എന്ത് വേണമെന്ന് പറഞ്ഞോ, വീഡിയോ ആക്കി കൈയിൽ തരും; ഡ്രീം സ്ക്രീൻ എഐ ഫീച്ചറുമായി യൂട്യൂബ് ഷോർട്സ്!
ഹ്രസ്വ രൂപത്തിലുള്ള വീഡിയോ പ്ലാറ്റ്‌ഫോമായ ഷോർട്ട്‌സിലേക്ക് പുതിയ ഫീച്ചർ പ്രഖ്യാപിച്ച് യൂട്യൂബ്. എഐ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ച് പ്ലാറ്റ്ഫോം വളർത്താനുള്ള നീക്കങ്ങളുടെ ഭാഗമായി ഡ്രീം സ്ക്രീൻ എന്ന എഐ ഫീച്ചറാണ് യൂട്യൂബ് ഷോർട്സിൽ എത്താനൊരുങ്ങുന്നത്. ഉപയോക്താക്കൾക്ക് ഒരു കമാൻഡിലൂടെ ഇഷ്ടമുള്ള വീഡിയോ നിർമിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഇപ്പോൾ യൂട്യൂബിൽ ഏറ്റവുമധികം കാഴ്ചക്കാരുള്ള ഒരു വിഭാഗമാണ് യൂട്യൂബ് ഷോർട്സ്. ചെറുവീഡിയോകൾ വേഗത്തിൽ ആസ്വദിച്ച് മുന്നോട്ട് പോകാൻ കഴിയുന്ന ഷോർട്സിന് ആരാധകർ ഏറെയാണ്. അതുപോലെ തന്നെ ഷോർട്സിന് എതരാളികളും ഏറെയാണ്. ഇൻസ്റ്റഗ്രാം റീൽസ്, ടിക് ടോക് തുടങ്ങിയ നിരവധി ചെറുവീഡിയോകളോട് യൂട്യൂബ് ഷോർട്സ് മത്സരിച്ചുകൊണ്ടിരിക്കുന്നു.

