സ്വകാര്യത തന്നെയാണ് പ്രധാനം: വാട്‌സ്ആപ്പിലെ പുത്തൻ ഫീച്ചർ പണിപ്പുരയിൽ
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പാണ് വാട്‌സ്ആപ്പ്. നിരവധി പുത്തൻ ഫീച്ചറുകൾ പുറത്തിറക്കാൻ യാതൊരു പിശുക്കും വാട്‌സ്ആപ്പ് കാണിക്കാറില്ല. ഉപയോക്താക്കളുടെ ആവശ്യം അറിഞ്ഞുള്ള മാറ്റങ്ങൾക്കാണ് മെറ്റ ശ്രമിക്കുന്നത്. അടുത്തിടെ വാട്‌സ്ആപ്പ് കൊണ്ടു വരുന്ന ഫീച്ചറുകൾക്കെല്ലാം വലിയ കയ്യടിയാണ് ലഭിക്കുന്നത്. ഒന്നിനു പുറമെ ഒന്നായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഉപയോക്താക്കൾക്ക് കാര്യങ്ങൾ ഏറ്റവും വേഗത്തിലാക്കുകയാണ് വാട്‌സ്ആപ്പ്. ഈ അടുത്തായി വോയിസ് മെസേജ് വായിക്കാവുന്ന തരത്തിൽ ടെക്സ്റ്റ് രൂപത്തിലാക്കാനുള്ള ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. യൂസർ ഫ്രണ്ട്‌ലിയും പ്രൈവസിയും മുൻ നിർത്തിയാണ് ഓരോ ഫീച്ചറുകളും വാട്‌സ്ആപ്പ് പുറത്തിറക്കാറുള്ളത്.
ഇപ്പോഴിതാ വീഡിയോ കോൾ ചെയ്യുമ്പോൾ ക്യാമറ ഓണാവാതിരിക്കാനുള്ള ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റയുടെ ഈ മെസ്സേജിങ് പ്ലാറ്റ്‌ഫോം. നേരത്തെ ഒരാൾ മറ്റൊരാൾക്ക് വീഡിയോ കോൾ ചെയ്യുമ്പോൾ ക്യാമറ തനിയെ ഓണാവുകയാണ് പതിവ്. എന്നാൽ പുത്തൻ അപ്‌ഡേറ്റിൽ ക്യാമറ ഓൺ ആവാൻ പ്രത്യേകം പെർമിഷൻ നൽകേണ്ടി വരും.

പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് വീഡിയോ കോൾ വരുമ്പോഴുണ്ടാകുന്ന സുരക്ഷാ പ്രശ്‌നത്തിന് പരിഹാരമായാണ് വാട്‌സ്ആപ്പിന്റെ ഈ നീക്കം. വാട്‌സ്ആപ്പ് ബീറ്റ പതിപ്പിൽ (ആൻഡ്രോയിഡിന് 2.25.7.3) ആൻഡ്രോയിഡ് അതോറിറ്റിയാണ് ഈ സവിശേഷത കണ്ടെത്തിയത്. ഉപയോക്താവിന് ഒരു വീഡിയോ കോൾ വരുമ്പോൾ 'Accept without video' എന്ന ഓപ്ഷൻ കാണും.
ഈ ഓപ്ഷൻ ടാപ്പ് ചെയ്താൽ ക്യാമറ ഓഫാകും. വീഡിയോ കോൾ വോയ്സ് കോൾ മാത്രമായി മാറും. നിലവിൽ കോൾ സ്വീകരിച്ചതിനുശേഷം മാത്രമേ ഉപയോക്താവിന് വീഡിയോ കോൾ പ്രവർത്തനരഹിതമാക്കാൻ കഴിയൂ. നിങ്ങൾക്ക് അത് മുൻകൂട്ടി ചെയ്യാൻ കഴിയില്ല. നിലവിൽ വരാൻ പോകുന്ന ഈ പുത്തൻ ഫീച്ചർ വാട്‌സ്ആപ്പിനെ കൂടുതൽ ജനകീയമാക്കും.

വാട്‌സ്ആപ്പിൽ വിഡിയോ കോൾ ഒപ്ഷൻ വന്ന ശേഷം നിരവധി തട്ടിപ്പുകളും ഭീഷണികളും എല്ലാം വന്നിരുന്നു. വീഡിയോ കോൾ ചെയ്താണ് പലരെയും കുരുക്കിലാക്കുന്നത്. പലപ്പോഴും കോൾ അറ്റൻഡ് ചെയ്യുന്നതിന് മുമ്പ് ക്യാമറ ഓഫാക്കാൻ കഴിയാത്തതാണ് തട്ടിപ്പ് സംഘത്തിന് വളമാകുന്നത്. വാട്‌സ്ആപ്പ് പരീക്ഷിക്കുന്ന ഈ പുതിയ ഫീച്ചർ ഉപയോക്താക്കൾക്ക് ഏറെ ഗുണകരമാകും. ഒപ്പം തട്ടിപ്പ് സംഘത്തിന് ക്ഷീണവും ചെയ്യും.
എത്ര മികച്ച ഫീച്ചറുകൾ വന്നാലും അജ്ഞാത നമ്പറുകളിൽ നിന്നുള്ള വോയ്സ് അല്ലെങ്കിൽ വീഡിയോ കോളുകൾ സ്വീകരിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. തട്ടിപ്പ് സംഘം വലവിരിച്ച് കാത്തിരിക്കുന്നുണ്ട്. ഇനി കോൾ സ്വീകരിച്ചേ മതിയാകൂ എന്നുണ്ടെങ്കിൽ ഈ വരാൻ പോകുന്ന ഫീച്ചർ നിങ്ങൾക്ക് ഏറെ ഉപകാരമാകും. എപ്പോഴും സുരക്ഷ മുൻ നിർത്തിയാണ് സൈബർ ലോകത്ത് ഇടപഴകാൻ പാടുള്ളു.

വാട്സ്ആപ്പ് വഴിയുള്ള തട്ടിപ്പുകൾ വർധിച്ചതോടെ സർക്കാറിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ അക്കൗണ്ട് ഒറ്റയടിക്ക് ബ്ലോക്ക് ആക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. 85 ലക്ഷത്തോളം ഇന്ത്യൻ അക്കൗണ്ടുകളാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയതോടെ കഴിഞ്ഞ മാസം മെറ്റ നിരോധിച്ചത്.
ആപ്ലിക്കേഷന്റെ ദുരുപയോഗം തടയാനും വിശ്വാസ്യത വർധിപ്പിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് 85 ലക്ഷത്തോളം അക്കൗണ്ടുകൾക്കെതിരെ ഒരൊറ്റ മാസം കൊണ്ട് വാട്സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചതെന്നാണ് മെറ്റയുടെ വിശദീകരണം. ക്രിത്യമായ കണക്കുകൾ നോക്കുകയാണെങ്കിൽ വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ട്രാൻസ്പറിൻസി റിപ്പോർട്ട് അനുസരിച്ച് ജനുവരിയിൽ ഇന്ത്യയിൽ 84,58,000 ഉപയോക്താക്കളെ നിരോധിച്ചിട്ടുണ്ട്.


Click it and Unblock the Notifications








