എല്ലാം ചെക്ക് ചെയ്യാൻ ആളെ ഏൽപ്പിച്ചിട്ടുണ്ട് ! വാട്‌സ്ആപ്പ് ടെക്‌സ്റ്റ് മെസ്സേജിൽ വരുന്നത് നല്ലൊരു മാറ്റം
ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് അടുത്ത ഫീച്ചർ അവതരിപ്പിക്കുന്നു. ഉപയോക്താക്കൾക്ക് വ്യത്യസ്ത ശൈലികളിൽ ടൈപ്പ് ചെയ്യുന്ന വാചകങ്ങൾ പ്രൂഫ് റീഡ് ചെയ്യാനും റീഫ്രെയിസ് ചെയ്യാനും മാറ്റിയെഴുതാനും കഴിയുന്ന ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഉപയോക്താക്കൾ ടെക്സ്റ്റ് ബോക്സിൽ ടൈപ്പ് ചെയ്യുമ്പോൾ സെൻഡ് ബട്ടണിന് അൽപം മുകളിലായി ഒരു പുതിയ പെൻസിൽ ബട്ടൺ ദൃശ്യമാകും. അതിൽ ടാപ്പ് ചെയ്തു കഴിഞ്ഞാൽ ഉപയോക്താവിന് വിവിധ ശൈലികളിൽ ടെക്സ്റ്റ് എഡിറ്റ് ചെയ്യാൻ കഴിയും. കൂടാതെ ടെക്സ്റ്റിന് ഇണങ്ങുന്ന രീതിയിലുള്ള ടോണുകളും ഇതിൽ ഉൾപ്പെടുത്താൻ പറ്റുമെന്നുള്ള സവിശേഷത കൂടി ഇതിനുണ്ട്.
പ്രൂഫ് റീഡ് ഓപ്ഷൻ ഉപയോഗിച്ച് ടൈപ്പ് ചെയ്ത സന്ദേശത്തിലെ അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും വീണ്ടും പരിശോധിക്കാനും എഡിറ്റ് ചെയ്യാനും ഇതിലൂടെ കഴിയും. ഈ ഫീച്ചർ അവസാന ഘട്ടത്തിലാണെന്നും ഉടൻ തന്നെ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നും വാട്സ്ആപ്പ് അധികൃതർ പറയുന്നു. അതിനിടയിൽ ഗ്രൂപ്പ് ചാറ്റുകൾക്കായി എഐയിൽ പ്രവർത്തിക്കുന്ന ഒരു പുതിയ പ്രൊഫൈൽ പിക്ചർ ജനറേറ്റർ അവതരിപ്പിക്കാൻ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.

നിലവിൽ പരിമിതമായ ബീറ്റ ഉപയോക്താക്കളിൽ ഈ ഫീച്ചർ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് വാബീറ്റാഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ബീറ്റ പരിശോധനയ്ക്കായി തിരഞ്ഞെടുത്ത ഉപയോക്താക്കളിലേക്ക് ഈ സവിശേഷത പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്. അതേസമയം ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോം ഗ്രൂപ്പ് ഐക്കണുകളിൽ മാത്രമായി ഈ സവിശേഷതയുടെ ഉപയോഗം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതിനർത്ഥം ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ അക്കൗണ്ടുകൾക്കായി എഐ ജനറേറ്റഡ് പ്രൊഫൈൽ ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല എന്നാണ്. ഉപയോക്താക്കൾക്ക് ഒരു പ്രോംപ്റ്റിലൂടെ അവർ ആഗ്രഹിക്കുന്ന ചിത്രം വിവരിക്കാൻ കഴിയും. തുടർന്ന് എഐ ഗ്രൂപ്പ് പ്രൊഫൈൽ ചിത്രത്തിനായി അവരുടെ മുൻഗണനകൾ, വ്യക്തിത്വം അല്ലെങ്കിൽ മാനസികാവസ്ഥ എന്നിവയുമായി പൊരുത്തപ്പെടുന്ന ഒരു പ്രത്യേക ചിത്രം സൃഷ്ടിക്കും.

ഫ്യൂച്ചറിസ്റ്റിക് ടെക് അല്ലെങ്കിൽ ഫാന്റസി പോലുള്ള തീം അടിസ്ഥാനമാക്കിയുള്ള ഇമേജ് ജനറേഷൻ ഓപ്ഷനുകളും ഈ സവിശേഷത വാഗ്ദാനം ചെയ്തേക്കാമെന്നാണ് ടെക് വിദഗ്ദരുടെ അഭിപ്രായം. ഈ അപ്‌ഡേറ്റ് കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തുമ്പോൾ എഐയിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ് ഐക്കൺ ജനറേഷൻ ടൂൾ ഭാവിയിൽ ഒരു സാധാരണവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ സവിശേഷതയായി മാറിയേക്കാം.
കഴിഞ്ഞ ആഴ്ചമുതൽ വാട്സ്ആപ്പ് ഇന്ത്യയിൽ വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്റ്റുകൾ പുറത്തിറക്കാൻ തുടങ്ങിയിരുന്നു. കൂടാതെ മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് ബ്രോഡ്കാസ്റ്റ് മെസേജുകളുടെ എണ്ണം നിയന്ത്രിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഉപയോക്താക്കൾക്ക് ലഭിക്കുന്ന സ്പാം ബ്രോഡ്കാസ്റ്റ് മെസേജുകളുടെ എണ്ണം കുറയ്ക്കുക എന്നതാണ് വാട്ട്‌സ്ആപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബിസിനസുകൾക്ക് ഒരു ദിവസം അയക്കാൻ കഴിയുന്ന മാർക്കറ്റിംഗ് മെസേജുകളുടെ എണ്ണം പരിമിതപ്പെടുത്താൻ വാട്‌സ്ആപ്പ് ഇതിനോടകം തന്നെ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

വലിയൊരു കൂട്ടം ആളുകളിലേക്ക് വ്യക്തികൾക്കും ബിസിനസുകൾക്കും കൂടുതൽ മെസേജുകൾ അയക്കണമെങ്കിൽ സ്റ്റാറ്റസ്, ചാനലുകൾ പോലെയുള്ള മറ്റ് സാധ്യതകളെ ആശ്രയിക്കേണ്ടി വരുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്. നിലവിൽ വാട്ട്‌സ്ആപ്പ് ബിസിനസ് ഉപയോക്താക്കൾക്ക് പരിധിയില്ലാതെ ബ്രോഡ്കാസ്റ്റ് മെസേജുകൾ അയക്കാൻ കഴിയും.
എന്നാൽ, കൂടുതൽ ഫീച്ചറുകൾ അടങ്ങിയ പണമടച്ചുള്ള പതിപ്പ് അവതരിപ്പിക്കാനും മെറ്റ പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. വാട്‌സ്ആപ്പ് കൂടുതൽ പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്നുണ്ട്. ഇവയിൽ ചിലത് പുറത്തിറക്കിക്കഴിഞ്ഞു. പല ഫീച്ചറുകളും ഇപ്പോഴും വികസന ഘട്ടത്തിലാണ്. ഉടൻ തന്നെ ഈ ഫീച്ചറുകളെല്ലാം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








