ഒരു പേരിൽ എന്തിരിക്കുന്നു എന്ന് വാട്സ്ആപ്പ്; നിയമം മാറ്റി, ഗ്രൂപ്പ് ഉണ്ടാക്കൽ ഇനി വളരെ എളുപ്പം
ലക്ഷക്കണക്കിന് പേരുടെ ഇഷ്ട ആപ്പായ വാട്സ്ആപ്പിൽ ഏറെ നാളായുള്ള സൗകര്യമാണ് വാട്സ്ആപ്പ് ഗ്രൂപ്പുകൾ. ഒന്നിലധികം ആളുകൾക്ക് ഒന്നുചേർന്ന് സംസാരിക്കാനും ചിത്രങ്ങളും വീഡിയോകളുമൊക്കെ ഷെയർ ചെയ്യാനും ഒക്കെ കഴിയുന്ന, ഒരുപാട് സൗകര്യപ്രദമായ ഒരു സംവിധാനമാണ് വാട്സ്ആപ്പ് ഗ്രൂപ്പുകൾ. വാട്സ്ആപ്പ് ഉപയോഗിക്കുന്ന എല്ലാവരും കുറഞ്ഞപക്ഷം ഒരു ഗ്രൂപ്പിലെങ്കിലും അംഗമായിരിക്കും.
ഓഫീസ്, സുഹൃത്തുക്കൾ, കുടുംബം, ക്ലാസ്മേറ്റ്സ്, സംഘടനകൾ, തുടങ്ങി ഔദ്യോഗികവും അനൗദ്യോഗികവുമായി, എണ്ണിയാലെടുങ്ങാത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളുമായി ജീവിക്കുന്നവർ അടങ്ങുന്ന സമൂഹത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമല്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വാട്സ്ആപ്പ് ഉപയോക്താക്കൾ ഉണ്ടെങ്കിൽ അതൊരു അദ്ഭുതം തന്നെയാണ്. ആശയവിനിമയം ഏറ്റവും എളുപ്പത്തിൽ നടത്താൻ മനുഷ്യൻ ആഗ്രഹിക്കുന്നു.

വാട്സ്ആപ്പ് ആകട്ടെ ആ ജോലി വൃത്തിയായി നിർവഹിക്കുകയും ചെയ്യുന്നു. അതിനാൽത്തന്നെയാണ് സമൂഹത്തിൽ ഇത്രകണ്ട് ആഴത്തിൽ സ്വാധീനം നേടാൻ വാട്സ്ആപ്പിന് സാധിച്ചത്. ഉപയോക്താക്കളുടെ സൗകര്യാർഥം ഏറ്റവും മികച്ച ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ വാട്സ്ആപ്പ് ഒരിക്കലും മടികാണിച്ചിട്ടില്ല. തുടരെത്തുടരെ പുതിയ ഫീച്ചറുകളാണ് വാട്സ്ആപ്പിൽ എത്തുന്നത് എന്ന് ഉപയോഗിക്കുന്നവർക്ക് അറിവുള്ള കാര്യമാണ്.
എപ്പോഴും ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സൗകര്യത്തിനും പ്രാധാന്യം നൽകാറുള്ള വാട്സ്ആപ്പ് ഇപ്പോൾ ഒരു പുത്തൻ മാറ്റം അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുകയാണ്. വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ നിർമാണത്തിന്റെ അടിസ്ഥാന നിയമം തന്നെ പൊളിച്ചെഴുതിക്കൊണ്ടുള്ള ഒരു മാറ്റമാണ് വാട്സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്നത്. ഇനിമുതൽ വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാൻ ഒരു പേരിന്റെ ആവശ്യം ഇല്ല എന്നതാണ് ആ നിർണായക മാറ്റം.
അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പേര് നൽകാതെ തന്നെ വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാനുള്ള സംവിധാനം ആഗോള തലത്തിൽ പുറത്തിറക്കുമെന്ന് ഒരു പത്രക്കുറിപ്പിലൂടെ മെറ്റ അറിയിച്ചിട്ടുണ്ട്. കമ്പനി സിഇഒ മാർക്ക് സക്കർബർഗും ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയിട്ടുണ്ട്. വാട്സ്ആപ്പ് ഉപയോഗം എളുപ്പമാക്കുകയാണ് അപ്‌ഡേറ്റ് ലക്ഷ്യമിടുന്നതെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സക്കർബർഗ് വ്യക്തമാക്കി.
നല്ലൊരു പേര് ഇടാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിലും വിഷമിക്കേണ്ട, അതുവരെ ചാറ്റിലുള്ള അംഗങ്ങളെ അടിസ്ഥാനമാക്കി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ആരംഭിക്കാം. അതിനുള്ള നടപടികൾ ലളതമാക്കുന്നു''. എന്നായിരുന്നു വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഗ്രൂപ്പിന് പേര് നൽകുന്നില്ല എങ്കിൽ ഗ്രൂപ്പ് അംഗങ്ങളുടെ പേരിലാകും നോട്ടിഫിക്കേഷൻ എത്തുക.
വാട്സ്ആപ്പിന്റെ ഈ പുതിയ നീക്കം ആഗോള തലത്തിൽ എന്ത് പ്രതികരണമാണ് സൃഷ്ടിക്കുക എന്ന് പറയാൻ കഴിയില്ല, എന്നാൽ പേരും ഇരട്ടപ്പേരും ഇടാൻ മിടുക്കരും ഉത്സാഹികളുമായ ഇന്ത്യൻ ഉപയോക്താക്കൾക്ക് വാട്സ്ആപ്പിന്റെ ഈ പുതിയ ഫീച്ചർകൊണ്ട് വലിയ ഗുണം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ആളുകളുടെ വാട്സ്ആപ്പ് പരിശോധിച്ചാൽ അത്രമേൽ രസകരമായിട്ടാണ് പല ഗ്രൂപ്പുകൾക്കും പേരുകൾ നൽകിയിരിക്കുന്നത് എന്നുകാണാം.

