വാട്സ്ആപ്പിൽ ശല്യം ചെയ്യുന്നവരിൽ നിന്നും ലാസ്റ്റ് സീനും ഓൺലൈനുള്ളതും മറച്ച് വെക്കാം
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനിൽ ഒന്നാണ് വാട്സ്ആപ്പ്. ആപ്പിന്റെ യൂസർ ഫ്രണ്ട്ലി ഫീച്ചറുകളും മികച്ച സപ്പോർട്ടുമൊക്കെ ഇതിന് കാരണവുമാണ്. നിലവിൽ ലഭ്യമായതിൽ ഏറ്റവും സുരക്ഷിതമായ മെസേജിങ് ആപ്ലിക്കേഷൻ എന്നൊരു ഇമേജും മെറ്റയുടെ ഈ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷന്റെ സ്വീകാര്യത കൂട്ടുന്നു. ഉപയോക്താവിന് ധാരാളം സൗകര്യങ്ങൾ നൽകുമ്പോൾ തന്നെ തട്ടിപ്പുകാർക്കും നമ്മേ പിന്തുടർന്ന് ശല്യം ചെയ്യുന്നവർക്കും ഒക്കെ ചൂഷണം ചെയ്യാവുന്ന നിരവധി ഫീച്ചറുകളും ഇതിൽ ഉണ്ട്. . 'ലാസ്റ്റ് സീൻ' സ്റ്റാറ്റസും 'ഓൺലൈൻ' സ്റ്റാറ്റസും ചില തേർഡ് പാർട്ടിആപ്പുകൾ ട്രാക്ക് ചെയ്യുന്നതിനായി ഉപയോഗിക്കാറുണ്ട്. ഇങ്ങനെ നമ്മുടെ ഓൺലൈൻ സാന്നിധ്യം മനസിലാക്കാൻ തട്ടിപ്പുകാർക്ക് കഴിയുന്നു.

മുമ്പ് ചാറ്റ് ചെയ്യാത്ത ഉപയോക്താക്കളുടെ 'ഓൺലൈൻ' സ്റ്റാറ്റസോ 'ലാസ്റ്റ് സീൻ' സ്റ്റാറ്റസോ കാണാൻ കഴിയുന്നില്ലെന്ന് ചില ഉപയോക്താക്കൾ ശ്രദ്ധിച്ചിരിക്കാം. വാട്സ്ആപ്പ് ബീറ്റ ഫീച്ചറുകൾ ട്രാക്ക് ചെയ്യുന്ന ചില ഓൺലൈൻ വെബ്സൈറ്റുകളുടെ റിപ്പോർട്ട് അനുസരിച്ച് വാട്സ്ആപ്പ് ചില പുതിയ ഫീച്ചറുകൾ പരീക്ഷിക്കുന്നുണ്ട്. യൂസേഴ്സിന്റെ ടൈം ലോഗുകളിലേക്കുള്ള ആക്‌സസ് നേടുന്നതിൽ നിന്ന് തേർഡ് പാർട്ടിആപ്ലിക്കേഷനുകളെ തടയാൻ വേണ്ടിയാണ് വാട്സ്ആപ്പ് പുതിയ ഫീച്ചറുകൾ കൊണ്ടു വരുന്നതെന്നാണ് റിപ്പോർട്ടുകൾ.

ആൻഡ്രോയിഡ് ഡിവൈസുകളിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നുള്ള ചില തേർഡ് പാർട്ടി ആപ്പുകളാണ് ഇത്തരത്തിൽ ടൈംലോഗുകൾ ആക്സസ് ചെയ്യുന്നത്. ഐഒഎസ് ഡിവൈസുകളിൽ ആപ്പ് സ്റ്റോറിൽ നിന്നുള്ള ചില തേർഡ് പാർട്ടി ആപ്പുകളും 'ഓൺലൈൻ' സ്റ്റാറ്റസ് സമയവും 'ലാസ്റ്റ് സീൻ' സമയവും ഇത്തരത്തിൽ ആക്‌സസ് ചെയ്യുന്നു. അത്തരം ആപ്പുകൾ ടൈംലോഗ് ഡാറ്റ ആക്‌സസ് ചെയ്യുന്നത് തടയാൻ ആണ് വാട്സ്ആപ്പ് ഇപ്പോൾ ചില സുരക്ഷാ മാർഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

