അള്‍ട്രാബുക്കുകള്‍ക്ക് വെല്ലുവിളിയായി എഎംഡി അള്‍ട്രാതിന്‍ ലാപ്‌ടോപ്പുകള്‍

Posted By:

അള്‍ട്രാബുക്കുകള്‍ക്ക് വെല്ലുവിളിയായി എഎംഡി അള്‍ട്രാതിന്‍ ലാപ്‌ടോപ്പുകള്‍

ലാപ്‌ടോപ്പുകള്‍ എത്രത്തോളം കട്ടിയും കനവും കുറച്ച് നിര്‍മ്മിക്കാന്‍ പറ്റും എന്നാണ് കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനിക്ള്‍ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്നത്.  കാരണം മറ്റൊന്നും അല്ല ഭാരവും കട്ടിയും കുറവുള്ള ലാപ്‌ടോപ്പുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍.  ദീര്‍ഘയാത്രകളിലും മറ്റും സൗകര്യപ്രദമാണ് എന്നതാണ് ഇതിനു കാരണം.

അതാണ് അള്‍ട്രാബുക്ക് ലാപ്‌ടോപ്പുകള്‍ക്ക് ഇത്രയധികം പ്രചാരം ലഭിക്കാന്‍ കാരണം.  എഎംഡി വളരെയേറെ ഒതുക്കമുള്ള, വിലക്കുറവുള്ള ലാപ്‌ടോപ്പുകള്‍ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ്.  എന്നാല്‍ അള്‍ട്രാബുക്ക് എന്നതിനു പകരം അള്‍ട്രാതിന്‍ എന്നാണ് ഇവയെ എഎംഡി വിശേഷിപ്പിക്കുന്നത്.

ഇന്റലുമായി പ്രത്യക്ഷത്തില്‍ ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാം എന്ന ഉദ്ദേശത്തോടെയായിരിക്കും ഇങ്ങനെയൊരു നീക്കം എന്നു വേണം കരുതാന്‍.  ട്രിനിറ്റി പ്രോസസ്സറിന്റെ സപ്പോര്‍ട്ടോടെയാണ് ഈ എഎംഡി അള്‍ട്രാതിന്‍ ലാപ്‌ടോപ്പുകള്‍ പ്രവര്‍ത്തിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലാപ്‌ടോപ്പുകള്‍ക്ക് ഒതുക്കമുള്ള ഡിസൈന്‍ ആണ് എന്നതിനു പുറമെ ഇവയുടെ വില കുറവാണ് എന്നൊരു പ്രത്യേകതയും ഈ അള്‍ട്രാതിന്‍ ലാപ്‌ടോപ്പുകള്‍ക്കുണ്ട്.  നിലവില്‍ ഇന്റല്‍ അള്‍ട്രാബുക്ക് ലാപ്‌ടോപ്പുകളുടെ വില ഏകദേശം 40,000 രൂപയോളം ആണ്.  എന്നാല്‍ എഎംഡി അള്‍ട്രാതിന്‍ ലാപ്‌ടോപ്പുകളുടെ വില 30,000 രൂപയോളമേ വരൂ.

വിലയിലുള്ള ഈ വലിയ അന്തരം എഎംഡി അള്‍ട്രാതിന്‍ ലാപ്‌ടോപ്പുകള്‍ക്ക് ഇന്റല്‍ അള്‍ട്രാബുക്കുകളുടെ മേല്‍ മേല്‍ക്കൈ നേടിക്കൊടുക്കും എന്നാണ് എഎംഡിയുടെ പ്രതീക്ഷ.  അതിനിടെ ഇന്റല്‍ എന്‍ഡ്രി ലെവല്‍ അള്‍ട്രാബുക്കിന്റെ വില 5,000 രൂപയോളം കുറയ്ക്കാന്‍ പോകുന്നു എന്നൊരു വാര്‍ത്തയും ഉണ്ട്.

ഈ വാര്‍ത്ത ശരിയാണെങ്കില്‍ എഎംഡിയുടെ പ്രതീക്ഷ അസ്ഥാനത്താവും എന്നുതന്നെ വേണം പ്രതീക്ഷിക്കാന്‍.  അള്‍ട്രാബുക്കുകളും അള്‍ട്രാതിന്‍ ലാപ്‌ടോപ്പുകലും തമ്മില്‍ കടുത്ത മത്സരം തന്നെയുണ്ടാകും എന്നു വേണം കരുതാന്‍.

എഎംഡി അള്‍ട്രാതിന്‍ ലാപ്‌ടോപ്പുകളില്‍ ഉപയോഗപ്പെടുത്താന്‍ പോകുന്ന ട്രിനിറ്റി ചിപ് ഒരേ സമയം സെന്‍ഡ്രല്‍ പ്രോസസ്സിംഗ് യൂണിറ്റും ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റും ഉള്‍ക്കൊള്ളുന്നതാണ്.  പൈല്‍ഡ്രൈവര്‍ എന്നു പേരിട്ടിരിക്കുന്ന ബുള്‍ഡോസര്‍ കോര്‍ ടൈപ്പ് പ്രോസസ്സറാണ് ഇതിലുള്ളത്.

പ്രോസസ്സര്‍ ചിപ്പുകളുടെ രണ്ടു സീരീസ് ഇറക്കുന്നുണ്ട് എഎംഡി.  ഒരെണ്ണം വളരെ കുറച്ച് വൈദ്യുതി മാത്രം ആവശ്യമുള്ള, അള്‍ട്രാതിന്നുകളില്‍ ഉപയോഗിക്കുന്ന 17 വോട്ട് ചിപ്, രണ്ടാമത്തേത് പവര്‍ സ്റ്റാന്റേര്‍ഡ് ലാപ്‌ടോപ്പുകളില്‍ ഉപയോഗപ്പെടുത്തുന്ന 35 വോട്ട് ചിപ്.

17 വോട്ട് ചിപ് വളരെ മികച്ച പ്രവര്‍ത്തക്ഷമത കാഴ്ച വെക്കും.  ഇതിന്റെ ഇരട്ടി വൈദ്യുതി ഉപയോഗിക്കുന്ന എഎംഡിയുടെ ലോനോ എ സീരീസ് ചിപ്പിന്റെ അത്രയും വരും ഈ പ്രവര്‍ത്തന മികവ്.  ഈ പുതിയ സിപിയു 25 ശതമാനം കൂടുതലും ജിപിയു 50 ശതമാനം മികച്ചതുമായിരിക്കും.

ഈ ചിപ്പുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്നേയുള്ളൂ.  അതിനാല്‍ പുറത്തിറങ്ങുമ്പോഴേക്കും കൂടുതല്‍ മാറ്റങ്ങള്‍ അവയില്‍ ഉണ്ടായിരിക്കും എന്നു വേണം പ്രതീക്ഷിക്കാന്‍.  ഇവ എന്നു പുറത്തിറങ്ങും എന്നും ഇപ്പോള്‍ ഒരു സൂചനയും ഇല്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot