്നത് പലർക്കും താൽപര്യമില്ലാത്ത കാര്യമാണ്. ആ മെസേജിൽ എന്തെങ്കിലും പ്രധാനപ്പെട്ട കാര്യം പറയുന്നുണ്ടോ എന്ന് അറിയണമെങ്കിൽ കുത്തിയിരുന്ന് അതുമുഴുവൻ കേൾക്കേണ്ടിവരും. മാത്രമല്ല, ഹെഡ്ഫോൺ എടുക്കാൻ മറന്നെങ്കിൽ വോയിസ് മെസേജുകൾ പൊതു സ്ഥലങ്ങളിൽ ഓപ്പൺ ചെയ്യാൻ അൽപ്പം പേടിക്കേണ്ടിയുമിരിക്കുന്നു.

സ്വകാര്യ മെസേജുകൾ
ചിലപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ടവർ അയയ്ക്കുന്ന സ്വകാര്യ മെസേജുകളും സുഹൃത്തുക്കൾ തമാശയ്ക്കും മറ്റും അയയ്ക്കുന്ന വിവിധ വോയ്സ് മെസേജുകളും ഒക്കെ പരസ്യമായി പ്ലേ ചെയ്താൽ പലരും നാണം കെടും എന്നുള്ളത് തർക്കമില്ലാത്ത കാര്യമാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ചില പോം വഴികൾ ഇപ്പോൾ വാട്സ്ആപ്പ് നൽകുന്നുണ്ട്. നീണ്ട വോയ്സ് മെസേജുകൾ വേഗത്തിൽ ഓടിച്ചുകേൾക്കാൻ വിവിധ സ്പീഡുകളിൽ അവ പ്ലേ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. കൂടാതെ ഹെഡ്ഫോൺ ഇല്ലെങ്കിലും വോയിസ് മെസേജ് പ്ലേ ചെയ്ത് ചെവിയിൽ വച്ചാൽ ഫോൺ വിളിക്കുമ്പോൾ മറുഭാഗത്തുള്ള ആൾ സംസാരിക്കും പോലെ മെസേജ് കേൾക്കാനുള്ള സൗകര്യവുമൊക്കെയുണ്ട്. എന്നാൽ ഇവയ്ക്കൊക്കെ ചില പോരായ്മകളും ഉണ്ട്. അതിനാൽ വോയ്സ് മെസേജുമായി ബന്ധപ്പെട്ട് മറ്റൊരു ഉഗ്രൻ ഫീച്ചർ കൊണ്ടുവരാൻ വാട്സ്ആപ്പ് ഇപ്പോൾ തയാറെടുക്കുന്നു എന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്.
ശബ്ദം അക്ഷരങ്ങളായി മാറുന്നു
വോയ്സ് മെസേജുകൾ എഴുത്ത്(ടെക്സ്റ്റ്) രൂപത്തിലേക്ക് മാറ്റുന്ന പുതിയ ഓഡിയോ ട്രാൻസ്ക്രിപ്ഷൻ ഫീച്ചർ ആണ് വാട്സ്ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. വോയ്സ് മെസേജുകൾ ഉപയോക്താവ് തെരഞ്ഞെടുത്ത് നൽകുന്ന ഭാഷയിൽ വായിക്കാൻ സാധിക്കുന്ന രൂപത്തിലേക്ക് മാറ്റാൻ ഈ ഫീച്ചറിന് കഴിയും. നിലവിൽ ഗൂഗിൾ കീബോർഡിലും മറ്റും വോയ്സ് ഉയോഗിച്ച് ടെക്സ്റ്റ് ഉണ്ടാക്കാൻ കഴിയും. നാം പറയുന്ന കാര്യങ്ങൾ എഴുത്തുരൂപത്തിൽ ഓട്ടോമാറ്റിക്കായി നമ്മുടെ ഭാഷയിൽ ലഭ്യമാക്കുകയാണ് ഈ സംവിധാനത്തിലൂടെ ചെയ്യുന്നത്. ഏതാണ്ട് അതുപോലെ തന്നെ ഇനി വാട്സ്ആപ്പിൽ എത്തുന്ന വോയ്സ് മെസേജുകൾ ട്രാസ്ക്രിപ്ഷൻ ഫീച്ചറിലൂടെ എഴുത്തുകളായി മാറ്റാൻ നമുക്ക് സാധിക്കും എന്നാണ് റിപ്പോർട്ട്.

