തട്ടിപ്പുകാർ വിളിച്ചാൽ ഇനി വാട്സ്ആപ്പ് മൈൻഡ് ചെയ്യില്ല! സൈലൻസ് അൺ നോൺ കോളേഴ്‌സ് ഫീച്ചർ എത്തി
ഇന്ത്യയിൽ വാട്സ്ആപ്പ് ഉപയോക്താക്കൾ സ്പാം കോളുകൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഏതാണ്ട് രണ്ടുമാസമായി രാജ്യാന്തര നമ്പരുകളിൽനിന്നുള്ള കോളുകൾ ഇന്ത്യൻ വാട്സ്ആപ്പ് അക്കൗണ്ട് ഉടമകളുടെ ഉറക്കം കെടുത്തുന്നു. ഈ പ്രശ്നം പരിഹരിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് കേന്ദ്രം അടക്കം നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ വാട്സ്ആപ്പിന്റെ പ്രതിരോധ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലാങ്വേജ് ടെക്നോളജിയും ഉപയോഗിച്ച് സ്പാം കോളുകളെ പ്രതിരോധിക്കാൻ സംവിധാനം ഒരുക്കുമെന്നാണ് വാട്സ്ആപ്പ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ കാര്യമായ മാറ്റമൊന്നും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. തുടർന്ന് സുരക്ഷിതരായിരിക്കാൻ സുരക്ഷാഫീച്ചറുകൾ സംബന്ധിച്ച അവബോധം ആളുകളിൽ സൃഷ്ടിക്കാനും ശ്രമം നടത്തി. എന്നാൽ ഇതും ഫലവത്തായില്ല.

ഇപ്പോൾ സ്പാം കോളുകളെ പ്രതിരോധിക്കാൻ പുതിയൊരു ഫീച്ചറുമായി രംഗത്തിറങ്ങിയിരിക്കുകയാണ് വാട്സ്ആപ്പ് മാതൃകമ്പനിയായ മെറ്റ. അഞ്ജാത നമ്പരിൽനിന്നുള്ള കോളുകൾ എത്തുമ്പോൾ അവഗണിക്കാനായി "സൈലൻസ് അൺ നോൺ കോളേഴ്‌സ്" എന്ന പുതിയ ഫീച്ചറാണ് വാട്സ്ആപ്പിൽ എത്തിയിരിക്കുന്നത്. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് നേരിട്ടാണ് ചൊവ്വാഴ്ച പുതിയ ഫീച്ചർ പുറത്തിറക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കൂടുതൽ സ്വകാര്യതയും ഇൻകമിംഗ് കോളുകളിൽ ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണവും നൽകുന്നതിനാണ് പുതിയ "സൈലൻസ് അൺ നോൺ കോളേഴ്‌സ്" ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് വാട്ട്‌സ്ആപ്പ് തങ്ങളുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. അജ്ഞാത വ്യക്തികളിൽനിന്നുള്ള കോളുകൾ, സ്‌പാം കോളുകൾ, സ്‌കാം നമ്പരുകൾ എന്നിവ സ്വയം സ്ക്രീൻ ചെയ്യാൻ പുതിയ ഫീച്ചറിന് സാധിക്കുമെന്ന് വാട്സ്ആപ്പ് പറയുന്നു.

