വാട്സ്ആപ്പിൽ ഇല്ലാത്ത ഫീച്ചർ വരെയുണ്ട്, പക്ഷേ അരട്ടൈയുടെ തമിഴ് പേര് വിവാദമാക്കാൻ നീക്കം!
ഇന്ത്യയിലെമ്പാടും ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ആപ്പ് ആണ് അരട്ടൈ (Arattai app). വാട്സ്ആപ്പിന് ബദലാകാനുള്ള ശേഷി ഈ ഇന്ത്യൻ നിർമിത ആപ്പിന് ഉണ്ട് എന്ന് വിലയിരുത്തപ്പെടുന്നു. ഇത് ഒരു പുതിയ ആപ്പ് അല്ല, 2021 ജനുവരിയിൽ തന്നെ സോഹോ (Zoho) കമ്പനി ഈ ആപ്പ് അവതരിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ചമുതൽ ഈ ആപ്പ് അപ്രതീക്ഷിതമായി ഡൗൺലോഡിങ്ങിൽ വൻ കുതിപ്പ് പ്രകടമാക്കുകയായിരുന്നു. ആപ്പ് സ്റ്റോറുകളിൽ വാട്സ്ആപ്പിനെ മറികടന്ന് ഡൗൺലോഡിങ്ങിൽ ഒന്നാമത് എത്തുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് ഇങ്ങനെയൊരു ആപ്പിനെക്കുറിച്ച് പലരും അറിയുന്നത്.
സ്വദേശി ആപ്പ് എന്ന നിലയിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പു മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, കേന്ദ്ര ഐടി വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ പിന്തുണച്ച് രംഗത്ത് എത്തിയതോടെയാണ് അരട്ടൈ ആപ്പിന്റെ തലവര മാറിയത്. തുടർന്ന് ഡൗൺലോഡുകളുടെ എണ്ണം കുതിച്ചുയരുകയായിരുന്നു. മെയ്ഡ്-ഇൻ-ഇന്ത്യ ആപ്പ് എന്ന നിലയിൽ കേന്ദ്ര സർക്കാർ പിന്തുണ ലഭിച്ചതോടെ കൂടുതൽ പേർ ഈ ആപ്പിനെപ്പറ്റി അറിഞ്ഞു.

വാട്സ്ആപ്പിന്റെ എതിരാളിയാകുമോ
വാട്സ്ആപ്പിന് ബദൽ ആകാൻ കഴിയും വിധത്തിൽ നിരവധി ഫീച്ചറുകൾ അരട്ടൈ ആപ്പിനുണ്ട്. ടെക്‌സ്‌റ്റിംഗ്, കോളിംഗ്, ഫയൽ ഷെയറിംഗ് തുടങ്ങിയ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പിൽ ഉള്ളതുപോലെ തന്നെ ഈ ആപ്പിലും ഉണ്ട്. എന്നാൽ അതിനുമപ്പുറം, വാട്സ്ആപ്പിന് ഇല്ലാത്ത ഒരു പ്രത്യേകത കൂടി അറട്ടൈ ആപ്പിന് ഉണ്ട്.
ആൻഡ്രോയിഡ് ടിവിയ്ക്കായുള്ള പ്രത്യേക പിന്തുണ അരട്ടൈ ആപ്പിന് ഉണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അരട്ടൈ ആപ്പിന്റെ ഡൗൺലോഡുകളുടെ എണ്ണം കുതിച്ചുയർന്നതോടെ അതിലെ അടിസ്ഥാന സൗകര്യങ്ങൾ മികച്ചതാക്കാൻ കമ്പനി പരിശ്രമിക്കുന്നുണ്ട് എന്ന് സോഹോ അധികൃതർ പ്രതികരിച്ചിട്ടുണ്ട്. ട്രാഫിക്കിനെ പിന്തുണയ്ക്കാൻ കഴിയുന്ന അടിസ്ഥാന സൗകര്യങ്ങൾ ചേർക്കാൻ കഠിനമായി പരിശ്രമിക്കുകയാണെന്നാണ് സോഹോ സിഇഒ 'എക്‌സിൽ' പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

