ഗൂഗിള്‍ നെക്‌സസ് ടാബ്‌ലറ്റിന് 7,500 രൂപ?

Posted By: Staff

ഗൂഗിള്‍ നെക്‌സസ് ടാബ്‌ലറ്റിന് 7,500 രൂപ?

ഗൂഗിളിന്റെ ഏറ്റവും പുതിയ പ്രോജക്റ്റായി കരുതുന്ന നെക്‌സസ് ടാബ്‌ലറ്റ് വെറും 7,500 രൂപയ്ക്കാകും വില്പനക്കെത്തുകയെന്ന് റിപ്പോര്‍ട്ട്. കമ്പനി നെക്‌സസ് ബ്രാന്‍ഡില്‍ ഒരു ടാബ്‌ലറ്റ് അവതരിപ്പിക്കുമെന്ന് ഇതിന് മുമ്പേ ചില പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ ഗൂഗിള്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എറിക് ഷിമിഡ്റ്റ് ഒരു ഇറ്റാലിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗൂഗിള്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ഇറക്കുമെന്ന് വെളിപ്പെടുത്തിയത്.

ആറ് മാസത്തിനുള്ളില്‍ കമ്പനിയില്‍ നിന്നും ഉയര്‍ന്ന ക്വാളിറ്റിയുള്ള ഒരു ടാബ്‌ലറ്റ് വരുമെന്നായിരുന്നു അന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഈ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നെക്‌സസ് ടാബ്‌ലറ്റുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവിധ റിപ്പോര്‍ട്ടുകള്‍ പിന്നീട് വരികയുണ്ടായി.

അതില്‍ പ്രധാനം ഏഴ് ഇഞ്ച് ടാബ്‌ലറ്റാകും ഐപാഡിനെ എതിര്‍ക്കാന്‍ ഗൂഗിള്‍ അവതരിപ്പിക്കുക എന്നായിരുന്നു. അസുസിനാണ് ഇതിന്റെ ഉത്പാദന ചുമതല എന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു.

ഈ പ്രചരണങ്ങള്‍ക്ക് പുറമെയാണ് ഇപ്പോള്‍ വെറും 149 ഡോളര്‍ (ഏകദേശം 7,500 രൂപ) വിലയ്ക്കാകും നെക്‌സസ് ടാബ്‌ലറ്റ് വില്പനക്കെത്തുകയെന്ന വാര്‍ത്ത. ഒരു ടെക്‌നോളജി വെബ്‌സൈറ്റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അസുസാണ് നിര്‍മ്മാതാക്കള്‍ എന്നതിനാല്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസറാകും ഇതിലെത്തുക. അസുസും ക്വാള്‍കോമും തമ്മിലുള്ള ബന്ധമാണ് ഈ അനുമാനത്തിന് പിന്നില്‍.

ജെല്ലിബീന്‍ ആന്‍ഡ്രോയിഡ് വേര്‍ഷനാകും ഇതിലെ ഓപറേറ്റിംഗ് സിസ്റ്റമെന്ന മറ്റൊരു സാധ്യതകൂടി സൈറ്റ് പറയുന്നുണ്ട്. യുഎസ് തുറമുഖനഗരമായ ന്യൂ ഓര്‍ലിയന്‍സില്‍ വെച്ച് നടക്കുന്ന സിടിഐഎ വയര്‍ലസ് ഷോയില്‍ വെച്ച് നെക്‌സസ് ടാബ്‌ലറ്റിനെ പരിചയപ്പെടുത്തുമെന്ന മറ്റൊരു വാര്‍ത്ത കൂടിയുണ്ട്.

എന്തായാലും മെയ് 8 മുതല്‍ 10 വരെ നടക്കുന്ന മേളയില്‍ നെക്‌സസ് ടാബ്‌ലറ്റിന്റെ വരവ് യാഥാര്‍ത്ഥ്യമാകുമോ എന്ന് കാത്തിരുന്ന് കാണാം.

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot