അമ്പോ ഫോണിലുള്ളത് മുഴുവൻ കടത്താമല്ലോ! വാട്സ്ആപ്പിൽ ഫയൽ കൈമാറ്റം ഇനി വേറെ 'ലെവൽ'

കിടിലൻ ഫീച്ചറുകൾ ഇറക്കി ഞെട്ടിക്കുന്ന വാട്സ്ആപ്പ്(Whatsapp) ഇപ്പോൾ മറ്റൊരു പുത്തൻ സമ്മാനം തങ്ങളുടെ ഉപയോക്താക്കൾക്കായി നൽകാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ഒറ്റയടിക്ക് കൈമാറാവുന്ന ഫയലുകളുടെ എണ്ണം 100 ആയി ഉയർത്താൻ വാട്സ്ആപ്പ് തയാറെടുക്കുന്നു എന്നതാണ് ഉപയോക്താക്കൾക്കുള്ള ആ സന്തോഷവാർത്ത. ഇതുവരെ ഒറ്റയടിക്ക് 30 ഫയലുകൾ മാത്രമാണ് വാട്സ്ആപ്പ് വഴി അയയ്ക്കാൻ സാധിച്ചിരുന്നത്. ഇത് നൂറായി ഉയർത്തുന്നതോടെ ചിത്രങ്ങളും മറ്റും ഒറ്റയടിക്ക് അയയ്ക്കാൻ കഴിയും.
കൈമാറാൻ ഫയലുകൾ അനവധി...
സൃഹൃത്തുക്കളുമായി നാം ഒത്തുകൂടുമ്പോഴോ, മറ്റ് വിശേഷ അവസരങ്ങളിലോ ഒക്കെ ധാരാളം ഫോട്ടോകൾ നാം എടുക്കാറുണ്ട്. ജീവിതത്തിലെ പ്രിയപ്പെട്ട ഓർമകൾ ഭാവിയിലും കൂടെയുണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ ഈ ചിത്രങ്ങൾ സൂക്ഷിക്കുന്നു. എന്നാൽ ഒരാളുടെ ഫോണിലായിരിക്കും ഇത്തരം അവസരങ്ങളിൽ നാം കൂടുതലായും ചിത്രങ്ങൾ പകർത്തുക. തുടർന്ന് നമ്മുടെ ഫോണിലേക്ക് ഈ ചിത്രങ്ങൾ മാറ്റാൻ ഏറെ പണിപ്പെടേണ്ടി വരാറുണ്ട്.
പണി കുറയും
ഡോക്യുമെന്റ് ആക്കി വാട്സ്ആപ്പ് വഴി തന്നെ അയയ്ക്കുകയോ മറ്റ് ഫയൽ ഷെയറിങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുകയോ ആണ് ചെയ്യുന്നത്. എന്നാൽ ചിത്രങ്ങളുടെ ക്വാളിറ്റി ഒട്ടും കുറയാതെ വാട്സ്ആപ്പ് വഴി അയയ്ക്കാനുള്ള സംവിധാനം വരുന്നുണ്ട്. അതോടൊപ്പം ഒറ്റയടിക്ക് അയയ്ക്കാവുന്ന ഫയലുകളുടെ എണ്ണം 100 ആക്കുകകൂടി ചെയ്യുന്നതോടെ ഫയൽ ഷെയറിങ്ങിനുള്ള മികച്ച ഒരു സംവിധാനമായി മാറാൻ വാട്സ്ആപ്പിന് കഴിയും. ആ നിലയ്ക്ക് നോക്കിയാൽ വാട്സ്ആപ്പിന്റെ തൊപ്പിയിലെ പുതിയ പൊൻ തൂവലാണ് പുതിയ ഫയൽ ഷെയറിങ് ഫീച്ചർ. ആൻഡ്രോയിഡിലെ ചില ബീറ്റ ഉപയോക്താക്കൾക്ക് ഇതിനോടകം ഈ ഫീച്ചർ ലഭ്യമായിട്ടുണ്ട്. അതിനാൽത്തന്നെ അധികം വൈകാതെ തന്നെ ഈ പുതിയ ഫയൽ ഷെയറിങ് സൗകര്യം വാട്സ്ആപ്പ് ഉപയോക്താക്കളിലേക്ക് എത്തിച്ചേരും.

