ഐഫോണില്ലാതെ തന്നെ വാച്ചിൽ മെസേജും വോയ്സ് നോട്ടും അയയ്ക്കാം! ആപ്പിൾ വാച്ച് ആപ്പ് പുറത്തിറക്കി വാട്സ്ആപ്പ്
ആപ്പിൾ വാച്ചുമായി ഉപയോക്താക്കളെ കൂടുതൽ അടുപ്പിക്കുന്ന പുതിയ ആപ്പ് പുറത്തിറക്കി വാട്സ്ആപ്പ്. ഐഫോൺ അരികിൽ ഇല്ലാതെ തന്നെ വാട്സ്ആപ്പ് മെസേജുകളും വോയ്സ് നോട്ടുകളും കൈകാര്യം ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ വാട്സ്ആപ്പ് ആപ്പിൾ വാച്ച് ആപ്പ് നവംബർ 4 മുതൽ ആഗോളതലത്തിൽ ലഭ്യമാക്കിയിരിക്കുന്നു (WhatsApp launches Apple Watch app). ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു നീക്കമാണ് വാട്സ്ആപ്പ് ഇപ്പോൾ നടത്തിയിരിക്കുന്നത്. പുതിയ ആപ്പിന്റെ സഹായത്താൽ ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് അവരുടെ കൈത്തണ്ടയിൽ നിന്ന് നേരിട്ട് വോയ്‌സ് നോട്ടുകൾ കേൾക്കാനും മറുപടി നൽകാനും കഴിയും.
വാട്സ്ആപ്പ് കൈകാര്യം ചെയ്യാൻ ഐഫോൺ കൂടെ കൊണ്ടുനടക്കേണ്ട എന്ന ലാഭം ഇനി ആപ്പിൾ വാച്ച് ഉടമകൾക്കുണ്ടായിരിക്കുന്നു. ഇത്തരമൊരു ആപ്പ് ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് പുതിയൊരു എക്സ്പീരിയൻസ് ആകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതുവരെ ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് മെസേജ് നോട്ടിഫിക്കേഷനുകൾ കാണുന്നതിനോ മുൻകൂട്ടി തയ്യാറാക്കിയ മറുപടികൾ അയയ്ക്കുന്നതിനോ മാത്രമായിരുന്നു അവസരമുണ്ടായിരുന്നത്.

എന്നാൽ ആപ്പിൾ വാച്ചിനായി തന്നെ പ്രത്യേകം തയാറാക്കിയ പുതിയ ഡെഡിക്കേറ്റഡ് വാട്സ്ആപ്പ് ആപ്പ് വന്നതോടെ എല്ലാ മെസേജുകൾക്കും കോളുകൾക്കും എൻഡ്- ടു- എൻഡ് എൻക്രിപ്ഷൻ നിലനിർത്തിക്കൊണ്ട് സ്വതന്ത്രമായി പ്രവർത്തിക്കുന്ന പ്രത്യേക എക്സ്പീരിയൻസ് ഇപ്പോൾ വാട്സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നു. ഇത് ഒരു പ്രധാന മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.
എന്താണ് വാട്സ്ആപ്പ് ആപ്പിൾ വാച്ച് ആപ്പിന്റെ പുതിയ പ്രത്യേകത
വാട്സ്ആപ്പിന്റെ ആപ്പിൾ വാച്ച് ആപ്പ് ഇപ്പോൾ സ്മാർട്ട്ഫോണിൽ ലഭ്യമാകുന്ന നിരവധി ഫീച്ചറുകൾ വാച്ചിലേക്കും എത്തിച്ചിരിക്കുന്നു. ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് ഇപ്പോൾ ഫുൾ മെസേജ് കാണാനും കൂടുതൽ ചാറ്റ് ഹിസ്റ്ററി ആക്‌സസ് ചെയ്യാനും ക്വിക്ക് ഇമോജി റിപ്ലെ നൽകാനും കഴിയും. കൂടാതെ വാച്ചിൽ നിന്ന് നേരിട്ട് വോയ്‌സ് നോട്ടുകൾ റെക്കോർഡുചെയ്യുന്നതും അയയ്ക്കുന്നതും പുതിയ ആപ്പ് പിന്തുണയ്ക്കുന്നു.
