മണിച്ചിത്രത്താഴിന് മുകളിൽ ഒരു ആമത്താഴ് കൂടി; രഹസ്യ ചാറ്റ് സ്ട്രോങ് ആക്കാനുള്ള വാട്സ്ആപ്പ് ഫീച്ചറെത്തി!
ഉപയോക്താക്കളുടെ രഹസ്യ ചാറ്റുകൾക്ക് ഇരട്ടി സുരക്ഷ ഉറപ്പാക്കുന്ന പുതിയ സീക്രട്ട് കോഡ് ഫീച്ചർ ( WhatsApp Secret code feature ) വാട്സ്ആപ്പ് പുറത്തിറക്കി തുടങ്ങി. ഇത്തരമൊരു ഫീച്ചർ വാട്സ്പ്പ് തയാറാക്കുന്നതായി മുൻപ് വാർത്തകൾ വന്നിരുന്നു. എന്നാൽ അന്ന് ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
ഇപ്പോൾ ബീറ്റ ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് സീക്രട്ട് ചാറ്റ് ലോക്ക് ഫീച്ചർ പുറത്തിറക്കി തുടങ്ങിയിരിക്കുകയാണ്. അധികം വൈകാതെ സാധാരണ ഉപയോക്താക്കളിലേക്കും ഈ ഫീച്ചർ എത്തിത്തുടങ്ങുമെന്ന് ഇത് വ്യക്തമാക്കുന്നു. വാബീറ്റഇൻഫോ ആണ് ഈ സീക്രട്ട് ചാറ്റ് ലോക്ക് ഫീച്ചർ ബീറ്റ അപ്ഡേറ്റ് എത്തിയതായി സ്ക്രീൻഷോട്ട് സഹിതം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വാട്സ്ആപ്പ് ചാറ്റുകളിൽ ചിലത് ഏറെ രഹസ്യമായി സൂക്ഷിക്കാൻ ഉപയോക്താക്കൾ ആഗ്രഹിച്ചിരുന്നു. ഇത് മനസിലാക്കി കുറച്ചുനാൾ മുൻപ് വാട്സ്ആപ്പ് ചാറ്റ് ലോക്ക് ഫീച്ചർ കൊണ്ടുവരികയും ചെയ്തു. ഏതെങ്കിലും ചാറ്റ് ഫിംഗർപ്രിന്റ് അല്ലെങ്കിൽ പാസ്വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത് സൂക്ഷിക്കാനുള്ള അവസരം ഈ ചാറ്റ് ലോക്ക് ഫീച്ചർ ഉപയോക്താവിന് നൽകി.
ഇപ്പോൾ ചാറ്റ് ലോക്ക് ഫീച്ചറിന് ഒരു അധിക സപ്പോർട്ട് എന്ന നിലയിലാണ് സീക്രട്ട് കോഡ് എന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. അതായത് ഒരു മണിച്ചിത്ര താഴിന് മുകളിൽ മറ്റൊരു ആമത്താഴുകൂടി ഇട്ട് പൂട്ടി സുരക്ഷ രണ്ടിരിട്ടിയാക്കുന്നത് പോലെ ഒരു നീക്കം. ബീറ്റ ഉപയോക്താക്കൾക്കായി ആൻഡ്രോയിഡ് 2.23.24.20 പതിപ്പിലാണ് വാട്സ്ആപ്പ് സീക്രട്ട് കോഡ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

