'അപ്രത്യക്ഷമാകുന്നവരെ' പിടിച്ചുനിർത്താം; പ്രധാനചാറ്റുകൾ ഡിലീറ്റാകാതെ സംരക്ഷിക്കാൻ വാട്സ്ആപ്പ്

ദിവസം ഒരു മെസേജ് എങ്കിലും കിട്ടാത്ത വാട്സ്ആപ്പ് ഉപയോക്താക്കൾ ഉണ്ടാകില്ല. രാവിലെ എണീക്കുന്നതുതന്നെ വാട്സ്ആപ്പ് മെസേജുകൾ കണികണ്ടാണ് എന്ന രീതിയിലേക്ക് നമ്മുടെ ജീവിതരീതി എന്നേ മാറിയിരിക്കുന്നു. വെറുതെ സൊറപറയാനും അതല്ലാതെ ഔദ്യോഗികമായും ഒക്കെ നിരവധി മെസേജുകൾ നമുക്ക് വാട്സ്ആപ്പിൽ ലഭിക്കാറുണ്ട്. ഭാവിയിൽ ആവശ്യമില്ലാത്ത നിരവധി മെസേജുകളും ഇക്കൂട്ടത്തിൽ ഉണ്ടാകും. ഫോണിന്റെ സ്റ്റോറേജ് പരിധി കവരുന്നതിനപ്പുറം പ്രയോജനമില്ലാത്ത ഈ മെസേജുകൾ, പ്രത്യേകിച്ച് വീഡിയോ ഫയലുകൾ ഉൾപ്പെടെ സൈസ് കൂടിയവ ദിവസവും കുത്തിയിരുന്ന് ഡിലീറ്റ് ചെയ്യുക എന്നത് അൽപ്പം ചടങ്ങുപിടിച്ച ഒരു ജോലിയാണ്.
ഡിസപ്പിയറിങ് മെസേജ്
അനാവശ്യ മെസേജുകൾ ഒഴിവാക്കാനുള്ള ഒരു ഫീച്ചർ അവതരിപ്പിച്ചുകൊണ്ടാണ് വാട്സ്ആപ്പ് ഈ ഘട്ടത്തിൽ ഉപയോക്താക്കളുടെ സഹായത്തിനെത്തിയത്. ഡിസപ്പിയറിങ് മെസേജ് എന്നായിരുന്നു ഈ ഫീച്ചറിന്റെ പേര് നൽകിയിരുന്നത്. ഒരാൾ അയയ്ക്കുന്ന മെസേജ് നിശ്ചിത സമയത്തിനു ശേഷം തനിയേ അപ്രത്യക്ഷമാകും എന്നതാണ് ഡിസപ്പിയറിങ് മെസേജ് ഓപ്ഷൻ ഓൺ ആക്കിയാലുള്ള ഗുണം. ഏതാണ്ട് ഭൂരിഭാഗം ആളുകളും ഈ ഫീച്ചർ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എല്ലാ ചാറ്റുകൾക്കും പൊതുവായി ബാധകമാക്കാതെ ഉപയോക്താവ് തെരഞ്ഞെടുക്കുന്ന ചാറ്റുകളിൽ മാത്രമായി ഉപയോഗിക്കാൻ സാധിക്കും എന്നതും ഡിസപ്പിയറിങ് ഫീച്ചറിന്റെ മെച്ചമാണ്.

