പുതിയ ഷൂട്ടിംഗ് മോഡ്, മികച്ച ബാറ്ററി, പക്കാ റെക്കോഡിങ്: ഗോ പ്രോ ഹീറോ 12 എത്തി; ധൈര്യമായി കൂടെക്കൂട്ടാം!
തങ്ങളുടെ ഏറ്റവും പുതിയ ക്യാമറ അവതരിപ്പിച്ച് ഗോപ്രോ. ഹീറോ 12 ബ്ലാക്ക് എന്ന ക്യാമറയാണ് ബുധനാഴ്ച കമ്പനി പുറത്ത് വിട്ടത്. മികച്ച ബാറ്ററി ലൈഫ് ആണ് ഗോപ്രോ തങ്ങളുടെ പുതിയ ക്യാമറയ്ക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. പുതിയ ഉത്പന്നത്തിലൂടെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും ഗോപ്രോ പറയുന്നു.
കഴിഞ്ഞ വർഷം പുറത്തിറക്കിയ ഹീറോ 11 ബ്ലാക്കിന്റെ പിൻഗാമി എന്ന നിലയ്ക്കാണ് പുതിയ ക്യാമറ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. തങ്ങളുടെ മുൻഗാമി ഉത്പന്നങ്ങളെക്കാൾ ഇരട്ടി ബാറ്ററി ലൈഫ് പുതിയതായി ഇറക്കിയ ഹീറോ 12 ബ്ലാക്കിന് ഉണ്ട് എന്നാണ് ഗോപ്രോ അവകാശപ്പെടുന്നത്. സോഫ്റ്റ്‌വെയർ ട്വീക്കുകളിലൂടെ പ്രകടനം മെച്ചപ്പെടുത്താനും കമ്പനി ശ്രമിച്ചിട്ടുണ്ട്. കൂടുതൽ ഉപയോക്തൃ-സൗഹൃദമായാണ് ഉത്പന്നം പുറത്തിറക്കിയിരിക്കുന്നത്. ക്യാമറ ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി ആശയക്കുഴപ്പങ്ങൾ കുറയ്ക്കാൻ പുതിയ ഉത്പന്നത്തിന് സാധിച്ചിട്ടുണ്ട്.

സെപ്തംബർ ആറ് ബുധനാഴ്ച മുതൽ ഹീറോ 12 ബ്ലാക്ക് ഗോപ്രോ ക്യാമറ ഇന്ത്യൻ ഉപഭോക്താക്കൾക്ക് മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്. ആമസോൺ, ഫ്ലിപ്കാർട്ട്, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ് ഉൾപ്പെടെ നിരവധി ഓൺലൈൻ ഇ കൊമേഴ്സ് സൈറ്റുകളിൽ ഈ ഉത്പന്നം ലഭ്യമാണ്. ഹീറോ 12 ബ്ലാക്കിന് 45,000 രൂപയും ഹീറോ 12 ബ്ലാക്ക് ക്രിയേറ്റർ എഡിഷന്റെ വില 65,000 രൂപയുമാണ്. സെപ്തംബർ 13 മുതൽ ക്യാമറ വിതരണത്തിന് എത്തും.
ഇതേ ദിവസം മുതൽ ഓഫ്ലൈൻ ആയും ഉത്പന്നം വാങ്ങാൻ സാധിക്കും. അതേ സമയം മാക്സ് ലെൻസ് മോഡ് 2.0 നവംബർ അവസാനത്തോടെ വിൽപ്പനയ്‌ക്കെത്തും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹീറോ 11 ബ്ലാക്കിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഹീറോ 12 ബ്ലാക്ക് മികച്ച ലാഭമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. 51,500 രൂപയായിരുന്നു ഹീറോ 11 ബ്ലാക്കിന്റെ വില. പുതിയ ഉത്പന്നത്തിന് 6,500 രൂപയോളം കുറവാണ്.

