15 മിനിറ്റ് സമയം തരും! അയച്ച മെസേജിലെ തെറ്റ് തിരുത്താനുള്ള ഫീച്ചർ വാട്സ്ആപ്പ് വെബ്ബിൽ എത്തി
തങ്ങളുടെ ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം എപ്പോഴും ലഭ്യമാക്കണം എന്ന് ആഗ്രഹിക്കുന്ന സ്ഥാപനമാണ് വാട്സ്ആപ്പ്. എപ്പോഴും ഉപയോക്താക്കൾക്കായുള്ള എന്തെങ്കിലുമൊക്കെ ഫീച്ചറുകൾ വാട്സ്ആപ്പിന്റെ ഗവേഷണശാലയിൽ തയാറാകുന്നുണ്ടാകും. പുതിയ ഫീച്ചറുകളിലൂടെ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തന്നെ ഉപയോഗം കൂടുതൽ എളുപ്പമാക്കുന്നതിനും വാട്സ്ആപ്പ് എപ്പോഴും മുൻതൂക്കം നൽകാറുണ്ട്.
വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാട്സ്ആപ്പ് ഫീച്ചറുകളെക്കുറിച്ച് ഇടയ്ക്ക ചില റിപ്പോർട്ടുകളിലൂടെ ഉപയോക്താക്കൾ അറിയാറുണ്ട്. വാട്സ്ആപ്പ് നടത്തിക്കൊണ്ടിരിക്കുന്ന പല ഗവേഷണങ്ങളുടെയും ഫീച്ചർ വികസനത്തിന്റെയുമൊക്കെ വിവരങ്ങൾ വാബീറ്റ ഇൻഫോ പലപ്പോഴും റിപ്പോർട്ട് ചെയ്യാറുമുണ്ട്. അങ്ങനെ ഒരു റിപ്പോർട്ടിലൂടെ അടുത്തിടെ വർഷം അറിഞ്ഞ വാട്സ്ആപ്പ് ഫീച്ചറുകളിലൊന്നാണ് എഡിറ്റ് മെസേജ് എന്നത്.

ഒരിക്കൽ അയച്ച മെസേജ് തെറ്റിപ്പോയാൽ അത് ഡിലീറ്റ് ചെയ്യാതെ പകരം ആ മെസേജ് തന്നെ എഡിറ്റ് ചെയ്യാൻ സാധിക്കുന്ന ഫീച്ചർ വാട്സ്ആപ്പ് തയാറാക്കുന്നതായി വാബീറ്റ ഇൻഫോ ഈ വർഷത്തിന്റെ തുടക്ക സമയത്ത് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. അന്നുതൊട്ട് വാട്സ്ആപ്പ് ഉപയോക്താക്കൾ ആ ഫീച്ചറിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു.
കേൾക്കുമ്പോൾ അൽപ്പം അതിശയോക്തിപരമായി തോന്നുമെങ്കിലും ഈ ഫീച്ചറിനായി ആളുകൾ ശരിക്കും വാർത്ത വന്ന അന്നുമുതൽ കാത്തിരിക്കുന്നുണ്ടായിരുന്നു എന്നതാണ് വാസ്തവം. കാരണം വാട്സ്ആപ്പ് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം അതിവേഗം ടൈപ്പ് ചെയ്യുന്നതിനിടയിൽ പലപ്പോഴും അക്ഷരത്തെറ്റുകൾ കടന്നുകൂടാറുണ്ട്. അയച്ച ശേഷമായിരിക്കും പലരും അത് കാണുക. തുടർന്ന് അത് ഡിലീറ്റ് ചെയ്തശേഷം വീണ്ടും അയയ്ക്കുന്നു.

