നിക്കോണ്‍ കൂള്‍പിക്‌സ് എസ്800സി ക്യാമറ; ആദ്യ ആന്‍ഡ്രോയിഡ് ക്യാമറ

Posted By: Super

ക്യാമറ നിര്‍മ്മാതാക്കളായ നിക്കോണ്‍ ക്യാമറയില്‍ തന്നെ മറ്റൊരു അധികസൗകര്യം കൂടി ഒരുക്കി പുതിയ ഉത്പന്നത്തെ അവതരിപ്പിച്ചേക്കുമെന്ന് അഭ്യൂഹം. ആന്‍ഡ്രോയിഡ് അധിഷ്ഠിത കൂള്‍പിക്‌സ് എസ്800സി (Coolpix S800C) എന്ന ഉത്പന്നം ഒരു ക്യാമറയായി മാത്രമല്ല ഇമെയില്‍, മ്യൂസിക്, ബ്രൗസിംഗ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാകുമത്രെ. നിക്കോണില്‍ നിന്നുള്ള ഈ ഉത്പന്നം വാസ്തവമാണെങ്കില്‍ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ക്യാമറയാകുമിത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

nikon-coolpix-s800c-12x

nikon-coolpix-s800c-12x

nikon-coolpix-s800c-3x

nikon-coolpix-s800c-3x

nikon-coolpix-s800c

nikon-coolpix-s800c
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റമാണ് ഇതില്‍ വരിക. ഈ ഒഎസ് ഉള്‍പ്പെടുന്നതിനാല്‍ തന്നെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ സ്റ്റോറായ ഗൂഗിള്‍ പ്ലേയും ക്യാമറ വഴി ആക്‌സസ് ചെയ്യാനാകും. നിക്കോണ്‍റൂമേഴ്‌സ് എന്ന സൈറ്റാണ് ഇത്തരമൊരു വാര്‍ത്ത ഇപ്പോള്‍ പുറത്തുവിട്ടത്.

കൂള്‍പിക്‌സ് എസ്800സിയുടേതെന്ന് കരുതുന്ന ചില ചിത്രങ്ങളും ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങളെ അടിസ്ഥാനമാക്കി ഇതിലെ ചില സവിശേഷതകളെന്തെല്ലാമാകുമെന്ന് അനുമാനിക്കാനാകും. ടച്ച്‌സ്‌ക്രീന്‍ മെനുവാണ് ഇതിലൊന്ന്. 12X വൈഡ് ഓപ്റ്റിക്കല്‍ സൂം ഇഡി വിആര്‍, 4.5-54.0എംഎം സ്റ്റോക്ക് ലെന്‍സ് എന്നിവയും ഇതിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്കോണുമായി ബന്ധപ്പെട്ട വിവിധ റിപ്പോര്‍ട്ടുകള്‍ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേ നിക്കോണ്‍റൂമേഴ്‌സ് എത്തിക്കാറുണ്ട് എന്നതിനാല്‍ ഈ വാര്‍ത്തയേയും വിപണി ഏറെ കുറേ കാര്യമായാണ് എടുത്തിട്ടുള്ളത്. ഇന്തോനേഷ്യന്‍ കമ്മ്യൂണിക്കേഷന്‍ ഏജന്‍സിക്ക് സമര്‍പ്പിച്ച ഒരു ഫയലിംഗിലാണ് ഈ ക്യാമറയെക്കുറിച്ചുള്ള പരാമര്‍ശം സൈറ്റ് ആദ്യം കണ്ടെത്തിയത്. 3.5 ഇഞ്ച് ഒഎല്‍ഇഡി സ്‌ക്രീന്‍, 25-250എംഎം ലെന്‍സ്, ബില്‍റ്റ് ഇന്‍ വൈഫൈ, ജിപിഎസ്, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ പിന്തുണ എന്നിവയെല്ലാം ഇതില്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഓപ്റ്റിക്കല്‍ സൂം 12x എന്നും 3x എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് കമ്പനി രണ്ട് മോഡലുകള്‍ വ്യത്യസ്ത ഓപ്റ്റിക്കല്‍ സൂമില്‍ ഇറക്കുന്നതാണോ എന്ന സംശയത്തിന് ഇടയാക്കുന്നു. ഈ മാസം 22ന് ക്യാമറ അവതരിപ്പിച്ചേക്കുമെന്നാണ് നിക്കോണ്‍റൂമേഴ്‌സ് നല്‍കുന്ന സൂചന. ക്യാമറയുടെ മറ്റ് സവിശേഷതകളും വിലയും സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot