സമയം അടുത്തു! ഈ സ്മാർട്ട്ഫോണുകളിൽ അടുത്ത മാസം മുതൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം പ്രാധാന്യമുള്ള ആപ്പ് ഏത് എന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ മറുപടി നൽകാം, അത് വാട്സ്ആപ്പ് (WhatsApp) ആണെന്ന്. സ്മാർട്ട്ഫോൺ നിത്യജീവിതത്തിൽ എത്ര പ്രാധാന്യം നേടിയിരിക്കുന്നോ അത്ര തന്നെ പ്രാധാന്യം പലരുടെയും ജീവിതത്തിൽ വാട്സ്ആപ്പിനും ഉണ്ട്. ഇടയ്ക്കിടയ്ക്ക് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് എന്നും പുതുമ നിലനിർത്താനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും വാട്സ്ആപ്പ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതിനാൽത്തന്നെ വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും വാട്സ്ആപ്പിന്റെ ജനപ്രീതി കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. കുറയാൻ വാട്സ്ആപ്പ് ഇട വരുത്തിയിട്ടില്ല.
ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനായി കർശനമായ ചില മാനദണ്ഡങ്ങൾ വാട്സആപ്പിന്റെ മാതൃകമ്പനിയായ മെറ്റ പുലർത്താറുണ്ട്. അതിലൊന്നാണ് പഴയ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കേണ്ട എന്നത്. കാരണം വാട്സ്ആപ്പ് കാലോചിതമായി നിരവധി പുതിയ സുരക്ഷാ ഫീച്ചറുകളും മറ്റ് ഫീച്ചറുകളും കൊണ്ടുവരും എന്നാൽ ഇത് പ്രവർത്തിക്കാൻ ആവശ്യമായ ശേഷി പഴയ സ്മാർട്ട്ഫോണുകളിൽ ഉണ്ടാകാറില്ല.

അതിനാൽ ഇടയ്ക്കിടയ്ക്ക് ചില പഴയ സ്മാർട്ട്ഫോണുകൾ, ആൻഡ്രോയിഡ്, ഐഒഎസ് വേർഷനുകൾ എന്നിവയ്ക്ക് വാട്സ്ആപ്പ് അയോഗ്യത കൽപ്പിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വിഭാഗം സ്മാർട്ട്ഫോണുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കാൻ വാട്സ്ആപ്പ് തയാറെടുക്കുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളല്ല, ഇത്തവണ ആപ്പിളിന്റെ ഐഫോണുകളാണ് വാട്സ്ആപ്പിന്റെ പടിക്ക് പുറത്താകാൻ പോകുന്നത്.
iOS 15.1 അല്ലെങ്കിൽ അതിന് മുമ്പുള്ള വേർഷനുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളിൽ 2025 മെയ് മുതൽ വാട്സ്ആപ്പ് പിന്തുണ ഉണ്ടാകില്ലെന്ന് വാട്സ്ആപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ iOS 12-ലും അതിനുമുകളിലും പ്രവർത്തിക്കുന്ന ഐഫോണുകളെ വാട്സ്ആപ്പ് പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ ഏറ്റവും പുതിയ നയ മാറ്റം നടപ്പിലാകുന്നതോടെ വാട്സ്ആപ്പ് ലഭ്യമാകുന്ന ഐഫോണുകളുടെ പട്ടിക ചുരുങ്ങും.

2025 മേയ് മുതൽ വാട്സ്ആപ്പ് പിന്തുണ ലഭിക്കാത്ത ഐഫോണുകൾ: ഐഫോൺ 5s, ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നീ പഴയ മോഡൽ ഐഫോണുകളിൽ മേയ്ക്ക് ശേഷം പുതിയ വാട്സ്ആപ്പ് അപ്ഡേറ്റുകൾ ലഭ്യമാകില്ല. ഈ തീരുമാനത്തിനുള്ള പ്രധാന കാരണം സുരക്ഷയാണ്. ഈ പഴയ iOS പതിപ്പുകൾക്കായി സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ പുറത്തിറക്കുന്നത് ആപ്പിൾ പോലും നിർത്തിയിരിക്കുകയാണ്.
ആപ്പിളിന്റെ ഐഒഎസ് അപ്ഡേറ്റുകൾ ലഭ്യമല്ല എന്നതിനാൽത്തന്നെ ഈ ഐഫോണുകൾ സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. ഐഒഎസ് അപ്ഡേറ്റുകളുടെ അഭാവം ഈ മോഡലുകളെ ഉയർന്ന അപകടസാധ്യതയിലേക്ക് തള്ളിവിടുന്നു. പതിവ് സുരക്ഷാ പാച്ചുകൾ ഇല്ലാത്തതിനാൽ, ഉപയോക്താക്കൾ സൈബർ ക്രിമിനലുകളുടെ ഇരയാകാൻ സാധ്യത കൂടുതലാണ്. ഈ ഒരു സാഹചര്യത്തിലാണ് വാട്സ്ആപ്പും ഈ സ്മാർട്ട്ഫോണുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നത്.
ഇത്ര പഴയ മോഡലുകൾ ആയതിനാൽ തന്നെ ഇത് ഉപയോഗിക്കുന്നവർ കുറവായിരിക്കും. അതിനാൽ ഈ ഫോണുകൾക്കുള്ള പിന്തുണ വാട്സ്ആപ്പ് അവസാനിക്കുന്നത് അധികം ഉപയോക്താക്കളെ ബാധിക്കാൻ ഇടയില്ല. നിലവിൽ ഈ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ മെച്ചപ്പെട്ട സൈബർ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിനും വാട്സ്ആപ്പ് അപ്ഡേറ്റുകൾ ലഭ്യമാകുന്നതിനുമായി അവർ പുതിയ സ്മാർട്ട്ഫോൺ മോഡലുകളിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ട്.

അടുത്തിടെയായി ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നിരവധി അപ്‌ഡേറ്റുകൾ വാട്സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ചാറ്റുകളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും ടെക്‌സ്‌റ്റ്, ഇമേജുകൾ അല്ലെങ്കിൽ വീഡിയോകൾ പകർത്തുന്നതിൽ നിന്ന് മറ്റുള്ളവരെ നിയന്ത്രിക്കുന്ന സുരക്ഷാ ഫീച്ചറാണ് അതിൽ ഏറ്റവും ശ്രദ്ധേയം. സെൻസിറ്റീവ് വിവരങ്ങൾ എളുപ്പത്തിൽ പങ്കിടുകയോ അനുവാദമില്ലാതെ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.


Click it and Unblock the Notifications








