വാട്സ്ആപ്പ് അപ്ഡേറ്റുകൾ തീരുന്നില്ല; ഫോട്ടോ, വീഡിയോ മെസേജുകളിൽ പുതിയ മാറ്റം
കൂടുതൽ മാറ്റങ്ങൾ നൽകി ഉപഭോക്താക്കളെ പിടിച്ചു നിർത്താൻ ജനപ്രിയ മെസേജിങ് ആപ്പ് ആയ വാട്സ്ആപ്പിന്റെ ശ്രമം. പുതിയതായി ഫോട്ടോകൾ വീഡിയോകൾ എന്നിവയുടെ അടിക്കുറിപ്പുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ്. പ്രമുഖ മാധ്യമമായ ഐഎഎൻഎസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഉപഭോക്താക്കൾക്ക് വലിയ ഉപകാരമായിരിക്കും ഈ ഫിച്ചർ എന്നാണ് വാട്സ്ആപ്പ് പ്രതീക്ഷിക്കുന്നത്. ഫോട്ടോകൾക്കും വീഡിയോകൾക്കും പുറമെ ജിഐഎഫ്, ഡോക്യുമെന്റുകൾ എന്നിവയിലും ഈ ഫീച്ചർ ഉപകാരപ്രദം ആയിരിക്കും. നിലവിൽ ചില ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകുന്നുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ എല്ലാ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാകുമെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.

കഴിഞ്ഞ മെയ് മാസത്തിലാണ് അയച്ച ടെക്സ്റ്റ് മെസേജുകളിലെ തെറ്റ് തിരുത്തനായി എഡിറ്റ് ഓപ്ഷൻ വാട്സ്ആപ്പ് അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് അയയ്ക്കുന്ന ഫോട്ടോകളിലേയും വീഡിയോകളിലേയും അടിക്കുറിപ്പ് തിരുത്താനുള്ള ഫീച്ചർ അവതരിപ്പിക്കുന്നത്. അയച്ച് 15 മിനുറ്റിനുള്ളിൽ സന്ദേശങ്ങൾ എഡിറ്റ് ചെയ്യേണ്ടതാണ്. ഇല്ലെങ്കിൽ ഇവ പിന്നീട് എഡിറ്റ് ചെയ്യാൻ സാധിക്കില്ല. അടിക്കുറിപ്പുകൾക്ക് അക്ഷരതെറ്റ് സംഭവിച്ചാലോ കൂട്ടിച്ചേർക്കലുകൾ ആവിശ്യമായി വന്നലോ ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാവുന്നതാണ്.
ഇതിനായി അയച്ച സന്ദേശത്തിൽ ദീർഘനേരം അമർത്തിയതിന് ശേഷം മെനുവിൽ നിന്ന് എഡിറ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ അടിക്കുറിപ്പ് തിരുത്താനായി പ്രത്യേകം ഓപ്ഷൻ ലഭിക്കുന്നതാണ്. അടുത്തിടെയാണ് വാട്സ്ആപ്പ് എച്ച്ഡി ഫോട്ടോകളും വീഡിയോകളും അയയ്ക്കാനുള്ള ഫീച്ചർ പരിചയപ്പെടുത്തിയത്. നേരത്തെ വാട്സ്ആപ്പിൽ അയയ്ക്കുന്ന ചിത്രങ്ങൾക്ക് കംപ്രഷൻ സംഭവിക്കുന്നത് മൂലം ക്ലാരിറ്റി നഷ്ടപ്പെട്ടിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്.

