പരസ്യം കാണുക, അല്ലെങ്കിൽ കാശുമുടക്കുക! ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നവരെ വിലക്കാൻ യൂട്യൂബ്
ലോകത്തിലെ ഏറ്റവും ജനപ്രിയ വീഡിയോ സ്ട്രീമിങ് സംവിധാനമായ യൂട്യൂബ് അധികം വൈകാതെ ചില ഉപയോക്താക്കളെ തങ്ങളുടെ പ്ലാറ്റ്ഫോമിന്റെ പടിക്ക് പുറത്താക്കുമെന്ന് റിപ്പോർട്ട്. യൂട്യൂബിന്റെ പ്രധാന വരുമാനം പരസ്യമാണ്. ആ വരുമാനത്തിന് പാരവച്ച് യൂട്യൂബ് സേവനങ്ങൾ ആസ്വദിക്കുന്നവരെ വീഡിയോകൾ കാണുന്നതിൽനിന്ന് വിലക്കാനാണ് യൂട്യൂബ് നീക്കമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വീഡിയോകളുടെ ആഴമുള്ള ഖനിയാണ് യൂട്യൂബ്. അറിവ്, വിനോദം തുടങ്ങി വിവിധ മേഖലകളിലെ വീഡിയോകൾ നമുക്ക് യൂട്യൂബിൽ ലഭ്യമാണ്. അത്യാവശ്യം നമുക്കുവേണ്ട എല്ലാ കാര്യങ്ങളുടെയും വീഡിയോ നൽകാൻ യൂട്യൂബിന് കഴിയാറുണ്ട്. ഇങ്ങനെ നമ്മളെ വീഡിയോ കാണിക്കുമ്പോൾ യൂട്യൂബിന് എന്താണ് നേട്ടം എന്ന് ചോദിക്കേണ്ട ആവശ്യമില്ല.

കാരണം അതിന്റെ ഉത്തരം നമ്മുടെ കൺമുന്നിൽത്തന്നെയുണ്ട്. അതാണ് പരസ്യം. വീഡിയോകൾ കാണുന്നതിനിടെ നാം കാണുന്ന പരസ്യങ്ങളാണ് യൂട്യൂബിനെയും അതിനെച്ചുറ്റിപ്പറ്റി ചാനൽ നടത്തി ജീവിക്കുന്ന മലയാളികൾ അടക്കമുള്ളവരുടെയും പ്രധാന വരുമാന മാർഗം. സൗജന്യമായി വീഡിയോ കാണുന്നതിന് നമ്മൾ നൽകുന്ന പ്രത്യുപകാരമാണ് ഈ പരസ്യം കാണൽ എന്ന് വേണമെങ്കിൽ പറയാം.
പരസ്യം കാണാൻ താൽപര്യമില്ലാത്തവർക്കായി യൂട്യൂബ് പ്രത്യേക സബ്സ്ക്രിപ്ഷൻ പ്ലാൻ ഏർപ്പെടുത്തിയിട്ടുണ്ട്. അതുവഴി കൂടുതൽ യൂട്യൂബ് ഫീച്ചറുകൾ ആസ്വദിക്കാനും സാധിക്കും. ഓഫ്ലൈനിൽ വീഡിയോ ആസ്വദിക്കാനായി ഡൗൺലോഡിങ് ഓപ്ഷൻ സൗകര്യം, ബാക്ക്ഗ്രൗണ്ട് പ്ലേ തുടങ്ങി അനേകം സൗകര്യങ്ങളാണ് സബ്സ്ക്രിപ്ഷൻ പ്ലാനിലൂടെ പ്രീമിയം വരിക്കാർക്കായി യൂട്യൂബ് നൽകിവരുന്നത്.