വാട്സ്ആപ്പ് സീക്രട്ട് കോഡ് എന്നത് ഉപയോക്താക്കൾക്ക് അവരുടെ ലോക്ക് ചെയ്ത ചാറ്റുകൾക്കായി ഒരു രഹസ്യ കോഡ് സൃഷ്ടിക്കാൻ കഴിയുന്ന ഫീച്ചർ ആണ്. രഹസ്യ ചാറ്റുകൾ ആക്‌സസ് ചെയ്യുന്നതിനുള്ള ഒരു പാസ്‌വേഡായി ഈ രഹസ്യ കോഡ് പ്രവർത്തിക്കും. ആപ്പിന്റെ സെർച്ച് ബാറിൽ ഈ രഹസ്യ കോഡ് നൽകി ഉപയോക്താക്കൾക്ക് ലോക്ക് ചെയ്ത ചാറ്റുകൾക്കായി തിരയാം.
സീക്രട്ട് കോഡ് ഉപയോഗിച്ച് ശരിയായ കോഡ് നൽകുമ്പോൾ മാത്രമേ ലോക്ക് ചെയ്‌ത ചാറ്റ് ലിസ്റ്റ് ദൃശ്യമാകൂ. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് വാട്സ്ആപ്പ് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്ന് ഈ പുതിയ ഫീച്ചർ വ്യക്തമാക്കുന്നു. എൻഡ് ടു എൻഡ് എൻക്രിപറ്റ് സുരക്ഷ ഉറപ്പാക്കി സാധാരണ ഗതിയിലുള്ള ചാറ്റുകൾ തന്നെ വാട്സ്ആപ്പ് സുരക്ഷിതമാക്കിയിരിക്കുന്നു.
എന്നാൽ നമ്മുടെ ഫോൺ പാസ്വേഡും വാട്സ്ആപ്പ് പാസ്വേഡും അറിയാവുന്ന ഒരാളുടെ കൈയിൽ ഫോൺ കിട്ടിയാൽ ചാറ്റുകൾ അയാൾക്ക് കാണാമായിരുന്നു. ഈ പോരായ്മ ഒഴിവാക്കാനാണ് ചാറ്റുകൾക്ക് പ്രത്യേകം ലോക്ക് കൊണ്ടുവന്ന് അവ മറച്ചുവയ്ക്കാൻ ഓപ്ഷനും നൽകിയത്. ഇപ്പോൾ ഒരു പടികൂടി കടന്ന് രഹസ്യമാക്കി വച്ചിരിക്കുന്ന അത്തരം ചാറ്റുകൾ കൂടുതൽ രഹസ്യമാക്കാൻ വാട്സ്ആപ്പ് സീക്രട്ട് കോഡ് സഹായിക്കുന്നു.

പുതിയ ഫീച്ചർ ലഭ്യമാകുന്നതോടെ, ലോക്ക് ചെയ്‌ത ചാറ്റുകൾ ആക്‌സസ് ചെയ്യാൻ ഉപയോക്താക്കൾ ചാറ്റ്‌സ് ടാബിന്റെ സെർച്ച് ബാറിൽ സീക്രട്ട് കോഡ് നൽകണം. നിലവിൽ സ്കീൻ താഴേക്ക് വലിച്ചാൽ ലോക്ക്ഡ് ചാറ്റ്സ് എന്ന് കാണാം. എന്നാൽ സീക്രട്ട് കോഡ് സജ്ജമാക്കിയാൽ ഹോം സ്‌ക്രീൻ താഴേക്ക് വലിക്കുമ്പോൾ ലോക്ക് ചാറ്റുകൾ കാണിക്കില്ല.
ലോക്ക്ഡ് ചാറ്റ്സ് കാണിക്കാത്തതിനാൽ തന്നെ നിങ്ങൾ ഏതെങ്കിലും ചാറ്റ് രഹസ്യമാക്കി വച്ചിട്ടുണ്ടോ എന്ന് ഫോൺ പരിശോധിക്കുന്നവർക്ക് അറിയാൻ കഴിയില്ല. ശരിയായ കോഡ് നൽകിയാൽ മാത്രമേ ലോക്ക് ചെയ്തിരിക്കുന്ന ചാറ്റും പ്രത്യക്ഷപ്പെടൂ. ഈ ഫീച്ചർ ആളുകൾക്ക് കൂടുതൽ സുരക്ഷിതത്വ ബോധം നൽകുമെന്ന് ഉറപ്പാണ്.
വാട്സ്ആപ്പ് സീക്രട്ട് കോഡ് എങ്ങനെ സജ്ജീകരിക്കാം: ലോക്ക്ഡ് ചാറ്റ് ലിസ്റ്റ് തുറക്കുക. ത്രീ-ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക. ചാറ്റ് ലോക്ക് സെറ്റിങ്സ് ടാബിന് കീഴിൽ, 'Hide locked chats' ഓപ്ഷൻ ഓണാക്കുക. തുടർന്ന് സീക്രട്ട് കോഡ് സൃഷ്ടിക്കുക. ഓർക്കാൻ എളുപ്പമുള്ള നമ്പർ വേണം നൽകാൻ, കാരണം നമ്പർ റീസെറ്റ് ചെയ്യേണ്ടിവന്നാൽ ലോക്ക് ചാറ്റുകൾ നഷ്ടമാകും.


Click it and Unblock the Notifications