നേരത്തെ ഡൊക്യുമെന്റ് ഫീച്ചർ ഉപയോഗിപ്പെടുത്തി നിലവാരമുള്ള ചിത്രങ്ങൾ അയയ്ക്കാൻ സാധിച്ചിരുന്നെങ്കിലും ഇത് ഒട്ടും യൂസർ ഫ്രണ്ട്ലി ആയിരുന്നില്ല. എന്നാൽ ഇപ്പോൾ വളരെ എളുപ്പത്തിൽ തന്നെ ഉപഭോക്താക്കൾക്ക് മികച്ച ഗുണനിലവാരമുള്ള ചിത്രങ്ങൾ സുഹൃത്തുക്കളുമായി വാട്സ്ആപ്പിലൂടെ പങ്കിടാവുന്നതാണ്. ഇതിനായി ചിത്രം അയയ്ക്കാനുള്ള ആളെ ആദ്യം തിരഞ്ഞെടുക്കണം. പിന്നീട് അയയ്ക്കാനുള്ള ചിത്രം തിരഞ്ഞെടുക്കുകയോ അല്ലെങ്കിൽ തൽക്ഷണം ക്യാമറയിൽ നിന്ന് ഒരു ഫോട്ടോ എടുക്കുകയോ ചെയ്യാം.
ഫോട്ടോ അയക്കുന്നതിന് മുമ്പ് എഡിറ്റിംഗിൽ സ്റ്റാന്റേർഡ് അല്ലെങ്കിൽ എച്ച്ഡി ഓപ്ൽൻ നൽകിയിട്ടുണ്ടാകും ഇതിൽ ഏത് വേണം എന്ന് തിരഞ്ഞെടുക്കുക. ഇതിന് ശേഷം ചിത്രം ആളുകൾക്ക് അയാക്കാവുന്നതാണ്. നിങ്ങൾ അയച്ച മീഡിയ ഹൈ ഡെഫനിഷൻ ആണെന്ന് സൂചിപ്പിക്കാൻ ഒരു എച്ച്ഡി ബാഡ്ജും ചിത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്. ക്ലാരിറ്റി കൂടിയത് കൊണ്ട് തന്നെ സാധാരണ വേഗത്തിൽ ചിത്രം സെന്റ് ആകണം എന്നില്ല നിങ്ങളുടെ ഇന്റർനെറ്റ് വേഗതയെ അനുസരിച്ചിരിക്കും ഫോട്ടോ സെന്റ് ആകാനുള്ള സമയം.
നെറ്റ്വർക്ക് കുറവുള്ള പ്രദേശങ്ങളിൽ ഈ ഫീച്ചറുകൾ പ്രവർത്തിപ്പിക്കാൻ പ്രയാസമായിരിക്കും എന്ന മുന്നറിയിപ്പും കമ്പനി നൽകിയിട്ടുണ്ട്. എച്ച്ഡി (2000x3000 പിക്സൽ), സ്റ്റാൻഡേർഡ് (1365x2048 പിക്സൽ) എന്നി നിലവാരത്തിൽ ചിത്രങ്ങൾ അയയ്ക്കാനുള്ള ഓപ്ഷനാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ എച്ച്ഡി ഫോട്ടോകൾക്ക് സാധാരണ ഫോട്ടോകളെക്കാളും സ്റ്റോറേജ് ആവിശ്യമാണെന്ന കാര്യം ഉപഭോക്താക്കാൾ ശ്രദ്ധയിൽ സൂക്ഷിക്കണം. പുതിയ മാറ്റത്തെക്കുറിച്ച് മെറ്റ തലവൻ മാർക്ക് സക്കർബർഗ് ഫെയിസ്ബുക്കിൽ അറിയിപ്പ് നൽകിയിരുന്നു.
"വാട്ട്‌സ്ആപ്പിൽ ഫോട്ടോകൾ പങ്കിടുന്നതിന് ഇപ്പോൾ ഒരു അപ്‌ഗ്രേഡ് ലഭിച്ചു - ഇപ്പോൾ നിങ്ങൾക്ക് എച്ച്ഡിയിൽ അയയ്‌ക്കാം." എങ്ങനെയായിരുന്നു സക്കർബർഗിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. അതേ സമയം വാട്സ്ആപ്പ് മൾട്ടി ഡിവൈസ് ശേഷി, സ്ക്രീൻ ഷെയറിങ് ഓപ്ഷൻ, ഇൻസ്റ്റന്റ് വീഡിയോ മെസേജ്, ചാറ്റ് ലോക്ക്, അഞ്ജാത കോളുകൾ സൈലന്റ് ആക്കാനുള്ള ഫീച്ചർ തുടങ്ങി നിരവധി ഫീച്ചറുകളാണ് അടുത്തിടെ വാട്സ്ആപ്പിൽ വന്നിരിക്കുന്നത്.
മൾട്ടി ഡിവൈസ് ശേഷി അവതരിപ്പച്ചതോടെ ഒരേ സമയം നാല് ഉപകരണങ്ങളിൽ വാട്സ്ആപ്പ് പ്രവർത്തിപ്പിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. മറുവശത്ത് ആകട്ടെ ഓഫീസ് മീറ്റിങ്ങുകൾ, ഓൺ ലൈൻ ക്ലാസുകൾ എന്നിവയ്ക്ക് ഒരുപാട് ഉപകാരപ്പെടുന്ന സ്ക്രീൻ ഷെയറിങ് ആപ്ഷനും വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിൾ മീറ്റ്, സൂം പോലുള്ള ആപ്പുകളെ അനുകരിച്ചായിരുന്നു വാട്സ്ആപ്പിന്റെ ഈ മാറ്റം.


Click it and Unblock the Notifications








