അല്‍ഭുതപ്പെടാന്‍ ഒരുങ്ങിക്കോളൂ, ആപ്പിള്‍ ഐടിവി വരുന്നു

Posted By:

അല്‍ഭുതപ്പെടാന്‍ ഒരുങ്ങിക്കോളൂ, ആപ്പിള്‍ ഐടിവി വരുന്നു

ആശ്ചര്യപ്പെടാന്‍ ഇഷ്ടപ്പെടാത്തവര്‍ ഇല്ല.  ലോകത്തെ അല്‍ഭുതപ്പെടുത്തി കൊണ്ടേയിരിക്കുക.  ഓരോ പുതിയ ഉല്‍പന്നം അവതരിപ്പിക്കുമ്പോഴും ആപ്പിള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ്.  ഓരോ പുതിയ ആപ്പിള്‍ ഉല്‍പന്നവും ആളുകള്‍ സ്വീകരിച്ചത് അവിശ്വസനീതയോടെയാണ്.

സംഗീത ഗാഡ്ജറ്റുകളുടെ ഇടയിലേക്ക് അവതരിപ്പിക്കപ്പെട്ട ഐപോഡും, മൊബൈല്‍ ഫോണ്‍ വിപണിയെ അമ്പരപ്പിച്ച ഐഫോണും, മാക് കമ്പ്യൂട്ടറും, മാക്ബുക്ക് എയര്‍ ലാപ്‌ടോപ്പും എല്ലാം ഉപഭോക്താക്കളെ മാത്രമല്ല എതിരാളികളെ പോലും അല്‍ഭുതപ്പെടുത്തിക്കൊണ്ടാണ് നമ്മുടെ ഹൃദയങ്ങള്‍ കീഴടക്കിയത്.  ആപ്പിളിന്റെ പിന്നാലെ നടക്കുക എന്ന ഗതികേടിലാണ് സാംസംഗ് ഉള്‍പ്പെടെയുള്ള മറ്റു ഗാഡ്ജറ്റ് നിര്‍മ്മാതാക്കളെല്ലാം.

ഇനിയെങ്ങനെയാണ് ആപ്പിള്‍ ലോകത്തെ അല്‍ഭുതപ്പെടുത്താന്‍ പോകുന്നത്!  ഗാഡ്ജറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുയാണ്.

സ്റ്റീവ് ബോബ്‌സിന്റെ മരണത്തിനു തൊട്ടു പിന്നാലെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ ആപ്പിള്‍ ഏറ്റവും യൂസര്‍ ഫ്രന്റ്‌ലിയായ ഒരു ടെലിവിഷന്‍ പുറത്തിറങ്ങുന്നതിനെ കുറിച്ച് സ്റ്റീവ് പറഞ്ഞതായുണ്ട്.

അതെ അടുത്തതായി ആപ്പിള്‍ പിടിച്ചു കുലുക്കാനൊരുങ്ങുന്നത് ടെലിവിഷന്‍ വിപണിയാണ്.  ആപ്പിള്‍ ഐടിവി എന്നു പേരിട്ടിരിക്കുന്ന ഈ ടെലിവിഷന്‍ വിപ്ലവത്തിന്റെ നിര്‍മ്മാണം ആപ്പിള്‍ ഫെബ്രുവരിയോടെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ഐടിവിയുടെ സ്‌ക്രീനുകള്‍ക്കുള്ള നിര്‍മ്മാണച്ചുമതല ജപ്പാന്‍ കമ്പനിയായ ഷാര്‍പ്പിനെ ആപ്പിള്‍ ഏല്‍പിച്ചു കഴിഞ്ഞുവത്രെ.

ആപ്പിള്‍ ഐടിവിയെ കുറിച്ച് വാര്‍ത്ത വന്നതോടെ എതിരാളികള്‍ക്ക് തലവേദനയും തുടങ്ങി.  എന്തായിരിക്കും ഈ ഐടിവിയുടെ പ്രത്യേകത, എന്തൊക്കെ പുതിയ ടെക്‌നോളജികളായിരിക്കും ഇവയില്‍ ഉപയോഗപ്പെടുത്തുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ അവരുടെ തല പുകഴ്ക്കും തീര്‍ച്ച.

