ഡിസ്കൗണ്ട് നിരക്കിൽ വയർ നിറയ്ക്കുന്ന 'രക്ഷാപ്രവർത്തനം'! പുതിയ അടിപൊളി ഫീച്ചറുമായി സൊമാറ്റോ
വിശപ്പിന്റെ വില ഒരിക്കലെങ്കിലും അറിഞ്ഞിട്ടുള്ളവർ ഒരിക്കലും ഭക്ഷണം പാഴാക്കാൻ തയാറാകില്ല എന്നാണ് പറയപ്പെടുന്നത്. അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും ഭക്ഷണം പാഴാക്കാതിരിക്കാൻ ഒരു നല്ല പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. ദിവസവും സൊമാറ്റോ വഴി ലക്ഷക്കണക്കിന് ഭക്ഷണ ഓഡറുകൾ ഡെലിവറി ആകാറുണ്ട്. എന്നാൽ ചില ഓഡറുകൾ പല കാരണങ്ങളാൽ ക്യാൻസൽ ചെയ്യപ്പെടും. ഇങ്ങനെ ഓഡർ ചെയ്ത ഭക്ഷണം ക്യാൻസൽ ആകുന്നത് റസ്റ്ററന്റുകൾക്കും സൊമാറ്റോയ്ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. മാത്രമല്ല, ഭക്ഷണം പലപ്പോഴും പാഴാകുന്നതിനും ഇത്തരം ഓഡർ ക്യാൻസലുകൾ കാരണമാകാറുണ്ട്.
ഓഡർ ക്യാൻസൽ ചെയ്യുമ്പോൾ ഭക്ഷണം പാഴാകുന്നു എന്ന പ്രശ്നം പരിഹരിക്കുന്നതിനായി സൊമാറ്റോ കഴിഞ്ഞ ദിവസം ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ചു, 'ഫുഡ് റെസ്‌ക്യൂ' (Zomato Food Rescue feature) എന്നാണ് ഈ ഫീച്ചറിന്റെ പേര്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഇത് ഭക്ഷണം പാഴാകാതെ രക്ഷാപ്രവർത്തനം നടത്തുന്നു.

എന്തുകൊണ്ട് ഫുഡ് റെസ്ക്യൂ?: കർശനമായ നോ റീഫണ്ട് പോളിസി ഉണ്ടായിട്ട് പോലും പ്രതിമാസം 400,000 ൽ അധികം ഫുഡ് ഓർഡറുകൾ ക്യാൻസൽ ചെയ്യപ്പെടുന്നുണ്ട് എന്ന് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ പറയുന്നു. അളവിൽ ഭക്ഷണം പാഴാകുന്നതിനാൽ, ഇങ്ങനെ ഓർഡർ റദ്ദാക്കുന്നതിനെ സൊമാറ്റോ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ദീപീന്ദർ ഗോയൽ വ്യക്തമാക്കി.
കർശനമായ നയങ്ങളും ക്യാൻസലേഷൻ റീഫണ്ട് പോളിസിയും നിലനിൽക്കെ തന്നെ ഉപഭോക്താക്കളിൽ ഒരു വിഭാഗം വിവിധ കാരണങ്ങളാൽ ഓഡർ ക്യാൻസൽ ചെയ്യുന്നു. 4 ലക്ഷത്തിലധികം മികച്ച ഓർഡറുക ഇത്തരത്തിൽ സൊമാറ്റോയിൽ ക്യാൻസൽ ചെയ്യപ്പെടുന്നുണ്ട് എന്ന് ഗോയൽ ട്വിറ്റർ അക്കൗണ്ടിലൂടെ നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് പുതിയ ഫുഡ് റെസ്ക്യൂ ഫീച്ചർ സൊമാറ്റോ കൊണ്ടുവന്നത് എന്ന് അദ്ദേഹം വിവരിക്കുന്നു.
എന്താണ് സൊമാറ്റോ ഫുഡ് റെസ്ക്യൂ ഫീച്ചർ, ഇത് എങ്ങനെയാണ് ഉപകാരപ്പെടുക: ഓഡർ ചെയ്ത ശേഷം പിന്നീട് ക്യാൻസൽ ചെയ്യപ്പെടുന്ന ഓഡറുകൾ ആ റെസ്റ്ററന്റിന്റെ ലൊക്കോഷന് അടുത്തുള്ള ഉപയോക്താക്കൾക്ക് യഥാർഥ വിലയിലും കുറഞ്ഞ വിലയിൽ നൽകുന്നതാണ് സൊമാറ്റോയുടെ പുതിയ ഫുഡ് റെസ്ക്യൂ ഫീച്ചർ.
ഇങ്ങനെ ക്യാൻസലായ ഭക്ഷണം കുറഞ്ഞ നിരക്കിൽ മറ്റൊരു ഉപയോക്താവിന് നൽകുന്നതിലൂടെ ഭക്ഷണം പാഴാക്കപ്പെടുന്നത് ഒഴിവാകുന്നു. അതിലൂടെ സൊമാറ്റോയ്ക്കും റസ്റ്ററന്റിനും ഉപയോക്താവിനും നേട്ടമുണ്ടാകുന്നു. ഡിസ്കൗണ്ട് വിലയിൽ ഭക്ഷണം സ്വന്തമാക്കാം എന്നതാണ് ഉപയോക്താവിനുള്ള നേട്ടം. ''റദ്ദാക്കിയ ഓർഡറുകൾ ഇപ്പോൾ സമീപത്തുള്ള ഉപഭോക്താക്കൾക്ക് പോപ്പ് അപ്പ് ചെയ്യും, അവർക്ക് അവിശ്വസനീയമായ വിലയ്ക്ക്, മിനിറ്റുകൾക്കുള്ളിൽ അവ സ്വന്തമാക്കാൻ കഴിയും, " എന്ന് ഗോയൽ ഇതേപ്പറ്റി വിശദീകരിച്ചു.
ഫുഡ് റെസ്ക്യൂ ഫീച്ചർ എങ്ങനെ പ്രവർത്തിക്കുന്നു: ക്യാൻസലായ ഓഡർ ഡെലിവറി പാർട്നറുടെ കൈയിലാണ് ഉള്ളത് എങ്കിൽ അയാൾ നിൽക്കുന്നതിന്റെ 3 കിലോമീറ്റർ ദൂരത്തിനുള്ളിലുള്ള ഉപയോക്താക്കൾക്ക് അതിന്റെ പോപ് അപ്പ് ലഭ്യമാക്കാൻ 'ഫുഡ് റെസ്‌ക്യൂ' ഫീച്ചറിന് കഴിയും. ഫുഡ് ഡെലിവറിയിൽ സമയം വളരെ പ്രധാനമായതിനാൽ കുറച്ച് നേരത്തേക്ക് മാത്രമേ ഈ ഓപ്ഷൻ ലഭ്യമാകൂ.

സൊമാറ്റോയുടെ ഈ ഫീച്ചർ വിജയിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം, ഓൺലൈനിൽ ഫുഡ് ഓഡർ ചെയ്യുന്ന ഉപയോക്താക്കൾക്ക് ചീപ് റേറ്റിൽ ഭക്ഷണം നേടാനുള്ള അവസരം ഈ ഫീച്ചറിലൂടെ ലഭിക്കുന്നു. മാത്രമല്ല, ഈ ഫീച്ചർ അവതരിപ്പിക്കുന്നതിലൂടെ കുറഞ്ഞ നിരക്കിൽ ഭക്ഷണം തേടുന്നവരെ തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കാൻ സൊമാറ്റോയ്ക്കും സാധിക്കും.


Click it and Unblock the Notifications