ഒരൊറ്റ തള്ളാ..! അങ്ങനെ തള്ളാൻ നിൽക്കേണ്ട, വാട്‌സ്ആപ്പിൽ ബ്രോഡ്കാസ്റ്റ് മെസ്സേജിനും പരിധി വരുന്നു
ആഗോളതലത്തിൽ വലിയ സ്വീകാര്യതയുള്ള മെസേജിങ് പ്ലാറ്റ്‌ഫോമാണ് വാട്സ്ആപ്പ്. ഈ പ്ലാറ്റ്‌ഫോം വഴി ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് പരസ്പരം ബന്ധപ്പെടാനും ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവ പോലുള്ള മീഡിയ പങ്കിടാനും വാട്‌സ്ആപ്പിലൂടെ സാധിക്കും. എന്നാൽ വ്യാജ സന്ദേശങ്ങളും തെറ്റായ വാർത്തകളും നിയന്ത്രിക്കുന്നതിനായി ഇനി വാട്‌സ്ആപ്പിലും കടുത്ത നിയന്ത്രങ്ങളാണ് രാജ്യാന്തര തലത്തിൽ കൊണ്ടുവരുന്നത്. വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് പഴയതുപോലെ എല്ലാവർക്കും കണ്ണുംപൂട്ടി സന്ദേശം അയക്കാൻ സാധിക്കില്ല. കോൺടാക്ട് ലിസ്റ്റിലെ ഒന്നിലധികം ആളുകൾക്ക് ഒരേസമയം സന്ദേശം അയയ്ക്കാനാണ് ബ്രോഡ്കാസ്റ്റ് മെസേജ് ഉപയോഗിക്കുന്നത്.
ബ്രോഡ്കാസ്റ്റിൽ പങ്കുവയ്ക്കുന്ന ഒരു സന്ദേശം സാധാരണ സന്ദേശം ലഭിക്കുന്നപോലെ വ്യക്തിഗത ചാറ്റിലായിരിക്കും ലിസ്റ്റിൽ ഉള്ളവർക്ക് ലഭിക്കുക. എന്നാൽ വാട്‌സ്്ആപ്പിൽ ബ്രോഡ് കാസ്റ്റ് മെസേജ് അയക്കുന്നതിൽ കടുത്ത നിയന്ത്രണമാണ് കൊണ്ടുവരുന്നത്. പ്രതിമാസം പരിധി നിശ്ചയിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. പരീക്ഷണടിസ്ഥാനത്തിൽ പ്രതിമാസം 30 ബ്രോഡ്കാസ്റ്റ് മെസേജ് അയക്കാൻ കഴിയുകയുള്ളു.

വ്യക്തിഗത ഉപയോക്താക്കൾക്ക് കൂടുതൽ ആളുകൾക്ക് കൂടുതൽ സന്ദേശങ്ങൾ അയയ്ക്കണമെങ്കിൽ, അവർക്ക് സ്റ്റാറ്റസ് അപ്ഡേറ്റുകളോ ചാനലുകളോ ഉപയോഗിക്കാമെന്ന് മെറ്റാ പറഞ്ഞു. ബിസിനസ് അക്കൗണ്ടുകളിൽ നിന്നുള്ള ബ്രോഡ്കാസ്റ്റ് സന്ദേശങ്ങൾക്ക് ചുറ്റും സമാനമായ സംരക്ഷണം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും കമ്പനി ആലോചിക്കുന്നുണ്ട്. നിലവിൽ വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടുകൾക്ക് സൗജന്യവും പരിധിയില്ലാത്തതുമായ ബ്രോഡ്കാസ്റ്റ് സന്ദേശങ്ങൾ അയയ്ക്കാൻ അവസരം നൽകുന്നുണ്ട്.
കൂടാതെ ബിസിനസ് അക്കൗണ്ട് ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാനും കഴിയും. വ്യാപാരികൾക്ക് 250 ഇഷ്ടാനുസൃത സന്ദേശങ്ങൾ സൗജന്യമായി ലഭിക്കും. തുടർന്ന് അധിക സന്ദേശങ്ങൾക്ക് പണം നൽകേണ്ടിവരും. നിലവിൽ, ഈ സന്ദേശങ്ങൾക്ക് കമ്പനി ഒരു വിലയും നിശ്ചയിച്ചിട്ടില്ല. 2018 ൽ ഇന്ത്യയിൽ വാട്സ്ആപ്പ് സന്ദേശങ്ങൾ അയക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പലതവണയായി ഫോർവേഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങൾ ഒരു സമയം ഒരാൾക്ക് മാത്രമേ അയക്കാനാവു എന്നും വാട്സ്ആപ്പിൽ വന്നിരുന്നു.