പണം നൽകാൻ താൽപര്യമില്ലാത്തതിനാൽ ഭൂരിപക്ഷം യൂട്യൂബ് ഉപയോക്താക്കളും പരസ്യം കണ്ട് സ്കിപ്പ് ഓപ്ഷൻ എത്തുമ്പോൾ അത് പ്രയോജനപ്പെടുത്തിയ ശേഷം വീഡിയോ ആസ്വദിക്കുന്നു. പണമുള്ളവർ കാശുമുടക്കി പരസ്യം ഒഴിവാക്കി വീഡിയോകൾ ആസ്വദിക്കുന്നു. എന്നാൽ ഈ രണ്ട് വിഭാഗത്തിലും പെടാതെ ചില സൂത്രപ്പണികളിലൂടെ പരസ്യം ഒഴിവാക്കി, പണംമുടക്കില്ലാതെ യൂട്യൂബ് വീഡിയോ ആസ്വദിക്കുന്ന ഒരു വിഭാഗം ആളുകൾകൂടിയുണ്ട്.
ഇവരെ പുറത്താക്കാനും വീഡിയോ കാണുന്നതിൽനിന്ന് വിലക്കാനുമാണ് ഇപ്പോൾ യൂട്യൂബ് തയാറെടുത്തിരിക്കുന്നത്. യൂട്യൂബ് പരസ്യങ്ങൾ ഒഴിവാക്കാൻ പറ്റാത്ത അവസരങ്ങളിൽ ആഡ്ബ്ലോക്കർ ഉപയോഗിച്ച് പരസ്യങ്ങൾ ബ്ലോക്ക് ചെയ്ത ശേഷം വീഡിയോ ആസ്വദിക്കുന്നതാണ് ഇവരുടെ രീതി. ഇത്തരം ആളുകളെ വിലക്കാനായി പുതിയ ഫീച്ചർ ഏതാണ്ട് തയാറായിക്കഴിഞ്ഞു.
പുതിയ യൂട്യൂബ് ഫീച്ചർ ആഡ് ബ്ലോക്കർ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ യൂട്യൂബ് വെബ്‌സൈറ്റിൽ നിന്ന് തന്നെ ബ്ലോക്ക് ചെയ്യും. ഒന്നും ആർക്കും സൗജന്യം കിട്ടുന്നതല്ല. ഒന്നുകിൽ പണം നൽകി പരസ്യം ഒഴിവാക്കുക, അതല്ലെങ്കിൽ പരസ്യം സഹിച്ച് വീഡിയോ കാണുക എന്നതാണ് യൂട്യൂബ് മുന്നോട്ട് വയ്ക്കുന്ന നയം.
ഈനയം നടപ്പിലാക്കാൻ ഏറെ നാളായി യൂട്യൂബ് ശ്രമിച്ചുവരുന്നുണ്ട്. ഇതിലൂടെ ഒന്നുകിൽ പരസ്യവരുമാനം വർധിക്കും അതല്ലെങ്കിൽ സബ്സ്ക്രിപ്ഷൻ വരുമാനം വർധിക്കും എന്നാണ് യൂട്യൂബ് കരുതുന്നത്. ആഡ്ബ്ലോക്കർ ഉപയോഗിക്കുന്നവരെ വിലക്കാനുള്ള യൂട്യൂബ് തീരുമാനം ഒരു യൂസർ റെഡ്ഡിറ്റിലൂടെ പങ്കവച്ചിരുന്നു. "പരസ്യ ബ്ലോക്കറുകൾ അനുവദനീയമല്ല" എന്ന് പ്രസ്താവിക്കുന്ന ഒരു പോപ്പ്-അപ്പ് യൂട്യൂബിൽ ദൃശ്യമായി എന്നായിരുന്നു അയാളുടെ വെളിപ്പെടുത്തൽ.

'ആഡ് ബ്ലോക്കറുകൾ യൂട്യൂബിൽ അനുവദനീയമല്ല, നിങ്ങൾ ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നുണ്ടെന്നാണ് തോന്നുന്നത്' എന്ന സന്ദേശം യൂട്യൂബ് ഉപഭോക്താക്കളെ കാണിക്കുന്നുണ്ട്. ആഗോളതലത്തിലുള്ള കോടിക്കണക്കിന് ആളുകൾക്ക് യൂട്യൂബ് സൗജന്യമായി നിലനിർത്തുന്നത് പരസ്യങ്ങളാണ്. അതിനോട് താൽപര്യമില്ലാത്തവരോട് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ എടുക്കാനും കമ്പനി ഈ മുന്നറിയിപ്പിൽ നിർദേശിക്കുന്നുണ്ട്.
യൂട്യൂബ് സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം അടുത്തകാലത്ത് ഏറെ വർധിച്ചിട്ടുണ്ട്. 2022-ൽ യൂട്യൂബ് കാണുന്ന ഇന്ത്യക്കാരുടെ എണ്ണം 567 ദശലക്ഷം ആയിരുന്നു. 2025-ൽ കാഴ്ചക്കാരുടെ എണ്ണം 833 ദശലക്ഷത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ നല്ലൊരു ശതമാനം ആളുകളെയും സബ്സ്ക്രിപ്ഷൻ പ്ലാനുകളിലേക്ക് എത്തിക്കാനുള്ള തന്ത്രങ്ങളും യൂട്യൂബ് അണിയറയിൽ ഒരുക്കുന്നുണ്ട്.


Click it and Unblock the Notifications








