വാട്സ്ആപ്പ് 'കുഞ്ഞിരാമൻ'! ചാറ്റിൽ പരസ്യം കുത്തിക്കയറ്റാൻ മെറ്റ നീക്കമെന്ന് റിപ്പോർട്ട്; നിഷേധിച്ച് കമ്പനി
സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ആപ്പ് ആണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ( WhatsApp). പ്രണയിക്കാനായാലും സൗഹൃദം പങ്കുവയ്ക്കാനായാലും ഔദ്യോഗിക കാര്യങ്ങൾക്കായാലും വാട്സ്ആപ്പിനാണ് പ്രഥമ പരിഗണന. അതുകഴിഞ്ഞേ മറ്റൊരു പ്ലാറ്റ്ഫോമിനെപ്പറ്റി നാം ആലോചിക്കൂ. ലോകത്തിൽ ഏറ്റവുമധികം വാട്സ്ആപ്പ് ഉപയോക്താക്കളുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ.
വാട്സ്ആപ്പിൽ ചാറ്റ് ചെയ്യാത്ത സ്മാർട്ട്ഫോൺ ഉടമകൾ ഉണ്ടാകില്ല, പ്രണയിക്കുന്നവർക്കും പ്രണയമില്ലാത്തവർക്കും വാട്സ്ആപ്പ് തന്നെ ആദ്യ 'കടവുൾ'. വാട്സ്ആപ്പിലെ പ്രണയ സല്ലാപങ്ങൾക്കിടയിലേക്ക്, അല്ലെങ്കിൽ ഗൗരവകരമായ ചർച്ചകൾക്കിടയിലേക്ക് ഇടയ്ക്കിടെ പരസ്യം കടന്നുവന്നാൽ എങ്ങനെയുണ്ടാകും. ചാറ്റിങ്ങിന്റെ ആ 'ഫ്ലോ' അങ്ങ് പോകും, സംശയമില്ല!. അത്തരമൊരു 'ദുരന്തത്തെ' വാട്സ്ആപ്പ് ഉടമകൾ ഭയക്കേണ്ടിയിരിക്കുന്നു.

വാട്സ്ആപ്പ് ചാറ്റ് സ്‌ക്രീനിൽ കോൺടാക്‌റ്റുകളുമായുള്ള സംഭാഷണങ്ങളുടെ ഇടയിൽ പരസ്യങ്ങൾ കാണിക്കാൻ സാധിക്കുമോ എന്ന് വാട്സ്ആപ്പിന്റെ ഉടമയായ മെറ്റ കോർപ്പറേഷന്റെ ടീം സജീവമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്. രണ്ടുപേർ തമ്മിലുള്ള ചാറ്റുകൾക്ക് പുറത്ത്- ചാറ്റ് ലിസ്റ്റിന് ഇടയിൽ പരസ്യം അവതരിപ്പിക്കുന്നതിനെപ്പറ്റിയും ആലോചനയുണ്ട്.
വാട്സ്ആപ്പിൽ എങ്ങനെ പരസ്യം അവതരിപ്പിക്കാം എന്നുള്ള ചർച്ചകൾക്കിടയിലാണ് ഈ ആലോചനകൾ മുന്നോട്ട് വന്നത്. എന്നാൽ ഇക്കാര്യത്തിൽ മെറ്റ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഭാവിയിൽ ഒരു പക്ഷേ വാട്സ്ആപ്പിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം. ഉപയോക്താക്കളുടെ സൗകര്യത്തിന് എപ്പോഴും മുൻഗണന നൽകുന്ന വാട്സ്ആപ്പ് ഒരുപക്ഷേ ഈ നീക്കം ഉപേക്ഷിക്കാനും സാധ്യതയുണ്ട്.
നിലവിൽ ഇങ്ങനെ ഒരു സാധ്യതയെപ്പറ്റി ആലോചന നടക്കുന്നു എന്നുമാത്രമേ ഇപ്പോൾ പറയാൻ കഴിയൂ. പരസ്യം ഇല്ലാതെ വാട്സ്ആപ്പ് ഉപയോഗിക്കാൻ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് ഈടാക്കണോ എന്ന കാര്യവും മെറ്റയുടെ ആലോചനയിലുണ്ട്. എന്നാൽ കമ്പനിയുടെ ഉള്ളിൽത്തന്നെയുള്ള ചിലർ പരസ്യം അവതരിപ്പിക്കാനുള്ള നീക്കത്തിന് എതിരാണ് എന്നും ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു.
കമ്പനിയുടെ ഉള്ളിൽ നിന്ന് തന്നെ എതിർപ്പ് ഉള്ളതിനാൽ, ഒരുപക്ഷേ പരസ്യം അവതരിപ്പിക്കാനുള്ള നീക്കം ചർച്ചകളിൽ അവസാനിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വാട്സ്ആപ്പിൽ പരസ്യം അവതരിപ്പിക്കാനുള്ള ചർച്ച നടക്കുന്നു എന്ന വാർത്ത സംബന്ധിച്ച് റോയിട്ടേഴ്സ് മെറ്റയുടെ പ്രതികരണം തേടിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല. എന്നാൽ ഏറ്റവുമൊടുവിൽ, ഇത്തരമൊരു നീക്കം നടക്കുന്നില്ലെന്ന് വ്യക്തമാക്കി വാട്സ്ആപ്പ് മേധാവി വിൽ കാത്ത്കാർട്ട് രംഗത്തെത്തിയിട്ടുണ്ട്.
പരസ്യങ്ങൾ അവതരിപ്പിക്കുന്നതിലൂടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള ബദൽ മാർഗങ്ങൾ വാട്സ്ആപ്പ് പരിഗണിക്കുന്നില്ലെന്ന് വാർത്തകൾ തള്ളിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി. കമ്പനിയിൽ ആരെങ്കിലും നടത്തിയ സംഭാഷണങ്ങൾ കമ്പനിയുടെ തീരുമാനമായി കണക്കാക്കാനാകില്ലെന്നും ഇത്തരമൊരു പദ്ധതി നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെ വിഷയത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വാർത്തയുടെ രഹസ്യസ്രോതസായ ആളുകൾ അറിയിച്ചതായി വിവരം റിപ്പോർട്ട് ചെയ്ത ഇടിയും അറിയിച്ചു.