ഭാഷ തിരഞ്ഞെടുക്കണം
വാട്സ്ആപ്പ് ഐഒഎസ് ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ (23.3.0.73) ഓഡിയോ സന്ദേശങ്ങൾക്കായി ഒരു ട്രാൻസ്ക്രിപ്ഷൻ ഫീച്ചർ അവതരിപ്പിച്ചതായി വാബീറ്റ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. അതിനാൽത്തന്നെ എപ്പോഴാണ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഈ ഫീച്ചർ പുറത്തിറങ്ങുക എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. നിരവധി ഭാഷകളെ പിന്തുണയ്ക്കുന്നതാകും പുതിയ വാട്സ്ആപ്പ് ട്രാൻസ്ക്രിപ്ഷൻ ഫീച്ചർ എന്നാണ് വിലയിരുത്തൽ. ഈ ഫീച്ചർ ലഭ്യമാകാൻ ഉപയോക്താവ് തന്റെ ഭാഷ തെരഞ്ഞെടുത്ത് നൽകേണ്ടതുണ്ട്. ആദ്യഘട്ടത്തിൽ, ശബ്ദ സന്ദേശം ഏതുഭാഷയിലാണോ ആ ഭാഷതന്നെ ഉപയോക്താവ് തിരഞ്ഞെടുത്ത് നൽകേണ്ടിവരും എന്നാണ് സൂചന. അതായത് ഇംഗ്ലീഷിൽ ഉള്ള ഒരു വോയ്സ് മെസേജ് മലയാളത്തിൽ കാണണം എന്നു പറഞ്ഞാൽ നടക്കില്ല. മലയാളത്തിലുള്ള വോയ്സ് സന്ദേശം മലയാളത്തിൽ വായിക്കാൻ പറ്റുന്ന രൂപത്തിലേക്ക് മാറ്റാം. ഭാവിയിൽ ചിലപ്പോൾ മൊഴിമാറ്റം അടക്കമുള്ള സൗകര്യങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടേക്കാം.
സാധ്യതകൾ ഏറെ
പുതിയ വാട്സ്ആപ്പ് വോയ്സ് എൻക്രിപ്ഷൻ ഫീച്ചറിന്റെ സാധ്യതകൾ അനന്തമാണ് എന്നാണ് വിലയിരുത്തൽ. എഴുതാൻ മടിയുള്ള ആളുകൾക്ക് എഴുത്ത് വേഗത്തിലാക്കാൻ പറയാനുള്ള കാര്യങ്ങൾ വോയ്സ്മെസേജ് ആക്കിയാൽ മതി എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയേക്കാം. അത് ഏറെ പേർക്ക് ഉപകാരപ്പെടും. നാം പറയുന്ന കാര്യങ്ങൾ ഒരാൾ കേട്ടെഴുതുന്നപോലെ എളുപ്പമുള്ള ഒരു പരിപാടി. പക്ഷേ നമ്മുടെ ഭാഷാപരമായ പ്രശ്നങ്ങൾ കാരണം എല്ലാ വാക്കും കൃത്യമായി ലഭിക്കണമെന്നില്ല. അതിനാൽ ഇങ്ങനെ ലഭിക്കുന്ന സന്ദേശം എത്രത്തോളം കൃത്യമായിരിക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. കൃത്യവും വ്യക്തവുമായ വോയ്സ് ആണെങ്കിൽ മാത്രമാകും കൃത്യമായ ടെക്സ്റ്റ് ലഭിക്കു. വാട്സ്ആപ്പ് ഈ ഫീച്ചർ പുറത്തിറക്കിയാൽ മാത്രമേ അതിന്റെ കൃത്യത വ്യക്യതമായി വിലയിരുത്താൻ സാധിക്കൂ. എന്ത് പോരായ്മ ഉണ്ടെങ്കിലും നിരവധി പേർക്ക് ഏറെ ഉപകാരപ്പെടുന്ന ഫീച്ചറാകും വോയ്സ് എൻക്രിപ്ഷൻ എന്ന കാര്യത്തിൽ സംശയമില്ല.


Click it and Unblock the Notifications