അതല്ലെങ്കിൽ അയച്ച മെസേജിനെ ടാഗ് ചെയ്തുകൊണ്ട് തെറ്റ് തിരുത്തി മറ്റൊരു മെസേജ് കൂടി അയയ്ക്കുന്നു. വാട്സ്ആപ്പ് മെസേജ് അയയ്ക്കുന്നതിനിടയിൽ തെറ്റുപറ്റാത്തവരായി അധികമാരും ഉണ്ടാകാൻ സാധ്യതയില്ല. ഇന്ത്യക്കാരുടെ കാര്യമെടുത്താൽ അവർക്ക് വാട്സ്ആപ്പ് വെറുമൊരു മെസേജിങ് ആപ്പ് അല്ല, എല്ലാം നിയന്തിക്കുന്ന റിമോർട്ട് കൺട്രോളാണ്.
ബാങ്കിങ്, ബിസിനസ്, ടിക്കറ്റ് ബുക്കിങ്, വീഡിയോ- ഓഡിയോ കോളിങ് തുടങ്ങി വാട്സ്ആപ്പ് ഉപയോഗങ്ങളുടെ ലിസ്റ്റ് നീണ്ടതാണ്. അങ്ങനെയുള്ള വാട്സ്ആപ്പിൽ തെറ്റുതിരുത്തൽ ഫീച്ചർ വരുന്നത് ഉപയോക്താക്കൾക്ക് ഏറെ ഗുണം ചെയ്യും. എന്നാൽ ഇപ്പോൾ വാട്സ്ആപ്പ് വെബ് ഉപയോക്താക്കൾക്കായാണ് ഈ എഡിറ്റ് മെസേജ് ഫീച്ചറിന്റെ ബീറ്റ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
വാട്സ്ആപ്പിന്റെ ബീറ്റ പതിപ്പിലേക്ക് ആക്‌സസ് ഉള്ള തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ ലഭ്യമാണ്. ഏത് ടെക്‌സ്‌റ്റ് സന്ദേശത്തിനും മെനു ഓപ്‌ഷനുകളിൽ നിന്ന് എഡിറ്റ് ഫീച്ചർ ആക്‌സസ് ചെയ്യാൻ കഴിയും. എഡിറ്റ് ചെയ്ത സന്ദേശങ്ങൾ ചാറ്റിലുള്ള വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്ന ആളുകൾക്ക് മാത്രമേ ലഭ്യമാകൂ.
ഉപയോക്താക്കൾ എഡിറ്റ് ഓപ്‌ഷൻ തിരഞ്ഞെടുക്കുമ്പോൾ, ഒരു പുതിയ വിൻഡോ ഓപ്പണായി സന്ദേശം എഡിറ്റ് ചെയ്യാൻ ആവശ്യപ്പെടും. ഒന്നിലധികം തവണ സന്ദേശം എഡിറ്റ് ചെയ്യാൻ സാധിക്കുമെങ്കിലും 15 മിനിറ്റ് നേരത്തേക്ക് മാത്രമാണ് എഡിറ്റ് ഓപ്ഷൻ ലഭ്യമാകുക. അതുകഴിഞ്ഞാൽ സന്ദേശം എഡിറ്റ് ചെയ്യാൻ സാധിക്കില്ല.
ചാറ്റിലെ തെറ്റുതിരുത്തുക എന്നത് മാത്രമാണ് പുതിയ ഫീച്ചറിന്റെ ലക്ഷ്യം. എഡിറ്റ് ചെയ്യാൻ കൂടുതൽ സമയം നൽകിയാൽ അത് വാട്സ്ആപ്പ് മെസേജുകളുടെ ആധികാരികതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തും എന്ന് വാട്സ്ആപ്പ് കണക്കുകൂട്ടുന്നു. അതിനാലാണ് മെസേജ് എഡിറ്റ് ചെയ്യാനുള്ള സമയം 15 മിനിറ്റ് ആയി നിജപ്പെടുത്തിയിരിക്കുന്നത്.

വാട്ട്‌സ്ആപ്പിൽ അയച്ച സന്ദേശങ്ങൾ എങ്ങനെ എഡിറ്റ് ചെയ്യാം: ആദ്യം എഡിറ്റ് ചെയ്യേണ്ട വാട്സ്ആപ്പ് സന്ദേശം എടുക്കുക. തുടർന്ന് അതിൽ ടാപ്പ് ചെയ്ത് പിടിക്കുക. ശേഷം മെനുവിൽ നിന്ന് എഡിറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് ആവശ്യമായ മാറ്റങ്ങൾ വരുത്തിയശേഷം 'ഡൺ' എന്നതിൽ ക്ലിക്ക് ചെയ്യുക. അതോടെ പഴയ മെസേജിന്റെ സ്ഥാനത്ത് എഡിറ്റ് ചെയ്ത മെസേജ് ദൃശ്യമാകും.
എഡിറ്റ് മെസേജ് ഫീച്ചർ നിലവിൽ വാട്സ്ആപ്പ് വെബ് ബീറ്റ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ എങ്കിലും അധികം വൈകാതെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലേക്കും എത്തും. ഗൂഗിൾ പ്ലേ സ്റ്റോറിലെ ആൻഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ 2.23.10.10 അപ്‌ഡേറ്റ് സൂചിപ്പിക്കുന്നത് ഫീച്ചറിന്റെ ഔദ്യോഗിക ലോഞ്ചിന് മുമ്പുള്ള അവസാന ഘട്ടമാണിത് എന്നാണ്.


Click it and Unblock the Notifications