വാട്സ്ആപ്പ് മേധാവി വിൽ കാത്ത്കാർട്ട് ട്വിറ്ററിൽ (ഇപ്പോൾ എക്സ്) നടത്തിയ വിശദീകരണത്തിലൂടെ പരസ്യം സംബന്ധിച്ച ഉപയോക്താക്കളുടെ ആശങ്കകൾക്ക് താൽക്കാലിക പരിഹാരം ആയിരിക്കുകയാണ്. എങ്കിലും ഭാവിയിൽ ഇത്തരമൊരു ചർച്ച വീണ്ടും ഉയർന്നുവരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. പരസ്യം അവതരിപ്പിക്കാൻ നീക്കമില്ലെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയെങ്കിലും മെറ്റയിൽ അത്തരം ചർച്ച നടന്നു എന്നുതന്നെയാണ് കരുതപ്പെടുന്നത്.
അതേസമയം നിർണായകമായ പല മാറ്റങ്ങൾക്കും വാട്സ്ആപ്പ് തയാറെടുക്കുന്നുണ്ട്. തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളുമായി ബന്ധപ്പെടാനും സന്ദേശമയയ്‌ക്കാനും വാട്സ്ആപ്പ് ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന പുതിയ ഫീച്ചറിന്റെ ബീറ്റ പതിപ്പ് വാട്സ്ആപ്പ് പുറത്തിറക്കിയതായി വാബീറ്റഇൻഫോ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ വാട്സആപ്പ് ഉപയോഗിച്ച് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മാത്രമാണ് പരസ്പരം ബന്ധപ്പെടാൻ സാധിക്കുക.
എന്നാൽ, "തേർഡ് പാർട്ടി ചാറ്റ്സ് ഫീച്ചർ അവതരിപ്പിക്കുന്നതോടെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മറ്റ് ആപ്പുകൾ ഉപയോഗിക്കുന്നവർക്കും സന്ദേശം അയയ്ക്കാൻ സാധിക്കും എന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ ആൻഡ്രോയിഡ് ബീറ്റ അപ്‌ഡേറ്റിൽ ( 2.23.19.8 വേർഷൻ) ആണ് ഈ ഫീച്ചർ ഉൾപ്പെടുന്നത്.


Click it and Unblock the Notifications