പ്രതിസന്ധി
അരട്ടൈ ആപ്പിന്റെ പേര് തമിഴ് ഭാഷയിൽ നിന്നുള്ളതാണ്. ഈ പേരിനോട് ഇതിനകം നിരവധി പേർ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. പ്രത്യേകിച്ചും നോർത്ത് ഇന്ത്യക്കാർക്ക് അരട്ടൈ എന്ന പേര് അത്ര ഇഷ്ടപ്പെട്ടിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ഈ ആപ്പുമായി ബന്ധപ്പെട്ട വീഡിയോകളുടെ താഴെ കമന്റിലൂടെയും മറ്റും പേരിന് എതിരേയുള്ള വിമർശനങ്ങൾ പലരും ഉയർത്തുന്നുണ്ട്.
അരട്ടൈ എന്ന പേര് മാറ്റി റീബ്രാൻഡ് ചെയ്ത് ആപ്പ് അവതരിപ്പിക്കണം എന്നാണ് ചിലർ ആവശ്യപ്പെടുന്നത്. ഇന്ത്യയിൽ മുഴുവൻ വളരാൻ ആഗ്രഹിക്കുന്നു എങ്കിൽ പേര് മാറ്റണം എന്നാണ് ആവശ്യം. എന്നാൽ പേര് മാറ്റുന്നതിനെതിരേയും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ ഈ പേരിൽ തന്നെ ആപ്പ് തുടരാനാണ് സോഹോ കമ്പനിയുടെയും തീരുമാനം.
ഷവോമി, ഹുവാവേയ് തുടങ്ങിയ ചൈനീസ് പേരുകൾ പറയാമെങ്കിൽ എന്തുകൊണ്ട് അരട്ടൈ എന്ന് പറയാൻ കഴിയുന്നില്ല എന്നാണ് പേരിനെ അനുകൂലിക്കുന്നവർ ചോദിക്കുന്നത്. പേരിനെ സംബന്ധിച്ച വിവാദങ്ങൾ ഒരുവശത്ത് നടക്കുമ്പോൾ തന്നെ, വാട്സ്ആപ്പിനുള്ള ഇന്ത്യൻ ബദൽ എന്ന നിലയിൽ നിരവധി പേർ ഈ ആപ്പ് പരീക്ഷിക്കാൻ ഇപ്പോൾ മുന്നിട്ടിറങ്ങിയിട്ടുണ്ട്.

അരട്ടൈ ആപ്പ് ട്രെൻഡിങ്ങ് ആയി എന്ന വാർത്തകൾ വന്നപ്പോൾ ഇങ്ങനെയൊരു ആപ്പ് ഉപയോഗിക്കുന്ന ആരെയും അറിയില്ല എന്നായിരുന്നു മലയാളികൾ പലരും പ്രതികരിച്ചത്. എന്നാലിപ്പോൾ നിരവധി പേർ ആപ്പ് പരീക്ഷിക്കാൻ തയാറായി ഡൗൺലോഡ് ചെയ്തുകഴിഞ്ഞു. പക്ഷേ തിരക്ക് വർധിച്ചത് ആപ്പിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
സെർവർ ലോഡിലെ കുതിച്ചുചാട്ടം കാരണം OTP വൈകൽ ഉൾപ്പെടെ ആപ്പ് അൽപ്പം സ്ലോ ആയിട്ടുണ്ട്. ഇത് പരിഹരിക്കാൻ കമ്പനി അതിവേഗം പരിശ്രമിച്ച് വരികയാണ്. എന്തായാലും വാട്സ്ആപ്പിന്റെ ജനപ്രീതിയെ മറികടന്ന് ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ അരട്ടൈ ആപ്പിന് കഴിയുമോയെന്ന് വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തമാകും.


Click it and Unblock the Notifications