ആ പ്രശ്നം പരിഹരിക്കപ്പെടുന്നു
2021 ൽ ആയിരുന്നു വാട്സ്ആപ്പിലേക്കുള്ള ഡിസപ്പിയറിങ് ഫീച്ചറിന്റെ രംഗപ്രവേശനം. എന്നാൽ രണ്ടുവർഷത്തിനിപ്പുറം ഡിസപ്പിയറിങ് മെസേജ് ഫീച്ചറിന്റെ രീതിയിൽ ഇപ്പോൾ ഒരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് വാട്സ്ആപ്പ്. കെപ്റ്റ്(Kept)മെസേജ് എന്നാണ് വാട്സ്ആപ്പ് പുതിയ ഫീച്ചറിന് പേര് നൽകിയിരിക്കുന്നത്. ഇതുവരെ ഡിസപ്പിയറിങ് ഓൺ ആക്കിയിട്ടുള്ള ചാറ്റുകളിലെ മെസേജുകൾ ഉപയോക്താവ് നിശ്ചയിച്ചിരിക്കുന്ന സമയപരിധി കഴിഞ്ഞാൽ തനിയെ അപ്രത്യക്ഷമാകുകയാണ് ചെയ്തിരുന്നത്. എന്നാൽ ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടെ സന്ദേശങ്ങൾ എത്തിയാൽ അവ സംരക്ഷിക്കാൻ സാധിക്കുമായിരുന്നില്ല. അത് ഡിസപ്പിയറിങ് മെസേജിന്റെ ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഈ കുറവാണ് പുതിയ കെപ്റ്റ് ഫീച്ചറിലൂടെ വാട്സ്ആപ്പ് പരിഹരിക്കുന്നത്.
സംരക്ഷിത മെസേജുകൾക്ക് അടയാളവും
ഡിസപ്പിയറിങ് ഓപ്ഷൻ ഓൺ ആക്കിയിരിക്കുന്ന ചാറ്റിൽനിന്ന് പ്രധാനപ്പെട്ടവ സംരക്ഷിക്കണമെങ്കിൽ ആ സന്ദേശങ്ങൾ തെരഞ്ഞെടുത്ത് ' സൂക്ഷിക്കുക' എന്ന ഓപ്ഷൻ നൽകിയാൽ മതിയാകും. ചാറ്റിലുള്ള ആളുകൾക്ക് തുടർന്നും ആ സന്ദേശം കാണാം. ഡിസപ്പിയറിങ് മെസേജ് ഓൺ ആയിട്ടുള്ള ചാറ്റിൽ പ്രധാന സന്ദേശങ്ങൾ ഇത്തരത്തിൽ സൂക്ഷിക്കുമ്പോൾ അവയ്ക്ക് ഒരു അടയാള ചിഹ്നവും(ബുക്ക്മാർക്ക്) ഉണ്ടാകും. പിന്നീട് ആ സന്ദേശങ്ങൾ വേണ്ട എന്നുണ്ടെങ്കിൽ 'സൂക്ഷിക്കുക' എന്ന ഓപ്ഷൻ നീക്കാനും സാധിക്കും. നിലവിൽ ഈ ഫീച്ചർ പരീക്ഷണഘട്ടത്തിലാണ് എന്നും അധികം താമസിയാതെ എത്തും എന്നും വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

വാട്സ്ആപ്പ് പ്രോക്സി സെർവറുകൾ
ഡിസപ്പിയറിങ് മെസേജ് ഓപ്ഷനിൽനിന്ന് പ്രധാന സന്ദേശങ്ങളെ സംരക്ഷിക്കുന്ന പുതിയ ഫീച്ചറിനു പുറമെ വാട്സ്ആപ്പ് പുറത്തിറക്കിയ മറ്റൊരു ഫീച്ചറിന്റെ വിവരവും വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാട്സ്ആപ്പിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലും പ്രദേശങ്ങളിലും ഇന്റർനെറ്റ് ഷട്ട്ഡൗൺ മറികടന്ന് പ്രോക്സി സെർവർ വഴി വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചറാണ് പുതിയതായി എത്തിയിരിക്കുന്നത് എന്നാണ് വിവരം. ചിലയിടങ്ങളിൽ പ്രതിഷേധങ്ങൾ വ്യാപകമാകുമ്പോൾ ഇന്റർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തി വാട്സ്ആപ്പിലൂടെയും മറ്റും സന്ദേശങ്ങൾ പ്രചരിക്കുന്നത് തടയാറുണ്ട്. ഇത്തരം വിലക്കുകളെ മറികടന്ന് വാട്സ്ആപ്പ് ഉപയോഗിക്കാൻ വാട്സ്ആപ്പ് പ്രോക്സിസെർവർ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും എന്നാണ് പറയപ്പെടുന്നത്. എന്നാൽ തങ്ങൾ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളെ തകിടം മറിക്കുന്ന പുതിയ വാട്സ്ആപ്പ് പ്രോക്സി ഫീച്ചറിനെ ലോകരാജ്യങ്ങളിലെ വിവിധ സർക്കാരുകൾ എങ്ങനെ നേരിടും എന്ന് വ്യക്തമല്ല.


Click it and Unblock the Notifications








