വെരിട്ടണ്‍, ഏസറിന്റെ പുതിയ പിസി

Posted By: Staff

വെരിട്ടണ്‍, ഏസറിന്റെ പുതിയ പിസി

ഏസറിന്റെ ഏറെ സ്വീകാര്യത ലഭിച്ച പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ആണ് ഏസര്‍ വെരിട്ടണ്‍. പ്രൊഫഷണലുകളെയും അല്ലാത്തവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന കമ്പ്യൂട്ടറുകളാണ് ഈ സീരീസില്‍ വരുന്നത്. വിവിധ കോണ്‍ഫിഗറേഷനുകളിലും, സ്‌പെസിഫിക്കേഷനുകളുമായി, വിവിധ വലിപ്പത്തില്‍ ഈ സീരീസില്‍ വരുന്നതിനാല്‍ ഓരോരുത്തര്‍ക്കും അവരവരുടെ ആവശ്യാര്‍ത്ഥം കമ്പ്യൂട്ടറുകള്‍ തിരഞ്ഞെടുക്കാം.

ഏസര്‍ ഇസഡ്620ജി ഒരു ഓള്‍ ഇന്‍ വണ്‍ പിസിയാണെന്നു പറയാം. കാരണം സിപിയു, സ്പീക്കറുകള്‍, ഡിസ്‌ക് ഡ്രൈവുകള്‍, മോണിറ്റര്‍ തുടങ്ങി ഒരു പേഴ്‌സണല്‍ കമ്പ്യൂട്ടറിനാവശ്യമായ എല്ലാ കാര്യങ്ങളും ഒരൊറ്റ യൂണിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ അധികം സ്ഥലം ആവശ്യം വരുന്നില്ല എന്നൊരു പ്രത്യേകത കൂടിയുണ്ട് ഇവിടെ. ഓഫീസുകളിലും മറ്റും ഇവ വെക്കാന്‍ അധികം സ്ഥലം ആവശ്യം വരില്ല.

കറുപ്പ്, സില്‍വര്‍ കോമ്പിനേഷനിലാണ് വെരിട്ടണിന്റെ വരവ്. 20 ഇഞ്ച് എല്‍ഇഡി സ്‌ക്രീന്‍ ആണിതിനുള്ളത്. 1600 .... 900 പിക്‌സല്‍ ആണിതിന്റെ റെസൊലൂഷന്‍. 8 ജിബി വരെ ഉയര്‍ത്താവുന്ന 4 ജിബി റാം ഉള്ള ഈ കമ്പ്യൂട്ടറിന് 2.5 ജിഗാഹെര്‍ഡ്‌സ് ഇന്റല്‍ കോര്‍ ഐ5 പ്രോസസ്സറിന്റെ സപ്പോര്‍ട്ടും ഉണ്ട്.

ഇതിന്റെ ഇന്റേണല്‍ ഹാര്‍ഡ് ഡിസ്‌ക് 500 ജിബിയാണ്. ബിസിനസുകാര്‍ക്ക് ആവശ്യമായ ഡോക്യുമെന്റുകള്‍ സൂക്ഷിക്കനും, അതല്ലെങ്കില്‍ ഇഷ്ടം പോലെ പാട്ടുകളും സിനിമകളും സ്റ്റോര്‍ ചെയ്യാനും ഇതു ധാരാളം.

ഇതിലെ എന്‍വിഡിയ ജി-ഫോഴ്‌സ് ജിടി520എം ഗ്രാഫിക്‌സ് കാര്‍ഡ് ഇതിന്റെ മള്‍ട്ടിമീഡിയ സ്വഭാവം മികച്ചതാക്കുന്നു. വെബ് ക്യാം, സ്പീക്കറുകള്‍, വെബ് ക്യാമുമായി ബന്ധിപ്പിച്ച മൈക്രോഫോണ്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉണ്ട് ഈ വെരിട്ടണ്‍ കമ്പ്യൂട്ടറില്‍.

വിന്‍ഡോസ് 7 പ്രൊഫഷണല്‍ 7 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കുന്നത്. 2020 വരെ ഈ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ സപ്പോര്‍ട്ട് മൈക്രോസോഫ്റ്റ് ഉറപ്പു നല്‍കുന്നതുകൊണ്ട് അടുത്തകാലത്തൊന്നും ഇത് അപ്‌ഗ്രേഡ് ചെയ്യേണ്ടി വരും എന്നു പേടിക്കുകയും വേണ്ട.

ആറു യുഎസ്ബി പോര്‍ട്ടുകള്‍ ഉള്ളതില്‍ രണ്ട് 4.0 യുഎസ്ബി പോര്‍ട്ടുകളും മറ്റുള്ളവ 2.0 യുഎസ്ബി പോര്‍ട്ടുകളും ആണ്. കമ്പ്യൂട്ടറിന് വൈറസ് ആക്രമണം ഉണ്ടായാലും പേട്‌ക്കേണ്ടതില്ല എന്നൊരു പ്രത്യേകത കൂടിയുണ്ട് ഇവിടെ. കാരണം, റികവറി ബട്ടണ്‍ എന്ന വണ്‍ ടച്ച് ബട്ടണില്‍ ഒന്നമര്‍ത്തുകയേ വേണ്ടൂ എല്ലാം പഴയതു പോലെ.

ഇത്രയേറെ മികച്ച ഈ ഏസര്‍ വെരിട്ടണ്‍ സീരീസ് കമ്പ്യൂട്ടറുകള്‍ക്ക് വെറും 40,000 രൂപയാണ് വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot