പറഞ്ഞാൽ വിശ്വസിക്കുമോ! ഇന്റർനെറ്റ് ഇല്ലാതെയും ഇനി വാട്സ്ആപ്പിൽ ഫോട്ടോ അയയ്ക്കാം, നേട്ടം അനവധി
സ്മാർട്ട്ഫോണുകളുടെ ആപ്പുകളിൽ വച്ച് ഏറ്റവുമധികം ജനപ്രീതിയുള്ളത് ഏത് ആപ്പിനാണ് എന്ന് ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാതെ പറയാം അത് വാട്സ്ആപ്പിന് ആണ് എന്ന്. ലോകത്ത് ഏറ്റവുമധികം വാട്സ്ആപ്പ് ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. ആഗോള തലത്തിലും വാട്സ്ആപ്പിന് ഫാൻസ് ഏറെ. ദിവസവും പുതിയ അപ്ഡേറ്റുകളിലൂടെ വാട്സ്ആപ്പ് നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
വെറുമൊരു മെസേജിങ് ആപ്പ് എന്നതിന് അപ്പുറം ആളുകൾക്ക് ഉപകാരപ്രദമാകുന്ന നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്നു എന്നതാണ് വാട്സ്ആപ്പിന് മറ്റ് ആപ്പുകളിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഇത്രയും ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന മറ്റൊരു ആപ്പ് ഉണ്ടോ എന്നകാര്യം സംശയമാണ്, നിലവിലെ സാഹചര്യത്തിൽ ഉണ്ടാകാൻ സാധ്യതയില്ല എന്നുതന്നെ പറയാം.

മറ്റ് പല ആപ്പുകളും ഉപയോഗിച്ച് ചെയ്യേണ്ട കാര്യങ്ങൾ പോലും വാട്സ്ആപ്പ് വഴി നമുക്ക് സാധ്യമാകും. ഒരു മെസേജിങ് ആപ്പ് എന്നതിനപ്പുറം, കോളിങ്ങിനും വീഡിയോ കോളിങ്ങിനും ബാങ്കിങ്ങിനും ടിക്കറ്റ് ബുക്കിങ്ങിനും പേയ്മെന്റുകൾ നടത്തുന്നതിനും ഉൾപ്പെടെ നിരവധി കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്നു. ഇപ്പോൾ ഇക്കൂട്ടത്തിലേക്ക് പുതിയൊരു സേവനംകൂടി എത്തുകയാണ്.
അധികം വൈകാതെ വാട്സ്ആപ്പ് ഒരു ഫയൽ ഷെയറിങ് ഫീച്ചർ അവതരിപ്പിക്കും എന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ എല്ലാ വാട്സ്ആപ്പ് ഫീച്ചറുകളും ഇന്റർനെറ്റ് ഉണ്ടെങ്കിൽ മാത്രമാണ് പ്രവർത്തിക്കുക. എന്നാൽ ഇന്റർനെറ്റ് ഇല്ലാതെയും പ്രവർത്തിക്കും എന്നതാണ് വാട്സ്ആപ്പിലേക്ക് വരാൻ പോകുന്ന ഫയൽ ഷെയറിങ് ഫീച്ചറിന്റെ പ്രത്യേകത.

അതായത് ഫോട്ടോകൾ, വീഡിയോകൾ, മ്യൂസിക്, ഡോക്യുമെൻ്റുകൾ എന്നിവ ഓഫ്‌ലൈനായി കൈമാറ്റം ചെയ്യാൻ പുതിയ വാട്സ്ആപ്പ് ഫീച്ചർ അനുവദിക്കും. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ നിയർ ബൈ ഷെയർ, മുൻപ് നാം വ്യാപകമായി ഉപയോഗിച്ചിരുന്ന എക്സെൻഡർ എന്നിവയിലേത് പോലെ ഫയലുകൾ കൈമാറ്റം ചെയ്യാൻ ഇനി വാട്സ്ആപ്പും ഉപയോഗിക്കാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
വാട്സ്ആപ്പിന്റെ പ്രധാന സവിശേഷതകളിലൊന്നായ സുരക്ഷ ഈ ഫയലുകൾക്കും ലഭിക്കും. അതായത് വാട്സ്ആപ്പ് വഴി ഷെയർ ചെയ്യുന്ന ഫയലുകളും എൻക്രിപ്റ്റ് ചെയ്യപ്പെടും, അവയിൽ കൃത്രിമം കാണിക്കുന്നതിനോ കേടുവരുത്തുന്നതിനോ ആർക്കും ബുദ്ധിമുട്ടാകും. ആൻഡ്രോയിഡ് ഫോണുകൾക്കായി ഈ ഫയൽ ഷെയറിങ് ഫീച്ചർ വാട്സ്ആപ്പ് ഉടൻ അവതരിപ്പിക്കുമെന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ബീറ്റ അപ്ഡേഷൻ പുറത്തിറങ്ങിയതിന്റെ സ്ക്രീൻഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്.
നിയർ ബൈ ഷെയറിലും മറ്റും കാണുന്നതുപോലെ തൊട്ടടുത്തുള്ള ഏതെങ്കിലും സ്മാർട്ട്ഫോണുമായി കണക്ട് ചെയ്തുകൊണ്ടാണ് വാട്സ്ആപ്പും ഈ ഫയൽ ഷെയറിങ് ഫീച്ചർ അവതരിപ്പിക്കുക. പ്രാദേശിക ഫയൽ ഷെയറിങ്ങിനായി സമീപത്തുള്ള ഡിവൈസുകൾ കണ്ടെത്താൻ ബ്ലൂടൂത്ത് സ്കാനിങ് അനുമതി നൽകേണ്ടതുണ്ട്. ഇത് കൂടാതെ ഗാലറിയിലെ ഫയലുകളിലേക്കുള്ള ആക്സസും ഈ ഫീച്ചറിന് നൽകേണ്ടിവരും.

ഇത് കൂടാതെ മറ്റ് ഡിവൈസുകൾ അടുത്താണോ എന്ന് കണ്ടെത്തുന്നതിനായി ലെക്കേഷൻ അനുമതിയും വാട്സ്ആപ്പിന് നൽകേണ്ടിവരും. ഈ അനുമതികളൊക്കെ നൽകിയാലും വാട്സ്ആപ്പ് ഫോൺ നമ്പറുകൾ മറയ്ക്കുകയും ഷെയർ ചെയ്ത ഫയലുകൾ എൻക്രിപ്റ്റ് ചെയ്യുകയും ചെയ്യും. ഇതുവഴി ഷെയറിങ് പ്രക്രിയ സുരക്ഷിതമാണെന്ന് വാട്സ്ആപ്പ് ഉറപ്പാക്കും.
സെല്ലുലാർ/വൈഫൈ കണക്ഷൻ ആവശ്യമില്ലാതെ ഉപകരണങ്ങൾക്കിടയിൽ ഫയലുകൾ പങ്കിടാൻ ഇതിനകം ചില ആപ്പുകൾ ലഭ്യമാണ്. ഈ ആപ്പുകളുടെ അതേ രീതിതന്നെയാകും ഇവിടെ വാട്സ്ആപ്പും പുറത്തെടുക്കുക. അതേസമയം എപ്പോൾ മുതലാണ് എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കുമായി ഈ ഷെയറിങ് ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിക്കുക എന്ന് വ്യക്തമല്ല. നിലവിൽ ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണിത് ലഭ്യമാകുക. അധികം വൈകാതെ എല്ലാവർക്കുമായി അവതരിപ്പിക്കപ്പെട്ടേക്കാം.


Click it and Unblock the Notifications