ഫയൽ കൈമാറ്റം ഇനി വേറെ ലെവൽ
ഫയൽ കൈമാറ്റത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ഈ വാട്സ്ആപ്പ് ഫയൽ ഷെയറിങ് ഫീച്ചറിന് സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനു പുറമെ മികച്ച ഒരുപിടി ഫീച്ചറുകൾ വാട്സ്ആപ്പ് തയാറാക്കി വരികയാണ്. കഴിഞ്ഞ ദിവസം സ്റ്റാറ്റസ് ഫീച്ചറുമായി ബന്ധപ്പെട്ട് കുറച്ചേറെ ഫീച്ചറുകൾ തങ്ങളുടെ ബ്ലോഗ് പോസ്റ്റിലൂടെ വാട്സ്ആപ്പ് പരിചയപ്പെടുത്തിയിരുന്നു. ഇതിനോടകം പുറത്തിറങ്ങിയതും ഇപ്പോൾ പുറത്തിറങ്ങിയതുമായ അഞ്ചോളം ഫീച്ചറുകൾ ആണ് ബ്ലോഗിൽ ഉണ്ടായിരുന്നത്. സ്റ്റാറ്റസ് ആർക്കൊക്കെ കാണാം എന്ന് വേഗത്തിൽ തീരുമാനിക്കാനുള്ള സൗകര്യം, വോയ്‌സ് സ്റ്റാറ്റസ് സൗകര്യം, സ്റ്റാറ്റസ് റിപ്ലെ സൗകര്യം, സ്റ്റാറ്റസ് പ്രൊഫൈൽ റിംഗുകൾ, സ്റ്റാറ്റസിനെക്കുറിച്ചുള്ള ലിങ്ക് പ്രിവ്യൂകൾ എന്നിവയാണ് പുതിയ ഫീച്ചറുകൾ.
പുത്തൻ ഫീച്ചറുകൾ
തന്റെ സ്റ്റാറ്റസ് ആർക്കൊക്കെ കാണാം എന്ന് നിശ്ചയിക്കാനുള്ള അവസരം മുൻപ് തന്നെ വാട്സ്ആപ്പ് ഉപയോക്താവിന് നൽകിയിട്ടുണ്ട്. എന്നാൽ ഈ സൗകര്യം കുറച്ചുകൂടി എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന നിലയിലേക്കുള്ള മാറ്റം ആണ് വാട്സ്ആപ്പ് പുതിയ അപ്ഡേറ്റിൽ കൊണ്ടുവന്നിരിക്കുന്നത്. ഒരാളുടെ പഴ്സണൽ സ്റ്റാറ്റസുകൾ അയാൾ തെരഞ്ഞെടുക്കുന്ന ആളുകൾക്ക് മാത്രമേ കാണാൻ സാധിക്കൂ എന്ന് വേഗത്തിൽ ഉറപ്പാക്കാൻ പുതിയ ഫീച്ചർ സഹായിക്കും. സ്റ്റാറ്റസിനുമേൽ ഉപയോക്താവിന് കൂടുതൽ നിയന്ത്രണവും അധികാരവും നൽകുന്നതാണ് പുതിയ ഫീച്ചർ.

വോയ്സ് സ്റ്റാറ്റസ്
ഇനി വോയ്സും സ്റ്റാറ്റസായി പങ്കുവയ്ക്കാം എന്നതാണ് മറ്റൊരു ഫീച്ചർ. 30 സെക്കൻഡ് വരെയുള്ള വോയ്സ് ക്ലിപ് ആണ് സ്റ്റാറ്റസ് ആക്കാൻ സാധിക്കുക. തെരഞ്ഞെടുത്ത കോണ്ടാക്ടുകൾക്ക് മാത്രമാണ് ഇത് കേൾക്കാൻ സാധിക്കുക. സ്റ്റാറ്റസിനോട് പ്രതികരിക്കാനുള്ള ഇമോജി ഫീച്ചറും പുതിയ സ്റ്റാറ്റസ് ഫീച്ചറുകളുടെ കൂട്ടത്തിലാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. എങ്കിലും ഇതിനോടകം തന്നെ എല്ലാവർക്കും ഈ ഫീച്ചർ ലഭ്യമായിട്ടുണ്ട്.
പുതിയ സ്റ്റാറ്റസ് അപ്ഡേറ്റ്
കോണ്ടാക്ടിലുള്ള ആളുകളുടെ പുതിയ സ്റ്റാറ്റസ് അപ്ഡേറ്റുകൾ സൂചിപ്പിക്കാനായി ചാറ്റ് ലിസ്റ്റിൽ കോണ്ടാക്ടിനു ചുറ്റും പച്ച വളയം ദൃശ്യമാകുന്നതാണ് സ്റ്റാറ്റസുമായി ബന്ധപ്പെട്ട് എത്തിയ മറ്റൊരു വാട്സ്ആപ്പ് ഫീച്ചർ. വാട്സ്ആപ്പ് വെബ്ബിൽ ഈ ഫീച്ചർ ലഭ്യമാണ്. എന്തെങ്കിലും ലിങ്കുകൾ സ്റ്റാറ്റസ് ആക്കിയാൽ ലിങ്ക് പ്രിവ്യൂ പ്രദർശിപ്പിക്കുകയും ലിങ്കിലേക്ക് ഒരു സൂചനയായി ചിത്രം ദൃശ്യമാകുകയും ചെയ്യുന്നതും പുതിയ ഫീച്ചറാണ്. ഇതിൽ പല ഫീച്ചറുകളും ഇതിനോടകം ആളുകൾക്ക് ലഭ്യമായിട്ടുണ്ട്. ആപ്പ് സ്റ്റോറിലും പ്ലേസ്റ്റോറിലും എത്തി വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്താൽ മറ്റ് ഫീച്ചറുകളും ലഭ്യമാകും.


Click it and Unblock the Notifications