ഹീറോ 12 ബ്ലാക്കിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. കാഴ്ചയിൽ തന്റെ മുൻഗാമിയായി ഏറെ സാമ്യം തോന്നുന മോഡലാണ് ഹീറോ 12 ബ്ലാക്ക്. 71.8x50.8x33.6mm (WxHxD) അളവും 154 ഗ്രാം ഭാരവുമാണ് ഇതിന് ഉള്ളത്. ലെൻസിനടുത്തായി 2.27 ഇഞ്ച് മെയിൻ എൽസിഡിയും 1.4 ഇഞ്ച് എൽസിഡിയും നിലനിർത്താൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. 1720എംഎഎച്ച് നീക്കം ചെയ്യാവുന്ന എൻഡ്യൂറോ ബാറ്ററിയാണ് ഹീറോ 12 ബ്ലാക്കിൽ ഉപയോഗിക്കുന്നത്.
ഹീറോ 12 ബ്ലാക്ക് കവറിൽ ടെക്‌സ്‌ചറുകൾ അവതരിപ്പിച്ചിരിക്കുന്നു എന്നത് മുൻഗാമിയിൽ നിന്ന് വ്യത്യസ്തനാകാൻ സഹായിച്ചിട്ടുണ്ട്. കൂടുതൽ പരുക്കനും സ്‌പോർട്ടി രൂപവും നൽകാന് ഇത് സഹായിച്ചിട്ടുണ്ട്. ട്രൈപോഡുകൾക്കുള്ള ബിൽറ്റ്-ഇൻ മൗണ്ടും USB-C പോർട്ട് വഴി ബാറ്ററി ചാർജും ഉൾപ്പെടുന്നതാണ് ഹീറോ 12 ബ്ലാക്ക്. ഹീറോ 11 ബ്ലാക്കിൽ ഗോപ്രോ അവതരിപ്പിച്ചിരുന്ന 1/1.9-ഇഞ്ച് സെൻസർ പുതിയ ഉത്പന്നത്തിലും സ്ഥാനം പിടിച്ചിട്ടുണ്ട്.
കമ്പനി പുറത്തുവിടുന്ന റിപ്പോർട്ട് പ്രകാരം ഹൈപ്പർസ്മൂത്ത് 6.0-ൽ 5.3K60-ൽ 70 മിനിറ്റ് റെക്കോർഡിംഗ് സമയം ഹീറോ 12 ബ്ലാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 120fps-ൽ 4K റെക്കോർഡിംഗിൽ പോലും, ഒരു ചാർജിന് 58 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ റെക്കോർഡ് ചെയ്യാനും സാധിക്കുന്നതാണ്. ക്യാമറയുടെ മുൻഗാമിക്ക് യഥാക്രമം 35 മിനിറ്റ് ദൈർഘ്യമുള്ളതും 28 മിനിറ്റ് ദൈർഘ്യമുള്ളതുമായ വീഡിയോകൾ ആയിരുന്നു സാധ്യമായിരുന്നത്. ഹൈപ്പർസ്മൂത്ത് 6.0 ന് കീഴിൽ സ്ഥിരതയും മെച്ചപ്പെടുത്തിയിട്ടുണ്ട്.
TWS ഇയർബഡുകൾ ബ്ലൂട്ടുത്ത് വഴി ഹീറോ 12 ബ്ലാക്കുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നതാണ്. ഇതിലൂടെ മൈക്കിനുള്ള അധിക പിന്തുണയും ഉപഭോക്താക്കൾക്ക് നേടിയെടുക്കാൻ സാധിക്കും. വോയ്‌സ് കമാൻഡുകൾ വഴി ക്യാമറ നിയന്ത്രിക്കാനും ഈ സൗകര്യം ഉപയോഗപ്രദമാകും. HDR പിന്തുണയും പുതിയ ഉത്പന്നത്തിന് ഉണ്ടായിരിക്കുന്നതാണ്. ഹീറോ 11 ബ്ലാക്കിലെ ഫോട്ടോകൾക്ക് മാത്രമായിരുന്നു ഗോപ്രോ HDR പിന്തുണ നൽകിയിരുന്നത്. 8:7 വീക്ഷണാനുപാതത്തിൽ വീഡിയോകൾ ഷൂട്ട് ചെയ്യാനും ഹീറോ 12 ബ്ലാക്ക് സൗകര്യം ഒരുക്കുന്നു.
ടൈം വ്രാപ്, ടൈം ലാപ്സ്, നൈറ്റ് ലാപ്സ്, നൈറ്റ് എഫക്ട് എന്നീ മോഡുകളും പുതിയ ഗോപ്രോയിൽ ലഭ്യമാണ്. ഇതിൽ എടുത്ത ചിത്രങ്ങൾ എഡിറ്റ് ചെയ്യാനായി ക്വിക്ക് (Quik) എന്ന ആപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഉടൻ തന്നെ വിൻഡോസ്, മാക് ഒഎസ് എന്നിവയ്ക്കായും ക്വിക്ക് അവതരിപ്പിക്കുമെന്നും കമ്പനി പറഞ്ഞു. വ്ലോഗ് ചെയ്യുന്നവർക്ക് ഏറ്റവും അനുയോജ്യമായ ക്യാമറകളാണ് ഗോപ്രോയുടേത്.


Click it and Unblock the Notifications








