ഇന്ന് മുതൽ ഒരു ബന്ധവും ഇല്ല! ഈ ഐഫോണുകളോടും ആൻഡ്രോയിഡ് ഫോണുകളോടും വാട്സ്ആപ്പ് ടാറ്റ പറയുന്നു
സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ആപ്പ് ആയ വാട്സ്ആപ്പ് (WhatsApp) ഇന്ന് മുതൽ (ജൂൺ 1) ചില ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്ഫോണുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നു. വാട്സ്ആപ്പ് സുരക്ഷാ പോളിസിയുടെ ഭാഗമായി പഴയ ഒഎസിൽ പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയിരിക്കുന്ന ചില സ്മാർട്ട്ഫോണുകൾക്ക് ഇന്ന് മുതൽ വാട്സ്ആപ്പ് അപ്ഡേറ്റുകൾ ലഭ്യമാകില്ല. നേരത്തെ മേയ് 1 മുതൽ ഈ സ്മാർട്ട്ഫോണുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കും എന്നാണ് വാട്സ്ആപ്പ് അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് പുതിയ സ്മാർട്ട്ഫോണുകളിലേക്ക് മാറാൻ ഉപയോക്താക്കൾക്ക് സമയം അനുവദിക്കുന്നതിന്റെ കൂടി ഭാഗമായി ജൂൺ 1 മുതൽ നയം നടപ്പിലാക്കിയാൽ മതി എന്ന് തീരുമാനിക്കുകയായിരുന്നു.
വാട്സ്ആപ്പ് കാലോചിതമായി നിരവധി പുതിയ സുരക്ഷാ ഫീച്ചറുകളും മറ്റ് ഫീച്ചറുകളും കൊണ്ടുവരും എന്നാൽ ഇത് പ്രവർത്തിക്കാൻ ആവശ്യമായ ശേഷി പഴയ സ്മാർട്ട്ഫോണുകളിൽ ഉണ്ടാകാറില്ല. ഈ സാഹചര്യത്തിലാണ് പഴയ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കേണ്ട എന്ന നയം കാലങ്ങളായി വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ പുലർത്തിവരുന്നത്.

ഇന്ന് മുതൽ വാട്സ്ആപ്പ് പിന്തുണ അവസാനിപ്പിക്കുന്നത് ഏത് സ്മാർട്ട്ഫോണുകൾക്ക്: iOS 15.1 അല്ലെങ്കിൽ അതിന് മുമ്പുള്ള വേർഷനുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളിൽ 2025 ജൂൺ 1 മുതൽ വാട്സ്ആപ്പ് പിന്തുണ ഉണ്ടാകില്ലെന്ന് വാട്സ്ആപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ iOS 12-ലും അതിനുമുകളിലും പ്രവർത്തിക്കുന്ന ഐഫോണുകളെ വാട്സ്ആപ്പ് പിന്തുണച്ചിരുന്നു. ഇനി അത് ഉണ്ടാകില്ല.
അതേപോലെ തന്നെ ആൻഡ്രോയിഡ് 5.0 അല്ലെങ്കിൽ അതിന് മുമ്പുള്ള വേർഷനുകൾക്കുള്ള പിന്തുണയും വാട്സ്ആപ്പ് പിൻവലിക്കുന്നു. ഇത്ര പഴയ മോഡലുകൾ ആയതിനാൽ തന്നെ ഇത് ഉപയോഗിക്കുന്നവർ കുറവായിരിക്കും. അതിനാൽ ഈ ഫോണുകൾക്കുള്ള പിന്തുണ വാട്സ്ആപ്പ് അവസാനിക്കുന്നത് അധികം ഉപയോക്താക്കളെ ബാധിക്കാൻ ഇടയില്ല. എങ്കിലും ഈ നയം പ്രകാരം വാട്സ്ആപ്പ് പിന്തുണ ലഭ്യമാകാത്ത സ്മാർട്ട്ഫോണുകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.

2025 ജൂൺ 1 മുതൽ വാട്സ്ആപ്പ് പിന്തുണ ലഭിക്കാത്ത ഐഫോണുകൾ: ഐഫോൺ 5s, ഐഫോൺ 6, ഐഫോൺ 6 പ്ലസ്, ഐഫോൺ 6s, ഐഫോൺ 6s പ്ലസ്, ഐഫോൺ എസ്ഇ (ഒന്നാം തലമുറ) എന്നീ പഴയ മോഡൽ ഐഫോണുകളിൽ ഇനി പുതിയ വാട്സ്ആപ്പ് അപ്ഡേറ്റുകൾ ലഭ്യമാകില്ല.
2025 ജൂൺ 1 മുതൽ വാട്സ്ആപ്പ് പിന്തുണ അവസാനിപ്പിച്ച ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ: സാംസങ് ഗാലക്‌സി എസ്4, സാംസങ് ഗാലക്‌സി നോട്ട് 3, സോണി സെപീരിയ ഇസഡ്1, എൽജി ജി2, ഹുവാവേ അസെൻഡ് പി6, മോട്ടോ ജി (ഒന്നാം തലമുറ), മോട്ടോറോള റേസർ എച്ച്ഡി, മോട്ടോ ഇ 2014.
ഈ സ്മാർട്ട്ഫോണുകൾക്കുള്ള പിന്തുണ പിൻവലിക്കുന്നതിന് മുമ്പ് ഉപയോക്താക്കളുടെ ചാറ്റ് ഹിസ്റ്ററി ഒരു ഗൂഗിൾ അക്കൗണ്ടിലേക്ക് ബാക്കപ്പ് ചെയ്യാൻ വാട്സ്ആപ്പ് ഉപദേശിക്കുന്നു. അങ്ങനെ ചെയ്യുന്നത് വഴി ഉപയോക്താക്കൾക്ക് അവരുടെ എല്ലാ ചാറ്റുകളും പുതിയ സ്മാർട്ട്ഫോണിലേക്ക് അനായാസം പകർത്താൻ സാധിക്കും. അതുവഴി പഴയ ചാറ്റുകൾ പുതിയ ഫോണിലും ലഭ്യമാകും എന്ന് ഉറപ്പിക്കാം.

എപ്പോഴും ഉപയോക്താക്കളുടെ സ്വകാര്യത ശക്തിപ്പെടുത്തുന്നതിനും വ്യക്തിഗത ഡാറ്റ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി അപ്‌ഡേറ്റുകൾ വാട്സ്ആപ്പ് കൊണ്ടുവരാറുണ്ട്. അത്തരത്തിൽ അടുത്തിടെ വന്ന ശ്രദ്ധേയമായ മാറ്റങ്ങളിൽ ഒന്നാണ് ചാറ്റുകളിൽ നിന്നും ഗ്രൂപ്പ് ചാറ്റുകളിൽ നിന്നും ടെക്സ്റ്റ്, ഇമേജുകൾ അല്ലെങ്കിൽ വീഡിയോകൾ പകർത്തുന്നതിൽ നിന്ന് മറ്റുള്ളവരെ തടയുന്ന പുതിയ സ്വകാര്യതാ ഫീച്ചർ. ഇത് സെൻസിറ്റീവ് ഉള്ളടക്കം സമ്മതമില്ലാതെ പങ്കിടുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യാനുള്ള സാധ്യത കുറയ്ക്കുന്നു.


Click it and Unblock the Notifications