തമ്മിൽ ചാറ്റ് ചെയ്യുന്നവർക്കിടയിൽ കുറച്ച് ചാറ്റ് ഹിസ്റ്ററി ഉണ്ടാകുന്നത് വരെ ഉപയോക്താക്കൾക്ക് പരസ്പരം ലാസ്റ്റ് സീൻ കാണാൻ അനുവദിക്കില്ലെന്നതാണ് ഫീച്ചറുകളുടെ പ്രത്യേകത. രണ്ട് അക്കൗണ്ടുകളിലും 'ലാസ്റ്റ് സീൻ' സ്റ്റാറ്റസ് സജീവമായിരിക്കുമ്പോൾ പോലും ആവശ്യത്തിന് ചാറ്റ് ഹിസ്റ്ററി ഇല്ലാതെ ലാസ്റ്റ് സീൻ കാണാൻ കഴിയില്ല. ഓൺലൈൻ സ്റ്റാറ്റസും ഇങ്ങനെ കാണിക്കില്ല. ഉപയോക്താവുമായി ആശയവിനിമയം നടത്തുന്ന സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബിസിനസ്സുകളുമായും ചാറ്റ് ചെയ്യുന്നതിന് ഈ പുതിയ പരിമിതി ഒരു തടസവും സൃഷ്ടിക്കില്ലെന്ന് വാട്സ്ആപ്പ് ഉറപ്പ് നൽകുന്നു. ഒരു ചോദ്യത്തിന് മറുപടിയായി വാട്സ്ആപ്പ് സപ്പോർട്ട് ടീം അറിയിച്ചു. "ഞങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന്, നിങ്ങൾക്ക് അറിയാത്തവരും ചാറ്റ് ചെയ്യാത്തവരുമായ ആളുകൾക്ക് വാട്സ്ആപ്പിൽ നിങ്ങളുടെ ലാസ്റ്റ് സീനും ഓൺലൈൻ സാന്നിധ്യവും തിരിച്ചറിയുന്നത് ഞങ്ങൾ ബുദ്ധിമുട്ടാക്കുന്നു."

പുതിയ ഫീച്ചേഴ്സ് യൂസേഴ്സിനും അവരുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനും തങ്ങൾക്ക് അറിയാവുന്നതോ മുമ്പ് സന്ദേശമയച്ചതോ ആയ ചാറ്റുകൾക്കിടയിൽ ഒരു മാറ്റവും വരുത്തില്ലെന്നും കമ്പനി പറയുന്നു. ഇത്തരത്തിൽ നിങ്ങൾ സ്ഥിരമായി ചാറ്റ് ചെയ്യുന്ന ആരുടെയെങ്കിലും ലാസ്റ്റ് സീനോ ഓൺലൈൻ സ്റ്റാറ്റസോ കാണാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ കോൺടാക്റ്റ് എല്ലാവരുമായും അവരുടെ സ്റ്റാറ്റസ് ഷെയർ നിർത്തിയിരിക്കാം. അല്ലെങ്കിൽ വളരെക്കുറച്ച് പേർക്ക് മാത്രമായി ലാസ്റ്റ് സീൻ സ്റ്റാറ്റസ് അടക്കമുള്ള ടൈം ലോഗുകൾ ചുരുക്കിയിട്ടും ഉണ്ടാവാം.

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താൻ വാട്സ്ആപ്പ് ഇടയ്ക്കിടെ പുതിയ അപ്‌ഡേറ്റുകൾ അവതരിപ്പിക്കാറുണ്ട്. ഇത്തരത്തിൽ ഉപയോക്താക്കൾക്കായി പുറത്തിറക്കിയ ഫീച്ചറുകളിൽ ഒന്നാണ് ഡിസപ്പിയറിങ് മെസേജസ്. ഡിസപ്പിയറിങ് മെസേജസ് ഫീച്ചറിൽ കൂടുതൽ പുതിയ ഓപ്ഷനുകളും കൊണ്ട് വരികയാണ് കമ്പനിയിപ്പോൾ. ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ എല്ലാവർക്കും ഡിഫോൾട്ടായി സെറ്റാക്കാനും സന്ദേശങ്ങൾ ചാറ്റുകളിൽ നിലനിൽക്കാനുള്ള ടൈം ഡൂറേഷൻ തീരുമാനിക്കാൻ അവസരം നൽകുന്നതുമാണ് ഫീച്ചർ.

