വാട്സ്ആപ്പ് വഴി മറ്റ് ആപ്പുകളിലേക്കും മെസേജ് അയയ്ക്കാം! ചരിത്രമാകാൻ പോകുന്ന മാറ്റം ഇങ്ങനെ...
വാട്സ്ആപ്പ് ( WhatsApp ) പുറത്തിറങ്ങിയ ശേഷം, ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മാറ്റം ഉടൻ വരാൻ പോകുന്നു. ഇത്രയും നാൾ വാട്സ്ആപ്പ് ഉപയോഗിച്ച് മറ്റ് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മാത്രമാണ് മെസേജ് അയയ്ക്കാൻ സാധിച്ചിരുന്നത്. അതായത് രണ്ട് വാട്സ്ആപ്പ് ഉപയോക്താക്കൾക്കിടയിൽ മാത്രമാണ് വാട്സ്ആപ്പ് ഉപയോഗിക്കപ്പെട്ടിരുന്നത്.
എന്നാൽ അധികം വൈകാതെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മറ്റ് ആപ്പുകൾ ഉപയോഗിക്കുന്നവർക്കും മെസേജ് അയയ്ക്കാൻ സാധിക്കുമെന്ന് വാബീറ്റഇൻഫോ( WABetaInfo) റിപ്പോർട്ട് ചെയ്യുന്നു. തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളുമായി ബന്ധപ്പെടാനും സന്ദേശമയയ്‌ക്കാനും വാട്സ്ആപ്പ് ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന പുതിയ ഫീച്ചറിന്റെ ബീറ്റ പതിപ്പ് വാട്സ്ആപ്പ് പുറത്തിറക്കിയതായി വാബീറ്റഇൻഫോ പറയുന്നു.

പുതിയ ഫീച്ചർ എത്തുന്നതോടെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മറ്റ് ആപ്ലക്കേഷനുകളിലേക്ക്, ഉദാഹരണത്തിന് മെസഞ്ചറിലേക്ക് സന്ദേശം അയയ്ക്കാൻ സാധിച്ചേക്കും. വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ ആ മെസഞ്ചർ ഉപയോക്താവിന് വാട്സ്ആപ്പ് യൂസറുമായി ആശയവിനിമയം നടത്താൻ കഴിയും. ഈ ഫീച്ചർ പുറത്തിറങ്ങിയാൽ വാട്സ്ആപ്പിൽ ഇതുവരെ നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ മാറ്റം ആകും ഇത്.
അടുത്തിടെ പുറത്തിറക്കിയ ആൻഡ്രോയിഡ് ബീറ്റ അപ്‌ഡേറ്റിൽ ( 2.23.19.8 വേർഷൻ) "തേർഡ് പാർട്ടി ചാറ്റ്സ് ( Third-party chats)" എന്ന പേരിൽ ഒരു പുതിയ സ്‌ക്രീൻ അടങ്ങിയിരിക്കുന്നതായി വാബീറ്റ പറയുന്നു. എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കൾക്കുമായി ഈ പുതിയ ഫീച്ചർ പുറത്തിറക്കിയിട്ടില്ല. നിലവിൽ ഈ ചാറ്റ് ഫീച്ചർ ബീറ്റ ഉപയോക്താക്കൾക്കിടയിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളിൽ തടസ്സമില്ലാതെ പ്രവർത്തിക്കാൻ എൻക്രിപ്റ്റ് മെസേജിങ് ആപ്പിനെ പ്രാപ്‌തമാക്കുന്നതിനുള്ള മെറ്റയുടെ ആദ്യ ചുവടുവയ്പ്പാണ് ഇതെന്ന് പുതിയ ഫീച്ചറിന്റെ പേര് സൂചിപ്പിക്കുന്നു. എന്നാൽ മെറ്റ ഇപ്പോൾ ഇങ്ങനെയൊരു സൗകര്യം വാട്സ്ആപ്പിൽ അവതരിപ്പിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത് സ്വന്തം താൽപര്യപ്രകാരമല്ല. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മാർക്കറ്റ് ആക്ട് (ഡിഎംഎ) ആണ് അതിന് പിന്നിലുള്ള കാരണം.
ഡിജിറ്റൽ മാർക്കറ്റ് ആക്ട് (ഡിഎംഎ) പ്രകാരം വാട്ട്‌സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റയെ യൂറോപ്യൻ കമ്മീഷൻ "ഗേറ്റ് കീപ്പർ" ആയി തരംതിരിച്ചിരുന്നു. ഇതിനെ തുടർന്നാണ് വാട്സ്ആപ്പ് ക്രോസ്-പ്ലാറ്റ്‌ഫോം മെസേജിങ് ഫീച്ചറിന്റെ ബീറ്റാ പതിപ്പ് അവതരിപ്പിച്ചത്. കാരണം, ഡിഎംഎ പ്രകാരം, 2024 മാർച്ചോടെ തേർഡ് പാർട്ടി മെസേജിങ് ആപ്ലിക്കേഷനുകളുമായി ഇന്റർഓപ്പറബിളിറ്റി സ്ഥാപിക്കാൻ വാട്സ്ആപ്പ് ബാധ്യസ്ഥരാണ്.
ടെക് കമ്പനികളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള യൂറോപ്യൻ യൂണിയന്റെ സമീപകാല നീക്കങ്ങളുടെ ഫലമായുണ്ടായതാണ് ഡിജിറ്റൽ മാർക്കറ്റ് ആക്ട് (DMA). മെറ്റ അടക്കമുള്ള കമ്പനികളെ ഗേറ്റ് കീപ്പർമാരായാണ് ഇയു ഡിഎംഎ തരംതിരിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്കിടയിലുള്ള തങ്ങളുടെ സേവനം ഉപയോഗിച്ച് വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തുകയും ഡാറ്റ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന കമ്പനികളെയാണ് ഡിഎംഎ ഗേറ്റ്കീപ്പർമാരായി നിർവചിക്കുന്നത്.

ഡിഎം ആക്ട് പ്രകാരം ഗേറ്റ്കീപ്പർമാർ നിരവധി മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്: മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷനുകൾ ( pre-installed applications) അൺഇൻസ്റ്റാൾ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കണം. തേർഡ് പാർട്ടി ഡെവലപ്പർമാർക്ക് തങ്ങളുടെ ഡാറ്റയിലേക്ക് ആക്സസ് അനുവദിക്കണം, വിവിധ മെസേജിങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനുള്ള പ്രക്രിയ ലളിതമാക്കണം. എന്നിവയൊക്കെയാണ് പ്രധാന നിർദേശങ്ങൾ.
ഈ മാനദണ്ഡങ്ങളുടെ ഭാഗമായാണ് പുതിയ ക്രോസ് മെസേജിങ് ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ് തയാറെടുത്തിരിക്കുന്നത്. ഡിഎംഎ നിർദ്ദേശങ്ങൾക്ക് അനുസൃതമായി, മെറ്റയും മൈക്രോസോഫ്റ്റും സ്വന്തം മൊബൈൽ ആപ്ലിക്കേഷൻ നവീകരിക്കാൻ തയാറെടുക്കുകയാണ്. ആപ്പിളിന്റെ iMessage, മൈക്രോസോഫ്ടിന്റെ ബിങ് സെർച്ച് എഞ്ചിൻ, എഡ്ജ് ബ്രൗസർ, എന്നിവ ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് യൂറോപ്യൻ കമ്മീഷൻ അന്വേഷിക്കുന്നുണ്ട്.


Click it and Unblock the Notifications