കോൾ നോട്ടിഫിക്ഷേനുകൾ സ്വീകരിക്കാനും സ്മാർട്ട് വാച്ച് ഡിസ്‌പ്ലേയിൽ മെച്ചപ്പെട്ട വ്യക്തതയോടെ ചിത്രങ്ങളും സ്റ്റിക്കറുകളും കാണാനും ഇപ്പോൾ സാധിക്കും. വാട്സ്ആപ്പ് ഉപയോഗം ആപ്പിൾ വാച്ച് ഉടമകൾക്ക് കൂടുതൽ യൂസർ ഫ്രണ്ട്ലിയാക്കുക, മെസേജിങ് കൂടുതൽ സൗകര്യപ്രദമാക്കുക എന്നതൊക്കെയാണ് ഈ ഫീച്ചറുകൾകൊണ്ട് ലക്ഷ്യമിടുന്നത്. ഫോൺ കൈയിലില്ലെങ്കിലും എപ്പോഴും കൂടെയുള്ള വാച്ചിലൂടെ വാട്സ്ആപ്പുമായി നിരന്തരം കണക്ടായിരിക്കാൻ പുതിയ ഫീച്ചറുകൾ സഹായിക്കും.
ചുരുക്കിപ്പറഞ്ഞാൽ സ്മാർട്ട്ഫോണിൽ കൈകാര്യം ചെയ്യുന്നതിന് സമാനമായി ആപ്പിൾ വാച്ചിലും ഇപ്പോൾ വാട്സ്ആപ്പ് കൈകാര്യം ചെയ്യാം എന്ന നില വന്നിരിക്കുന്നു. സ്മാർട്ട്ഫോൺ എപ്പോഴും കൈയിൽ കൊണ്ടുനടക്കാൻ ഇഷ്ടപ്പെടാത്തവർക്ക് ഏറെ ഉപകാരപ്പെടുന്ന വിധത്തിലുള്ള മാറ്റങ്ങളാണ് ഇപ്പോൾ നടന്നിരിക്കുന്നത്. കൂടാതെ സുരക്ഷയുടെ കാര്യത്തിലും ഉപയോക്താക്കൾ പേടിക്കേണ്ടതില്ല.
ഏത് ഫീച്ചർ അവതരിപ്പിച്ചാലും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാറുള്ള വാട്സ്ആപ്പ് പുതിയ ആപ്പിൾ വാച്ച് ആപ്പിന്റെ കാര്യത്തിലും അത് ശ്രദ്ധിച്ചിട്ടുണ്ട്. ആപ്പിൾ വാച്ച് ആപ്പിലൂടെയുള്ള എല്ലാ ആശയവിനിമയങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നതായി വാട്സ്ആപ്പ് സ്ഥിരീകരിച്ചു. ഫോണുകളിലും ഡെസ്‌ക്‌ടോപ്പുകളിലും ഉള്ളതുപോലെ ചാറ്റുകളും കോളുകളും പൂർണ്ണമായും സുരക്ഷിതമാണെന്ന് ഇത് ഉറപ്പാക്കുന്നു.
വാട്സ്ആപ്പ് ആപ്പിൾ വാച്ച് ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
ആപ്പിൾ വാച്ചിനായുള്ള വാട്സ്ആപ്പ് ആപ്പ് ഇപ്പോൾ ആപ്പ് സ്റ്റോർ വഴി ആഗോളതലത്തിൽ ലഭ്യമായിരിക്കുന്നു. വാച്ച് ഒഎസ് 10 മുതലുള്ള ഒഎസിൽ പ്രവർത്തിക്കുന്ന ആപ്പിൾ വാച്ച് സീരീസ് 4 അല്ലെങ്കിൽ അതിന് ശേഷം അവതരിപ്പിക്കപ്പെട്ട ആപ്പിൾ വാച്ചുകളിലാണ് ഈ പുതിയ ആപ്പ് പ്രവർത്തിക്കുക.
ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന്, ഉപയോക്താക്കൾ ആദ്യം തങ്ങളുടെ ഐഫോൺ iOS-ന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്നും ആപ്പ് സ്റ്റോർ വഴി വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്നും ഉറപ്പാക്കണം. ഇതിന് ശേഷം "അവയ്ലബിൾ ആപ്പ്സ്" വിഭാഗത്തിന് കീഴിലുള്ള ഐഫോൺ വാച്ച് ആപ്പ് വഴി ആപ്പ് ഇൻസ്റ്റാൾ ചെയ്യാനാകും. തുടർന്ന് ഉപയോക്താക്കൾക്ക് വാട്സ്ആപ്പിൽ ലോഗിൻ ചെയ്യാനും അവരുടെ കൈത്തണ്ടയിൽ നേരിട്ട് മെസേജുകളും കോളുകളും സ്വീകരിക്കാനും കഴിയും.


Click it and Unblock the Notifications