ഉപയോക്താക്കളെ അവരുടെ ഡിസപ്പിയറിങ് മെസേജസിന് സമയ ദൈർഘ്യം സജ്ജമാക്കാൻ പുതിയ ക്രമീകരണം സഹായിക്കും. നിലവിൽ മൂന്ന് രീതികളിൽ മെസേജുകൾ ഡിസപ്പിയർ ആകാനുള്ള സമയ പരിധി സെറ്റ് ചെയ്യാം. 24 മണിക്കൂർ, 90 ദിവസം, 7 ദിവസം എന്നിങ്ങനെയാണ് കമ്പനി നിലവിൽ നൽകിയിരിക്കുന്ന ടൈം പിരീഡ്. പുതിയ ഫീച്ചർ സെറ്റ് ചെയ്യുന്നതോടെ ഉപയോക്താവിന്റെ എല്ലാ സന്ദേശങ്ങളും നിശ്ചിത സമയത്തിന് ശേഷം അപ്രത്യക്ഷമാകും. നിങ്ങൾ തിരഞ്ഞെടുത്ത ഡിഫോൾട്ട് ഓപ്‌ഷനാണ് ഇതെന്ന് കാണിക്കുന്ന ഒരു മെസേജ് ഈ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്ത ശേഷം അയയ്‌ക്കുന്ന എല്ലാ സന്ദേശങ്ങളിലും കാണിക്കും.

ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ
- ആദ്യമായി നിങ്ങളുടെ ഡിവൈസിലെ വാട്സ്ആപ്പ് ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്യുക.
- ഹോംസ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള ഹാംബർഗർ ഐക്കണിൽ ( മൂന്ന് ഡോട്ടുകളിൽ ) ടാപ്പ് ചെയ്യുക.
- ശേഷം സെറ്റിങ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക, ഇവിടെ നിന്നും 'അക്കൗണ്ട്' ടാബ് തുറക്കുക.
- ശേഷം 'പ്രൈവസി' ടാബിൽ ടാപ്പ് ചെയ്‌ത് 'ഡിഫോൾട്ട് മെസേജ് ടൈമർ' തിരഞ്ഞെടുക്കുക.
- അനുയോജ്യമായ ഡൂറേഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ ചാറ്റ് ബോക്സിലേക്ക് മടങ്ങുക.

വാട്സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റിനൊപ്പം, നിങ്ങൾ ഒരു ഗ്രൂപ്പ് തുടങ്ങുമ്പോൾ ഡിസപ്പിയറിങ് മെസേജസ് ഓണാക്കാനുള്ള ഓപ്ഷനും കമ്പനി അവതരിപ്പിക്കുന്നു. നിലവിൽ ഓപ്ഷണൽ എന്ന നിലയ്ക്കാണ് പുതിയ ഫീച്ചർ കമ്പനി വാഗ്ദാനം ചെയ്യുന്നത്. നിലവിലുള്ള ചാറ്റുകളിൽ മാറ്റം വരുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. കഴിഞ്ഞ വർഷം നവംബറിൽ ആണ് വാട്സ്ആപ്പ് ആദ്യമായി ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ പുറത്തിറക്കിയത്. ആദ്യ ഘട്ടത്തിൽ വ്യക്തിഗത ചാറ്റുകൾക്ക് മാത്രമായിരുന്നു ഫീച്ചർ ലഭ്യമായിരുന്നത്, മെസേജ് ഡിലീറ്റ് ആവുന്നതിനുള്ള സമയ പരിധി 7 ദിവസമായും സജ്ജീകരിച്ചിരുന്നു.


Click it and Unblock the Notifications








