ആപ്പിള്‍ ഐപാഡിനെ വെല്ലാന്‍ ആലിബാബ ടാബ്‌ലറ്റ്

Posted By: Staff

ആപ്പിള്‍ ഐപാഡിനെ വെല്ലാന്‍ ആലിബാബ ടാബ്‌ലറ്റ്

ചൈനയില്‍ ഒരു പുതിയ ടാബ്‌ലറ്റ് ലോഞ്ച് ചെയ്യാന്‍ പോവുകയാണ് ആലിബാബ ഗ്രൂപ്പ്. അലിയുണ്‍ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ പുതിയ ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുക എന്ന് അലിബാബ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

റ്റിയാന്‍യു, ലിനക്‌സ് പ്ലാറ്റ്‌ഫോമില്‍ വികസിപ്പിച്ചെടുത്ത അലിയുണ്‍ ഓപറേറ്റിംഗ് സിസ്റ്റം ചൈനീസ് ഉപഭോക്താക്കള്‍ക്ക് നേരത്തെ തന്നെ പരിചിതമാണ്. കാരണം കെ-ടച്ച് ഡബ്ല്യു700 ഹാന്‍ഡ്‌സെറ്റ് അലിയുണ്‍ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ അലിയുണ്‍ ഇംഗ്ലിഷ് വേര്‍ഷനില്‍ ലഭ്യമല്ലെങ്കിലും, കമ്പനി ഇപ്പോള്‍ അതിന്റെ ഇംഗ്ലിഷ് വേര്‍ഷന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.

ആപ്പിള്‍ ഐപാഡിന് ഒരു എതിരാളിയായാണ് ഈ പുതിയ ആലിബാബ ടാബ്‌ലറ്റിനു ലഭിച്ചിരിക്കുന്ന ഒരു പരിവേശം. കാരണം ആപ്പിള്‍ ഐപാഡുമായി കിടപിടിക്കുന്ന വിധത്തിലാണ് ഈ പുതിയ ടാബ്‌ലറ്റിന്റെ രൂപകല്‍പന നിര്‍വ്വഹിച്ചിരിക്കുന്നത്.

ഈ പുതിയ ടാബ്‌ലറ്റിന്റ പേര് യാന്‍പാഡ് എന്നായിരിക്കും എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആലിബാബ ആപ്പിളുമായി അക്ഷരാര്‍ത്ഥത്തില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റുന്നത്.

നിരവധി ക്ലൗഡ് ആപ്ലിക്കേഷനുകളും അതോടൊപ്പം വ്യത്യസ്തമായ മറ്റു ആപ്ലിക്കേഷനുകളും ഈ പുതിയ ആലിബാബ ടാബ്‌ലറ്റില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫോണ്‍ ചെയ്യാനും എസ്എംഎസ് അയക്കാനുമുള്ള സംവിധാനം ഈ ടാബ്‌ലറ്റില്‍ ഉണ്ടാകും.

വെബ് സേര്‍ച്ചിലും, ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലും വിപണിയിലുള്ള ഏതു ടാബ്‌ലറ്റിനേക്കാളും മുന്നിലായിരിക്കും ആലിബാബ ടാബ്‌ലറ്റ് എന്നാണ് അവകാശവാദം.

ആലിബാബ ഗ്രൂപ്പിന്റെ സിഇഒ ആയ ശ്രീ. ജാക്ക് മായെ ചൈനയിലെ സ്റ്റീവ് ജോബ്‌സ് എന്നു വിശേഷിപ്പിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ല എന്നു ഈ വരാനിരിക്കുന്ന ഗാഡ്ജറ്റിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ നിന്നു തന്നെ മനസ്സിലാക്കാം.

ഇപ്പോള്‍ ആലിബാബ ഗ്രൂപ്പ് നേരിടുന്ന ഏക പ്രശ്‌നം ഈ പുതിയ ഗാഡ്ജറ്റിന്റെ ഇംഗ്ലിഷ് വേര്‍ഷന്‍ പുറത്തിറക്കാനെടുക്കുന്ന താമസം ആണ്. നിലവില്‍ ആലിബാബയ്ക്ക് ചൈനയില്‍ ശക്തമായ ഒരു വിപണിയും നെറ്റ് വര്‍ക്കും ഉണ്ട്.

ചൈനയെ പോലുള്ള ശക്തവും, ബൃഹത്തുമായ ഒരു മാര്‍ക്കറ്റില്‍ സവാധീനം ഉണ്ടാവുക എന്നതു തന്നെ വലിയൊരു കാര്യം ആണ്. ആപ്പിളിനെ സംബന്ധിച്ചിടത്തോളവും ചൈന ഒരു വലിയ വിപണി തന്നെയാണ്. ഈയടുത്താണ് ആപ്പിള്‍ ഷാന്‍ഗായി ആപ്പിള്‍ സ്റ്റോര്‍ ആരംഭിച്ചിരിക്കുന്നത്.

ഏതായാലും നല്ലൊരു മത്സരം എന്നതിലുപരി നല്ലൊരു ഉല്‍പന്നം ഗാഡ്ജറ്റ് പ്രേമികള്‍ക്ക് ലഭിക്കും എന്നു പ്രതീക്ഷിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot