ബിലാൽ പഴയ ബിലാൽ ആയിരിക്കാം, പക്ഷെ വാട്സ്ആപ്പ് അല്ല; പുതിയതായി എത്തിയത് ഏഴോളം ഫീച്ചറുകൾ, കൂടുതൽ അറിയാം...
മാറ്റം എന്നത് കാലഘട്ടത്തിന്റെ ആവിശ്യം ആണെന്നല്ലെ പൊതുവേ പറയാറ്. പ്രപഞ്ചത്തിലുള്ള എല്ലാത്തിനും ഇത്തരത്തിൽ കാലാനുസൃതമായി മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേ ഇരിക്കും. ഇലക്ട്രോണിക് ഗാഡ്ജറ്റുകളിലും ആപ്പുകളിലും എല്ലാം ഈ മാറ്റം നമ്മുക്ക് കാണാൻ സാധിക്കുന്നതാണ്. 10 വർഷം മുമ്പ് ഉപയോഗിച്ച ഫോണുകളുടെ സൗകര്യം ആണോ ഇപ്പോൾ ഉള്ള ഫോണുകൾക്ക്?
അല്ലല്ലോ അപ്പോൾ കാലം മാറുമ്പോൾ എല്ലാത്തിനും മാറ്റം സംഭവിച്ചുകൊണ്ടേ ഇരിക്കും. ഇത്തരത്തിൽ അടിമുടി മാറ്റം അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ജനപ്രിയ മെസേജിങ് ആപ്പായ വാട്സ്ആപ്പ്. അടുത്ത കാലത്ത് പ്രധാനമായും ഏഴോളം ഫീച്ചറുകളാണ് വാട്സ്ആപ്പ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചത്. വാട്സ്ആപ്പ് ഉപയോഗിക്കുന്ന ഉപഭോക്താക്കളെ കാലാനുസൃതമായ മാറ്റത്തിന് സൗകര്യം ഒരുക്കിയിരിക്കുകയാണ് വാട്സ്ആപ്പ്. മാത്രമല്ല പുതിയ ഒരു അനുഭവം നൽകാനും ഈ മാറ്റങ്ങൾ സഹായിക്കുന്നതാണ്.

ചാറ്റ് ലോക്ക്, എഡിറ്റ് ബട്ടൺ, എച്ച്ഡി ഫോട്ടോ അയക്കൽ, സ്‌ക്രീൻ പങ്കിടൽ, ഇൻസ്റ്റന്റ് വീഡിയോ സന്ദേശം തുടങ്ങി ഏഴോളം പ്രധാന മാറ്റങ്ങളാണ് ഈ വർഷം മാത്രം വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇവയെല്ലാം എന്തെല്ലാം മാറ്റങ്ങളാണ് അല്ലെങ്കിൽ ഉപഭോക്താക്കൾക്ക് എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് വിശദമായി പരിശോധിക്കാം. ആദ്യമായി കൂടുതൽ സ്വകാര്യത ലഭ്യമാക്കുന്ന ചാറ്റ്ലോക്ക് എന്ന ഫീച്ചർ തന്നെ പരിജയപ്പെടാം.
നിങ്ങൾക്ക് സ്വകാര്യത സൂക്ഷിക്കേണ്ട ചാറ്റുകളെ ഈ ഫീച്ചറിന് കീഴെ കൊണ്ടുവന്നാൽ പിന്നെ നിങ്ങളുടെ അനുവാദം ഇല്ലാതെ മറ്റാർക്കും ഈ മെസേജുകൾ കാണാൻ സാധിക്കില്ല. ഇതിനായി ആളുകൾ ചാറ്റിന്റെ പ്രൊഫൈൽ വിഭാഗത്തിലേക്ക് പോയി ചാറ്റ് ലോക്ക് ഫീച്ചറിൽ ടാപ്പ് ചെയ്താൽ മാത്രം മതി. ലോക്ക് ചെയ്‌ത എല്ലാ ചാറ്റുകളും സ്‌ക്രീനിന്റെ മുകളിൽ ദൃശ്യമാകുന്ന ഒരു ഫോൾഡറിലേക്ക് ചേർക്കപ്പെടുന്നതാണ്.

മറ്റൊരു പുതിയ ഫീച്ചറാണ് ഫോട്ടോകളുടെ എച്ച്ഡി ഗുണനിലവാരം. വാട്സ്ആപ്പിൽ ഫോട്ടോ ഷെയർ ചെയ്യുമ്പോൾ ക്ലാരിറ്റി കുറയുന്നു എന്നത് ഭൂരിഭാഗം ഉപഭോക്താക്കളുടെ പരാതിയായിരുന്നു. ഇതിന് പരിഹാരമായിട്ടാണ് വാട്സ്ആപ്പ് ഈ ഫീച്ചർ അവതരിപ്പിച്ചത്. ഇതിലൂടെ ഉയർന്ന നിലവാരം ഉള്ള ഫോട്ടോ ഇപ്പോൾ ഉപഭോക്താക്കൾക്ക് അയക്കാവുന്നതാണ്. ഈ ഫീച്ചർ ഉപയോഗിച്ച് അയച്ചാൽ മാത്രമാണ് ഈ സൗകര്യം ലഭ്യമാകു എന്ന് പ്രത്യേകം ശ്രദ്ധിക്കണം. വ്യക്തികളിലേക്കും ഗ്രൂപ്പുകളിലേക്കും ഇത്തരത്തിൽ ചിത്രങ്ങൾ അയക്കാവുന്നതാണ്.
വാട്സ്ആപ്പിന്റെ മറ്റൊരു പുതിയ ഫീച്ചറാണ് ഉപഭോക്താക്കൾക്ക് അവരുടെ ഓൺലൈൻ സാന്നിധ്യം ആപ്പിൽ നിന്ന് മറയ്ക്കാൻ സാധിക്കുന്നത്. ഈ ഫീച്ചർ ഓൺ ആക്കിയാൽ നിങ്ങൾ വാട്സ്ആപ്പിൽ ഓൺലൈനിൽ ഉണ്ടോ എന്ന് മറ്റ് ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കില്ല. വാട്സ്ആപ്പിന്റെ മറ്റൊരു പുതിയ ഫീച്ചറാണ് അജ്ഞാത കോളുകളെ നിശബ്ദമാക്കാനുള്ള സൗകര്യം. ധാരാളം ഓൺസലൈൻ സ്കാമുകൾ റിപ്പോർട്ട് ചെയ്യുന്ന ഇത്തരം കാലഘട്ടങ്ങളിൽ ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് കൂടുതൽ സംരക്ഷണം നൽകുന്നു.
വാട്സ്ആപ്പിലെ വീഡിയോ കോളുകൾക്കിടയിൽ സ്ക്രീൻ ഷെയർ ചെയ്യാനുള്ള സൗകര്യവും ഈ വർഷം അവതരിപ്പിച്ച പുതിയ ഫീച്ചറാണ്. ഇതോടെ ഗൂഗിൾ മീറ്റ്, സൂം പോലുള്ള ആപ്പുകളിൽ ലഭിക്കുന്ന സൗകര്യം ഉപഭോക്താക്കൾക്ക് വാട്സ്ആപ്പിലൂടെയും ലഭ്യമാകുന്നു. ഓൺലൈൻ ക്ലാസുകൾ അല്ലെങ്കിൽ ഓഫീസ് മീറ്റുങ്ങുകളിൽ പങ്കെടുക്കുമ്പോൾ നിങ്ങളുടെ സ്ക്രീൻ ഷെയർ ചെയ്യാൻ ഇപ്പോൾ സാധിക്കുന്നതാണ്. ഇതുവഴി ഡോക്യുമെന്റുകൾ, ഗ്രാഫുകൾ, ഡൈഗ്രങ്ങൾ എല്ലാം വ്യക്തയോടെ വിശദീകരിക്കാനും സാധിക്കും.
ഇതിന് പുറമെ വിവിധ ഫോണുകളിൽ നിങ്ങളുടെ വാട്സ്ആപ്പ് പ്രവർത്തിപ്പിക്കാനുള്ള ഓപ്ഷനും അടുത്തിടെ അവതരിപ്പിച്ചിരുന്നു. വാട്ട്‌സ്ആപ്പ് വെബ് പ്രവർത്തിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഈ ഫീച്ചറും പ്രവർത്തിക്കുന്നത്. ഇതിനായി മറ്റൊരു ഫോണിൽ വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം ഇതിന്റെ ക്യൂആർ കോഡ് നിങ്ങളുടെ സ്വന്തം ഫോണുകോണ്ട് സ്കാൻ ചെയ്യുക. നിങ്ങളുടെ പഴയ ചാറ്റുകൾ അടക്കം ഇപ്പോൾ പുതിയ ഫോണിന്റെ വാട്സ്ആപ്പിലേക്ക് കോപ്പി ആകുന്നതാണ്. ഒരേസമയം നാല് ഉപകരണങ്ങളിൽ വാട്സ്ആപ്പ് ഇപ്പോൾ പ്രവർത്തിപ്പിക്കാം
മറ്റൊരു പുതിയ ഫീച്ചറാണ് മെസേജുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ. നേരത്തെ മെസേജുകളിൽ തെറ്റ് പറ്റിയാൽ ഇവ ഒന്നാകെ ഡിലീറ്റ് ചെയ്ത് മെസേജ് വീണ്ടും അയക്കണമായിരുന്നു. എന്നാൽ ഇപ്പോൾ അയച്ച മെസേജിൽ തെറ്റ് പറ്റിയാൽ ആ തെറ്റ് മാത്രം എടുത്ത് തിരുത്താനുള്ള സൗകര്യം വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ഇതിനായി അയച്ച മെസേജിൽ ടാപ്ചെയ്ത് പിടിച്ച് വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവിൽ നിന്ന് 'എഡിറ്റ്' ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.


Click it and Unblock the Notifications