"കൂടുതൽ സ്വകാര്യതയ്ക്കും നിയന്ത്രണത്തിനുമായി നിങ്ങൾക്ക് ഇപ്പോൾ വാട്സ്ആപ്പിലെ അജ്ഞാത കോൺടാക്റ്റുകളിൽ നിന്നുള്ള ഇൻകമിംഗ് കോളുകൾ സ്വയം നിശബ്ദമാക്കാം" എന്ന് പുതിയ സുരക്ഷാ ഫീച്ചർ പ്രഖ്യാപിച്ചുകൊണ്ട്, മെറ്റയുടെ സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് അറിയിച്ചു. പുതിയ ഫീച്ചർ ആക്ടിവേറ്റ് ചെയ്താലും പ്രധാനപ്പെട്ട നമ്പരുകളിൽനിന്നുള്ള കോളുകൾ നഷ്ടമാകുന്നില്ല എന്ന് വാട്സ്ആപ്പ് ഉറപ്പിക്കും.
അതിനായി അജ്ഞാത നമ്പരിൽനിന്നുള്ള കോൾ വാട്ട്‌സ്ആപ്പ് കോൾ ലിസ്റ്റ് ടാബിലും നോട്ടിഫിക്കേഷനിലും കാണിക്കും. ഈ നമ്പർ പരിശോധിച്ചശേഷം ഉപയോക്താവിന് വേണമെങ്കിൽ ആ നമ്പരുമായി ബന്ധപ്പെടാവുന്നതാണ്. സൈലൻസ് അൺ നോൺ കോളേഴ്‌സ് ഫീച്ചറിന് പുറമേ, വാട്സ്ആപ്പിൽ ലഭ്യമായ എല്ലാ പ്രൈവസി ഓപ്‌ഷനുകളും കാണാൻ "പ്രൈവസി ചെക്കപ്പും" വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.
ഘട്ടം ഘട്ടമായുള്ള പ്രൈവസി ചെക്കപ്പ് ഫീച്ചർ പ്ലാറ്റ്‌ഫോമിൽ ലഭ്യമായ പ്രധാനപ്പെട്ട പ്രൈവസി സെറ്റിങ്സുകളിലേക്ക് ഉപയോക്താക്കളെ നയിക്കുന്നു. പ്രൈവസി സെറ്റിങ്സിലെ സ്റ്റാർട്ട് ചെക്കപ്പ് എന്ന ഫീച്ചർ ഇതിനായി ഉപയോഗിക്കാം. ഇത് ഉപയോക്താക്കളുടെ സന്ദേശങ്ങൾ, കോളുകൾ, വ്യക്തിഗത വിവരങ്ങൾ എന്നിവയുടെ സുരക്ഷ ശക്തിപ്പെടുത്തുന്ന ഒന്നിലധികം സുരക്ഷാ ഓപ്ഷനുകൾ നൽകും.

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ സൈലൻസ് അൺ നോൺ കോളേഴ്‌സ് ഫീച്ചർ സജ്ജമാക്കുന്നത് എങ്ങനെയെന്ന് നോക്കാം: ആദ്യം വാട്സ്ആപ്പ് തുറന്ന് മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്യുക. തുടർന്ന് സെറ്റിങ്സ് വഴി പ്രൈവസി ഓപ്ഷനിലെത്തുക. അവിടെ സ്ക്രോൾ ചെയ്യുമ്പോൾ കാണുന്ന കോൾസ് ഓപ്ഷനിലെ, "Silence unknown callers" എന്ന ഓപ്ഷനിൽ ടോഗിൾ ചെയ്യുക.
ഐഫോൺ ഉപയോക്താക്കൾക്ക് വാട്സ്ആപ്പിൽ സൈലൻസ് അൺ നോൺ കോളേഴ്‌സ് ഫീച്ചർ സെറ്റ് ചെയ്യുന്ന വഴി: വാട്ട്‌സ്ആപ്പ് തുറന്ന് "സെറ്റിംഗ്‌സ്" എന്നതിൽ ടാപ്പ് ചെയ്യുക. തുടർന്ന് പ്രൈവസിയിലെത്തി കോൾസ് എന്ന സെക്ഷൻ ഓപ്പൺ ചെയ്യുക. അവിടെ കാണുന്ന സൈലൻസ് അൺ നോൺ കോളേഴ്‌സ് ഫീച്ചർ ഓപ്ഷനിൽ ടോഗിൾ ചെയ്യുക.


Click it and Unblock the Notifications