ഹൃസ്വ വീഡിയോ രംഗത്ത് തങ്ങളുടെ പ്ലാറ്റ്ഫോമിനെ മുന്നിലെത്തിക്കാനുള്ള ശ്രമങ്ങൾ ഏറെ നാളായി യൂട്യൂബ് നടത്തുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ നീക്കമാണ് ഡ്രീം സ്ക്രീൻ എഐ ടൂൾ. ഉപയോക്താവ് കാണാൻ ആഗ്രഹിക്കുന്നത് ടൈപ്പ് ചെയ്‌ത് നൽകിയാൽ പുതിയ എഐ ടൂൾ ആ വീഡിയോ അല്ലെങ്കിൽ ഇമേജ് പശ്ചാത്തലം സൃഷ്‌ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കും.
ഉദാഹരണത്തിന്, "ഒരു പാണ്ട കോഫി കുടിക്കുന്നു" എന്ന് ഉപയോക്താവ് ടൈപ്പ് ചെയ്ത് നൽകി എന്നു കരുതുക. അതിന്റെ വീഡിയോ സ്ക്രീനിൽ ദൃശ്യമാകും. ഇത്തരത്തിൽ എന്ത് വേണമെങ്കിലും ഉപയോക്താക്കൾക്ക് ടൈപ്പ് ചെയ്ത് നൽകാം. അതിന്റെ വീഡിയോ സ്ക്രീനിൽ ദൃശ്യമാകും. എന്നാൽ, AI ടൂളുകൾ വഴി സൃഷ്‌ടിക്കുന്ന വീഡിയോകൾക്കും യൂട്യൂബിന്റെ കമ്യൂണിറ്റി മാനദണ്ഡങ്ങൾ ബാധകമായിരിക്കും എന്നകാര്യം ഓർക്കേണ്ടതുണ്ട്.
കമ്പനിയുടെ "മെയ്ഡ് ഓൺ യൂട്യൂബ്" എന്ന തത്സമയ പരിപാടിയിൽ യൂട്യൂബ് സിഇഒ നീൽ മോഹൻ ആണ് ഷോർട്സിലെ പുതിയ ഫീച്ചറിന്റെ പ്രത്യേകതകൾ വിവരിച്ചത്. സയൻസ് ഫിക്ഷൻ മൂൺറൈസുകൾ പോലെ നമുക്ക് സ്വപ്നത്തിൽ സങ്കൽപ്പിക്കാൻ കഴിയുന്ന ഇമേജറി പോലുള്ളവ ഇത്തരത്തിൽ നിർമിക്കാൻ സാധിക്കുമെന്ന് കമ്പനി വിവരിക്കുന്നു.
യൂട്യൂബ് അനലിറ്റിക്‌സിനെക്കുറിച്ചോ ഫുൾ പ്രൊഡക്ഷൻ സ്റ്റുഡിയോയെക്കുറിച്ചോ ആഴത്തിലുള്ള ധാരണ ഇല്ലാതെ തന്നെ യൂട്യൂബിൽ കൂടുതൽ വീഡിയോകൾ പബ്ലിഷ് ചെയ്യാനും കൂടുതൽ ആളുകളെ യൂട്യൂബിലേക്ക് ആകർഷിക്കാനും പുതിയ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്ന് നീൽ മോഹൻ പറഞ്ഞു. ജനുവരിയിൽ യൂട്യൂബ് ഷോർട്സ് കാഴ്ചക്കാരുടെ എണ്ണം 50 ബില്യൺ ആയിരുന്നു.
ഇന്ന് ഷോർട്‌സ് പ്ലാറ്റ്‌ഫോമിന് ശരാശരി 70 ബില്ല്യണിലധികം പ്രതിദിന കാഴ്‌ചക്കാരുണ്ട്. പുതിയ എഐ ടൂൾ ഈ കണക്ക് ഇനിയും വർധിപ്പിക്കും എന്ന് കമ്പനി പ്രതീക്ഷിക്കുന്നു. യൂട്യൂബിൽ എല്ലാവർക്കും വീഡിയോ സൃഷ്ടിക്കാൻ കഴിയുമെന്ന് ആളുകളെ ബോധ്യപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നതായും ജനറേറ്റീവ് AI അത് സാധ്യമാക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നതായും മോഹൻ പറഞ്ഞു.

ടൈപ്പ് ചെയ്ത് നൽകുന്നതിന്റെ അടിസ്ഥാനത്തിൽ വീഡിയോ നിർമിച്ച് നൽകുന്ന ഡ്രീം സ്ക്രീൻ ഫീച്ചർ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമായിരിക്കും ലഭ്യമാക്കുക. തുടർന്ന്, അടുത്ത വർഷം ആദ്യത്തോടെ ഈ ഫീച്ചർ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. കണ്ടന്റ് ക്രിയേറ്റർമാർക്ക് തങ്ങളുടെ കണ്ടന്റ് എഡിറ്റ് ചെയ്യാനോ റീമിക്സ് ചെയ്ത് പുതിയതായി അവതരിപ്പിക്കാനോ പുതിയ എഐ ടൂൾ ഉപയോഗപ്പെടുത്താമെന്ന് കമ്പനി പറയുന്നു.
ഡ്രീം സ്‌ക്രീനിന് പുറമെ എഡിറ്റിംഗ് ടൂളുകളുടെ ഒരു സ്യൂട്ടും യൂട്യൂബ് ക്രിയേറ്റ് ( YouTube Create) എന്ന പുതിയ ആപ്പും യൂട്യൂബ് അവതരിപ്പിച്ചു. മറ്റ് പുതിയ ഫീച്ചറുകളിൽ സെൽഫ് ഡബ്ബിംഗും സൗണ്ട് ട്രാക്കുകൾ കണ്ടെത്താൻ ശ്രമിക്കുന്ന കണ്ടന്റ് ക്രിയേറ്റർമാർക്കുള്ള സഹായവും ഉൾപ്പെടുന്നു. പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഷോർട്സ് പ്ലാറ്റ്ഫോം കൂടുതൽ കരുത്തുറ്റതാക്കാനാണ് യൂട്യൂബ് നീക്കം.


Click it and Unblock the Notifications