അതേസമയം ഓൺലൈൻ തട്ടിപ്പുകൾക്കും സ്പാമുകൾക്കുമെതിരെ സുരക്ഷാ കാമ്പയിൻ നടത്തുന്നതിനായി ടെലികോം വകുപ്പും (DoT) വാട്‌സ്ആപ്പും ഒന്നിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഓൺലൈൻ തട്ടിപ്പുകൾക്കും സ്പാമുകൾക്കുമെതിരായ മെറ്റയുടെ സുരക്ഷാ കാമ്പയിനായ 'സ്‌കാം സേ ബച്ചോ' വിപുലീകരിക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് വാട്സ്ആപ്പുമായി സഹകരിക്കുന്നുവെന്ന് തിങ്കളാഴ്ച ഒരു ഔദ്യോഗിക പ്രസ്താവനയിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അറിയിച്ചത്.
മെറ്റ ചീഫ് ഗ്ലോബൽ അഫയേഴ്‌സ് ഓഫീസർ ജോയൽ കപ്ലാനും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം. ഇലക്ട്രോണിക്സ്, ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയം, ഇന്ത്യൻ സൈബർ ക്രൈം സെന്റർ, ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം തുടങ്ങിയവയുമായി സഹകരിച്ച് മെറ്റ ക്യാംപെയിൻ സംഘടിപ്പിക്കുന്നത്.

ഓൺലൈനിൽ ജനങ്ങളെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പദ്ധതി. ഒൻപത് ഇന്ത്യൻ ഭാഷകളിൽ ഓൺലൈൻ സുരക്ഷ സംബന്ധിച്ച സംയോജിത ദേശീയ ഉപഭോക്തൃ ബോധവത്കരണം, ദൂരദർശനിൽ വിജ്ഞാനപ്രദമായ ടോക്ക് ഷോകൾ, രാജ്യവ്യാപകമായി നിയമ നിർവ്വഹണ ഉദ്യോഗസ്ഥരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പരിശീലന സെഷനുകൾ തുടങ്ങിയവ ക്യാംപെയ്ന്റെ ഭാഗമായി സംഘടിപ്പിക്കും.
മെറ്റയുടെ സ്‌കാം സെ ബച്ചോ ക്യാംപെയിന് പൂർണ പിന്തുണ നൽകിയ ഇൻഫോർമേഷൻ, ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി, സഞ്ജയ് ജാജു, ഇതൊരു കാലാനുസൃതമായ പ്രവർത്തനമാണെന്ന് വിലയിരുത്തി. ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സമൂഹത്തിൽ അവബോധമുണ്ടാക്കിയെടുക്കുന്നതിന്റെ ആവശ്യകത മനസിലാക്കിയാണ് ഈ പ്രവർത്തനമെന്നും സഞ്ജയ് ജാജു പറഞ്ഞു. സഞ്ചാർ സാത്തി സേവനം കൂടുതൽ സുഗമമാക്കാൻ കേന്ദ്ര ടെലികോം വകുപ്പ് ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.


Click it and Unblock the Notifications







