ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് ഇനി വാട്സ്ആപ്പ് വീഡിയോ, ഓഡിയോ കോളുകളും സാധ്യം; എങ്ങനെയെന്ന് ഇതാ
ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോം ആയ വാട്സ്ആപ്പ് തങ്ങളുടെ വിൻഡോസ് ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കായി പുത്തൻ അപ്ഡേറ്റ് പുറത്തിറക്കി. എട്ട് പേരുമായിവരെ ഗ്രൂപ്പ് വീഡിയോ കോളുകളും 32 പേരുമായി ഓഡിയോ കോളുകളും നടത്താം എന്നത് ഉൾപ്പെടെ ഒട്ടനവധി മികച്ച ഫീച്ചറുകളാണ് ഈ അപ്ഡേഷനിലൂടെ വാട്സ്ആപ്പ് വിൻഡോസ് ഉപയോക്താക്കൾക്കായി എത്തിച്ചിരിക്കുന്നത്.
പ്രാഥമിക ഫോൺ സ്വിച്ച് ഓഫ് ആണെങ്കിലും ഡെസ്ക്ടോപ്പ് ആപ്പിൽ മെസേജുകൾ ലഭ്യമാകും, ഉപയോക്താക്കൾക്ക് ഇപ്പോൾ ഒരു വാട്ട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് നാല് ഉപകരണങ്ങൾ വരെ കണക്റ്റ് ചെയ്യാം, പ്രാഥമിക ഉപകരണത്തിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലെങ്കിൽപ്പോലും എല്ലാ ഉപകരണങ്ങളും സ്വതന്ത്രമായി പ്രവർത്തിക്കുന്നത് തുടരും എന്നിങ്ങനെ നിരവധി ഫീച്ചറുകൾ അപ്ഡേഷനിലൂടെ എത്തിയിട്ടുണ്ട്.

എന്നാൽ ഡെസ്ക്ടോപ്പ് ഉപയോഗിക്കുന്ന വിൻഡോസ് ഉപയോക്താക്കൾക്കുമാത്രമാണ് പുതിയ ഫീച്ചറുകൾ ലഭ്യമാക്കിയിരിക്കുന്നത്. മാക് ഉപയോക്താക്കൾക്കായുള്ള വാട്സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് പതിപ്പ് ബീറ്റ ടെസ്റ്റിംഗിലാണ്. ഇത് അടുത്ത ആഴ്ചതന്നെ പുറത്തിറങ്ങുമെന്നാണ് വിവരം. അടുത്തിടെ പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റിലൂടെയാണ് വിൻഡോസിലെ വാട്സ്ആപ്പിന് പുത്തൻ ഫീച്ചറുകൾ എത്തിയകാര്യം വാട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്.
ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിലേതുപോലെ അതിവേഗം പ്രവർത്തിക്കാൻ വാട്സ്ആപ്പിന്റെ പുതിയ വിൻഡോസ് ഡെസ്ക്ടോപ്പ് ആപ്പിന് സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ ഫീച്ചറുകൾ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കൂടുതൽ അടുപ്പത്തിൽ ഇടപെടാൻ ഉപയോക്താക്കളെ സഹായിക്കും എന്നും വാട്സ്ആപ്പ് ബ്ലോഗിൽ വ്യക്തമാക്കുന്നു. ഭാവിയിൽ വീഡിയോ-ഓഡിയോ കോളുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം വർധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

വാട്സ്ആപ്പ് വിൻഡോസ് ഡെസ്‌ക്‌ടോപ്പ് ആപ്പ് വഴിയുള്ള വീഡിയോ, ഓഡിയോ കോളിംഗ് നിലവിൽ ഏറ്റവും പുതിയ അപ്‌ഡേറ്റിനൊപ്പം ലഭ്യമാണ്. ഉപയോക്താക്കൾക്ക് അവരുടെ വാട്സ്ആപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ഫീച്ചർ ലഭിക്കും. അപ്ഡേഷനു ശേഷം സ്മാർട്ട്ഫോണിലെ വാട്സ്ആപ്പിൽ കാണുന്നതുപോലെ കോൾ ഐക്കണിന് സമാനമായ ഒരു കോൾ ഓപ്ഷൻ ചാറ്റ് ബോക്സിൽ കാണാൻ സാധിക്കും.
ഒന്നിലധികം ഉപകരണങ്ങളിൽ ഒരേസമയം വാട്സ്ആപ്പ് ഉപയോഗിക്കാനുള്ള സൗകര്യവും ഇപ്പോൾ ലഭ്യമാണ്. ഉദാഹരണത്തിന്, ഉപയോക്താക്കൾക്ക് അവരുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ മൊബൈൽ, ടാബ്‌ലെറ്റ്, വിൻഡോസ് എന്നിവയിൽ ഒരുമിച്ച് പ്രവർത്തിപ്പിക്കാൻ കഴിയും. മൾട്ടി-ഡിവൈസ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി, കൂടുതൽ ഫീച്ചറുകൾ ഉടൻ അവതരിപ്പിക്കുമെന്നും വാട്സ്ആപ്പ് ബ്ലോഗ് പോസ്റ്റിൽ അറിയിക്കുന്നുണ്ട്.
ഉപയോക്താക്കൾക്കായി പുത്തൻ ഫീച്ചറുകൾ കൊണ്ടുവരുന്നതിൽ വാട്സ്ആപ്പ് എപ്പോഴും ശ്രദ്ധ പുലർത്താറുണ്ട്. അടുത്തിടെ ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകുന്ന ഫീച്ചർ വാട്സ്ആപ്പ് പ്രഖ്യാപിച്ചിരുന്നു. മുൻപ് ഗ്രൂപ്പിന്റെ ലിങ്ക് വഴി ആർക്കും ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ സാധിക്കുമായിരുന്നു. എന്നാൽ, പുതിയ അപ്ഡേറ്റിലൂടെ ഗ്രൂപ്പിൽ ആർക്കെല്ലാം ജോയിൻ ചെയ്യാം എന്ന് അഡ്മിന് തീരുമാനിക്കാം.

സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഫീച്ചർ കൊണ്ടുവന്നത്. ലിങ്ക് വഴി ഗ്രൂപ്പ് സ്പാം ചെയ്യാൻ എത്തുന്നവരെ തടയാൻ ഈ മാറ്റത്തിലൂടെ സാധിക്കും. ഒരാൾ അംഗമായിട്ടുള്ള പൊതുവായുള്ള ഗ്രൂപ്പുകൾ ഏതൊക്കെയാണെന്ന് പെട്ടെന്ന് കണ്ടെത്താനുള്ള ഫീച്ചറും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. കോൺടാക്റ്റിലെ ഒരാളുമായി നിങ്ങൾ പങ്കിടുന്ന ഗ്രൂപ്പുകൾ കാണാൻ വാട്‌സാപ്പിൽ അവരുടെ പേര് തിരഞ്ഞശേഷം പ്രൊഫൈൽ പരിശോധിച്ചാൽ മതി.
ഇരുവരും അംഗമായിട്ടുള്ള എല്ലാ ഗ്രൂപ്പുകളും അവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. കൂട്ടുകാർ, ബന്ധുക്കൾ തുടങ്ങിവർ അംഗങ്ങളായിട്ടുള്ള ഏതൊക്കെ ഗ്രൂപ്പുകളിൽ നാം അംഗമാണ് എന്ന് കണ്ടെത്താൻ ഇത് സഹായിക്കും. വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഒരാൾക്ക് എപ്പോൾ പുറത്തുപോകണമെന്ന് നേരത്തെ തന്നെ സജ്ജീകരിക്കാൻ കഴിയുന്ന ഫീച്ചറും വാട്സ്ആപ്പ് ഉടൻ അവതരിപ്പിക്കും എന്നാണ് വിവരം.


Click it and Unblock the Notifications








