വാട്സ്ആപ്പ് കൂടുതൽ കളറാകും; കാത്തിരിക്കാം ഈ അഞ്ച് ഫീച്ചറുകൾക്കായി | WhatsApp
ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് മാതൃ കമ്പനിയായ മെറ്റ. വിൻഡോസ് ഒഎസിനുള്ള പുതിയ ഡെസ്‌ക്‌ടോപ്പ് ആപ്പും ആൻഡ്രോയിഡ്, ഐഒഎസ് വേർഷനുകൾക്കായുള്ള പുത്തൻ ഗ്രൂപ്പ് ഫീച്ചറുകളും കൺട്രോളുകളുമൊക്കെ അടുത്തിടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇവ കൂടാതെ ഈ വർഷം ഒട്ടനവധി പുതിയ ഫീച്ചറുകളും ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.
WhatsApp സംബന്ധിയായ പുതിയ വിവരങ്ങളും ലീക്കുകളുമൊക്കെ പുറത്ത് വിടുന്ന വെബ്സൈറ്റാണ് വാബീറ്റ ഇൻഫോ. സൈറ്റിന്റെ റിപ്പോർട്ടുകൾ അനുസരിച്ച് ചാറ്റിങ് കൂടുതൽ രസകരവും ഇന്ററാക്റ്റീവുമാക്കുന്ന ഫീച്ചറുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. എഡിറ്റ് മെസേജ് ഓപ്‌ഷൻ, വ്യൂ വൺസ് ഓഡിയോ എന്നിങ്ങനെ നീളുന്നു ഫീച്ചറുകളുടെ എണ്ണം. നിലവിൽ ഡെവലപ്പിങ് സ്റ്റേജിലുള്ള ഫീച്ചറുകൾ അധികം വൈകാതെ തന്നെ ബീറ്റ ടെസ്റ്റുകൾക്ക് എത്തുമെന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്. ഈ ഫീച്ചറുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

എഡിറ്റ് മെസേജസ് ഫീച്ചർ : വാട്സ്ആപ്പിൽ അധികം വൈകാതെ ലഭ്യമാകുന്ന ഫീച്ചറുകളിൽ ഒന്നാണ് അയച്ച മെസേജുകൾ വീണ്ടും എഡിറ്റ് ചെയ്യാനുള്ള എഡിറ്റ് മെസേജസ് ഫീച്ചർ. ടൈപ്പ് ചെയ്ത് അയച്ച ശേഷം വേണ്ടിയിരുന്നില്ലെന്ന് തോന്നുന്ന സന്ദേശങ്ങളും അക്ഷരത്തെറ്റുകളുമൊക്കെ തിരുത്താൻ 15 സെക്കൻഡ് യൂസേഴ്സിന് ലഭിക്കുമെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. എഡിറ്റ് ചെയ്ത മെസേജുകളുടെ വശങ്ങളിലായി എഡിറ്റഡ് ലേബലും കാണാൻ കഴിയും. ഇത് മെസേജ് അയച്ച വ്യക്തിക്കും ലഭിച്ച വ്യക്തിക്കും കാണാനും കഴിയും.
ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ അപ്ഡേറ്റ് : ഡിസപ്പിയറിങ് മെസേജസ് സെക്ഷനിലും വാട്സ്ആപ്പ് പുതിയ അപ്ഡേറ്റ് കൊണ്ട് വരുന്നുണ്ട്. ചാറ്റുകളിലെ മെസേജുകൾ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആയിപ്പോകാനുള്ള കാലയളവിലാണ് പരിഷ്കരണം. നിലവിൽ 24 മണിക്കൂർ, 7 ദിവസം, 90 ദിവസം എന്നിങ്ങനെ മൂന്ന് രീതിയിലാണ് ഡിസപ്പിയറിങ് മെസേജസ് സെറ്റ് ചെയ്യാൻ കഴിയുമായിരുന്നത്. 1 മണിക്കൂർ മുതൽ ഒരു വർഷം വരെയുള്ള 15 കാലയളവുകൾ സെലക്റ്റ് ചെയ്യാൻ പുതിയ ഫീച്ചർ സഹായിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചാറ്റുകളിലും ഗ്രൂപ്പുകളിലും മെസേജുകൾ പിൻ ചെയ്യാനുള്ള സൌകര്യം : ചാറ്റ് വിൻഡോയിൽ മെസേജുകൾ പിൻ ചെയ്ത് വയ്ക്കാൻ സഹായിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പിന്റെ പണിപ്പുരയിൽ തയ്യാറാകുന്ന ഫീച്ചറുകളിൽ ഒന്ന്. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലുമെല്ലാം ഇത്തരത്തിൽ മെസേജുകൾ പിൻ ചെയ്ത് വയ്ക്കാൻ കഴിയും. ഇതിനായി ചാറ്റ് വിൻഡോയിലെ പിൻ ഓപ്ഷൻ സെലക്റ്റ് ചെയ്താൽ മതിയാകും. മെസേജ് പിൻ ചെയ്തിട്ടുണ്ടെന്ന് കാണിക്കുന്ന ചെറിയ ഐക്കണും ചാറ്റിൽ കാണാൻ സാധിക്കും.
വ്യൂ വൺസ് ഓഡിയോ ഫീച്ചർ : യൂസേഴ്സിന്റെ സ്വകാര്യത വർധിപ്പിക്കാൻ ലക്ഷ്യമിട്ട് വാട്സ്ആപ്പ് കൊണ്ട് വരുന്ന ഫീച്ചറുകളിൽ ഒന്നാണ് വ്യൂ വൺസ് ഓഡിയോ ഫീച്ചർ. പുതിയ ഫീച്ചർ വരുന്നതോടെ ഒരു പ്രാവശ്യം മാത്രം പ്ലേ ചെയ്യാൻ സാധിക്കുന്ന ഓഡിയോ മെസേജുകൾ അയയ്ക്കാൻ യൂസേഴ്സിന് സാധിക്കും. ഒരു തവണ മാത്രം കാണാൻ കഴിയുന്ന ഫോട്ടോകളും വീഡിയോകളും അയയ്ക്കാറില്ലേ, സമാനമായ രീതിയിൽ ഓഡിയോ മെസേജുകളും അയയ്ക്കാമെന്ന് സാരം.

ഓഡിയോ ചാറ്റ്സ് ഫീച്ചർ : ഓഡിയോ ചാറ്റുകൾ കൂടുതൽ രസകരമാക്കുക എന്ന ലക്ഷ്യത്തോടെ മെറ്റ അവതരിപ്പിക്കാൻ ഒരുങ്ങുന്ന പുതിയ ഫീച്ചറാണ് ഓഡിയോ ചാറ്റ്സ്. ഓഡിയോ ചാറ്റുകളിൽ കണക്റ്റ്ഡ് ആയിട്ടിരിക്കാൻ സഹായിക്കുന്ന ഫീച്ചർ, ഗ്രൂപ്പ് ഓഡിയോ കോളുകളിൽ നിന്നും വ്യത്യസ്തമായ അനുഭവമായിരിക്കും നൽകുക. ചാറ്റ് ഹെഡ്ഡറിൽ രസകരമായ വേവ് രൂപങ്ങളും മറ്റും നൽകി ഫീച്ചർ ആകർഷകമാക്കുകയും ചെയ്യാനാണ് വാട്സ്ആപ്പ് പദ്ധതിയിടുന്നത്.


Click it and Unblock the Notifications