"തിരക്കിൽ നിങ്ങൾക്ക് ഒരു ഗ്രൂപ്പ് സൃഷ്ടിക്കേണ്ടിവരുമ്പോൾ അല്ലെങ്കിൽ നിങ്ങൾക്ക് ഗ്രൂപ്പ് സബ്ജക്ട് മനസ്സിൽ ഇല്ലാതിരിക്കുമ്പോൾ, പേര് ആലോചിച്ച് അധികം വിഷമിക്കേണ്ടെന്നും അല്ലാതെ തന്നെ ഗ്രൂപ്പ് ഉണ്ടാക്കാമെന്നും പത്രക്കുറിപ്പിലും വാട്സ്ആപ്പ് വിശദീകരിക്കുന്നു. ആറ് അംഗങ്ങൾ വരെയുള്ള പേരില്ലാത്ത ഗ്രൂപ്പുകൾ അതിലെ അംഗങ്ങളുടെ പേരിനെ അടിസ്ഥാനമാക്കിയായിരിക്കും സൃഷ്ടിക്കപ്പെടുക.
നമ്മുടെ കോണ്ടാക്ടിൽ സേവ് ചെയ്തിട്ടില്ലാത്ത ഒരാളാണ് ഗ്രൂപ്പിൽ ആഡ് ചെയ്യുന്നത് എങ്കിൽ അയാളുടെ നമ്പറാകും ഗ്രൂപ്പിന്റെ പേരായി ദൃശ്യമാകുക. ആൻഡ്രോയിഡിലും ഐഒഎസിലും ഗ്രൂപ്പ് സൃഷ്ടിക്കാനുള്ള സെറ്റിങ്സ് അതേപടി തുടരും. നിലവിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുന്നതിനായി സെറ്റിങ്സിലെ ഏറ്റവും മുകളിലുള്ള ന്യൂ ഗ്രൂപ്പ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
തുടർന്ന് അംഗങ്ങളാക്കാൻ ഉദ്ദേശിക്കുന്നവരെ തെരഞ്ഞെടുക്കുക. അടുത്ത ഘട്ടം ഗ്രൂപ്പിന് പേര് നൽകുക എന്നതാണ്. താൽക്കാലികമായി എങ്കിലും ഒരു പേര് നൽകിയാൽ മാത്രമേ മുന്നോട്ട് പോകാനാകൂ. എന്നാൽ പുതിയ മാറ്റം നടപ്പിൽ വരുന്നതോടെ പേര് നൽകാതെ തന്നെ മുന്നോട്ട് പോകാനും എളുപ്പത്തിൽ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാനും സാധിക്കും. വേണമെങ്കിൽ പിന്നീട് പേര് നൽകുകയും ചെയ്യാം.
ആഗോള തലത്തിൽ എല്ലാ ഉപയോക്താക്കൾക്കുമായി ഈ ഫീച്ചർ ഉടൻ പുറത്തിറക്കും. ഇതുൾപ്പെടെ വാട്സ്ആപ്പ് പുറത്തിറക്കുന്ന എല്ലാ ഫീച്ചറുകളും ലഭ്യമാകണമെങ്കിൽ ഏറ്റവും പുതിയ അപ്ഡേറ്റ് ഉറപ്പ് വരുത്തണം എന്ന് വാട്സ്ആപ്പ് ഉപയോക്താക്കളോട് നിർദേശിക്കുന്നു. ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് നിരവധി ഫീച്ചറുകൾ കഴിഞ്ഞ നാളുകളിൽ വാട്സ്ആപ്പ് അവതരിപ്പിച്ചെങ്കിലും വരാൻ പോകുന്ന മാറ്റം അടിസ്ഥാന രീതിതന്നെ മാറ്റിമറിക്കുന്നതാണ്.


Click it and Unblock the Notifications








