വിധി പോലും വിറച്ച് പോകുന്ന പ്രൊഫൈൽ പിക്ച്ചർ ഫീച്ചറുമായി വാട്ട്സ്ആപ്പ്
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്‌ഫോമാണ് വാട്ട്‌സ്ആപ്പ്. നിരവധി അപ്‌ഡേറ്റുകൾ ആണ് ഈ ഇടയായി വാട്ട്‌സ്ആപ്പ് കൊണ്ടുവരുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും വാർത്തയിൽ ഇടം നേടാനും വാട്ട്‌സ്ആപ്പിന് കഴിയാറുണ്ട്. പല എഐ അപ്‌ഡേറ്റുകളും കൊണ്ട് വന്ന ഈ ആപ്പ് ഇപ്പോൾ മറ്റൊരു എഐ അപ്‌ഡേറ്റിനായി ശ്രമിച്ചുകൊണ്ട് ഇരിക്കുകയാണ്.
ഉപയോക്താക്കൾക്ക് എഐ സൃഷ്‌ടിച്ച ചിത്രം അവരുടെ പ്രൊഫൈൽ ചിത്രമായി സജ്ജീകരിക്കാൻ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത കൊണ്ടുവരാൻ ആണ് വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് v2.24.11.17 വേർഷനുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ നിലവിൽ ലഭ്യമാണ്. ഈ പുതിയ ഫീച്ചർ ആദ്യം റിപ്പോർട്ട് ചെയ്തത് WABetaInfo ആണ്. ഉപയോക്താക്കൾക്ക് സ്വന്തം ഫോട്ടോ പ്രൊഫൈൽ ചിത്രമായി സജ്ജീകരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഈ ഫീച്ചർ വളരെ സൗകര്യപ്രദമാണ്.

അതിലൂടെ ഉപയോക്തൃ സ്വകാര്യത സൂക്ഷിക്കാനും സാധിക്കും. റിപ്പോർട്ട് അനുസരിച്ച്, പ്രൊഫൈൽ പിക്ചർ സെറ്റിങ്സിലെ പെൻസിൽ പോലുള്ള എഡിറ്റ് ടാബിൽ ഉപയോക്താക്കൾ ക്ലിക്ക് ചെയ്യുമ്പോൾ ഈ ടൂൾ ദൃശ്യമാകുമെന്ന് കരുതുന്നു. എന്നാൽ വാട്ട്‌സ്ആപ്പ് ഇതിന് അവതാർ പോലുള്ള രൂപം നൽകുകയും ഒരു പ്രത്യേക ടാബിൽ ഇവ സ്ഥാപിക്കുകയും ചെയ്തേക്കാം.
മുകളിലുള്ള ചിത്രത്തിൽ കാണുന്നത് പോലെ, എഐ പ്രൊഫൈൽ പിക്ചർ ജനറേറ്റർ ചിലപ്പോൾ സ്റ്റിക്കറുകൾ പോലെ കാണപ്പെട്ടേക്കാം. കൂടാതെ ഒരു വിവരണം ടൈപ്പ് ചെയ്യുന്നതിലൂടെ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ഒരു ചിത്രം സൃഷ്ടിക്കാൻ നിങ്ങളെ അനുവദിച്ചേക്കാം. നിങ്ങളുടെ നിലവിലെ മാനസികാവസ്ഥ, വ്യക്തിത്വം അല്ലെങ്കിൽ താൽപ്പര്യങ്ങൾ എന്നിവ വിവരിക്കുന്ന അതുല്യവും വ്യക്തിഗതമാക്കിയതുമായ ചിത്രങ്ങൾ നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയുമെന്നാണ് ഇതിനർത്ഥം.
എഐ പവർ ഫംഗ്‌ഷണാലിറ്റി ഏത് വലിയ ഭാഷാ മോഡലാണ് ഉപയോഗിക്കുകയെന്ന് ഇപ്പോഴും അജ്ഞാതമായിരിക്കെ, അടുത്തിടെ അവതരിപ്പിച്ച മെറ്റാ എഐ സെർച്ച് ബാറിനായി ഉപയോഗിച്ച പ്ലാറ്റ്‌ഫോം തന്നെയായിരിക്കുമെന്ന് WABetaInfo അനുമാനിക്കുന്നു. ഈ ഫീച്ചറിന്റെ പ്രവർത്തനം നിലവിൽ വികസിച്ച് കൊണ്ടിരിക്കുകയാണ്. ഇത് എപ്പോൾ എല്ലാവർക്കും ലഭ്യമാകും എന്നതിനെക്കുറിച്ച് ഒരു വ്യക്തതയും കമ്പനി നൽകിയിട്ടില്ല.
കഴിഞ്ഞ ഏതാനും ആഴ്ചകളായി വാട്ട്‌സ്ആപ്പ് നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. അതിൽ പ്രധാനമായും ജനശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു വാട്ട്‌സ്ആപ്പ് മെസ്സേജ്ജ് പിന്നിങ്. ഉപയോക്താക്കൾക്ക് ഇപ്പോൾ ഒരു ചാറ്റിന് മൂന്ന് മെസ്സേജുകൾ വരെ പിൻ ചെയ്യാൻ കഴിയും. നേരത്തെ ഒരു മെസ്സേജ് മാത്രമായിരുന്നു പിൻ ചെയ്യാൻ സാധിച്ചിരുന്നത്. വാട്ട്‌സ്ആപ്പിലെ പിൻ ഓപ്ഷൻ, ഒരു ചാറ്റിൽ ആവശ്യമുള്ള മെസ്സേജുകൾ ഹൈലൈറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. മെസ്സേജ് പിൻ ചെയ്യുമ്പോൾ, അത് ചാറ്റിലുള്ള എല്ലാവർക്കും ദൃശ്യമാകും.
വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ പിൻ ചെയ്ത മെസ്സേജുകൾക്കും ഈ നിയമം ബാധകമാണ്. അതായത്, ഓരോ അംഗത്തിനും ഗ്രൂപ്പിൻ്റെ മുകളിൽ പിൻ ചെയ്ത മെസ്സേജുകൾ കാണാൻ കഴിയും. വാട്ട്‌സ്ആപ്പിൽ മെസ്സേജ് പിൻ ചെയ്യുന്നത് വളരെ സിമ്പിൾ ആണ്. ഒരു മെസ്സേജിൽ കുറച്ച് നേരം അമർത്തിയാൽ ആ മെസ്സേജ് പിൻ ആകുന്നതാണ്. ടെക്‌സ്‌റ്റ്, ഇമേജ്, വീഡിയോ അല്ലെങ്കിൽ സ്റ്റിക്കർ എന്തും പിൻ ചെയ്യാൻ സാധിക്കും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