നമ്മള്‍ പറയുന്നതും ചെയ്യുന്നതും കേള്‍ക്കുകയും കാണുകയും മാത്രമല്ല അവ അനുസരിക്കുകയും ചെയ്യുമത്രെ ആപ്പിള്‍ ഐടിവി.  അതായത് നമ്മള്‍ പുറപ്പെടുവിക്കുന്ന ആജ്ഞകള്‍ അനുസരിക്കുന്ന ഒരു ആജഞനുവര്‍ത്തിയായിരിക്കും ആപ്പിള്‍ ഐടിവി.

ഈയിടെ ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ 4എസിലെ സിരി ആപ്ലിക്കേഷന്‍ ഐടിവിയില്‍ ഉപയോഗപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  വീഡിയോയില്‍ നിന്നും വീഡിയോയിലേക്ക് മാറാനും, ശബ്ദം കൂട്ടാനും, കുറയ്ക്കാനും, എന്തിന് വീഡയോ എഡിറ്റ് ചെയ്യാനും, സ്മാര്‍ട്ട്‌ഫോണ്‍ പോലുള്ള മറ്റു ചെറിയ ഗാഡ്ജറ്റില്‍ നിന്നും വീഡിയോ ഫയലുകള്‍ ഐടിവിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും എല്ലാം പ്രത്യേകം പ്രത്യേകം ആംഗ്യങ്ങളോ, ശബ്ദങ്ങളോ മതിയാകും.  ചുരുക്കത്തില്‍ ഒരു ചാടിക്കളിക്കെടാ കുഞ്ചിരാമാ ടെലിവിഷന്‍.

തീര്‍ച്ചയായും സാംസംഗ് പോലുള്ള മറ്റു ടെലിവിഷന്‍ നിര്‍മ്മാണ കമ്പനികള്‍ എങ്ങനെ ഐടിവിയെ പിന്നിലാക്കാം എന്നായിരിക്കും ഇപ്പോള്‍ ആലോചിക്കുന്നത്.  എന്നാല്‍ ടെലിവിഷന്‍ നിര്‍മ്മാണ കമ്പനികള്‍ക്കു മാത്രമല്ല ആപ്പിള്‍ ഐടിവി ഭീഷണിയാവുക എന്നതാണ് വാസ്തവം.

പ്രമുഖ പേ ടിവി കമ്പനികളെയും കേബിള്‍ ടിവി കമ്പനികളെയും എല്ലാം ആപ്പിള്‍ ഐടിവി സമ്മര്‍ദ്ദത്തിലാക്കും.  കാരണം, ഐടിവി ഒരു വെറും ടിവി അല്ല, ഇന്‍ര്‍നെറ്റ് കണക്റ്റഡ് ടെലിവിഷന്‍ ആണ്.  ആപ്പിളിന്റ ഐക്ലൗഡ് സേവനം ഉപയോഗപ്പെടുത്തി ഇഷ്ടം പോലെ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണാനുള്ള സംവിധാനം ഇതില്‍ ഉണ്ടായിരിക്കും.

ആപ്പിള്‍ ആടിവിയെ കുറിച്ചു കേള്‍ക്കുമ്പോള്‍ ആപ്പിള്‍ ആരാധകരില്‍ ആകാംക്ഷയും, എതിരാണികള്‍ക്ക് തലവേദനയും ഉണ്ടാകുമ്പോഴും ആപ്പിളിനെ സംബന്ധിച്ചിടത്തോളം ഈ ചുവട് വെപ്പ് വളരെ സൂക്ഷിച്ചു മാത്രം മുന്നോട്ടു വെക്കേണ്ടതാണ്.  കാരണം 2007ല്‍ ആപ്പിള്‍ ടിവി പുറത്തിറക്കി പരാജയത്തിന്റെ രുചി അറിഞ്ഞതാണ്.

ഏതായാലും ഈ പുതിയ ഉല്‍പന്നത്തിന്റെ വരവിനെ കുറിച്ചുള്ള വാര്‍ത്ത തന്നെ വിപണിയെ ഇളക്കി മറിക്കും.  ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേകളായിരിക്കും ആപ്പിള്‍ ഐടിവിയ്ക്ക് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സാംസംഗ് നേരത്തെ തന്നെ ഇന്റര്‍നെറ്റ് കണക്റ്റഡ് ടിവിയുടെ നിര്‍മ്മാണം തുടങ്ങിയതാണ്.  അവയെ എങ്ങനെയായിരിക്കും ആപ്പിള്‍ ഐടിവി വെല്ലാന്‍ പോകുന്നത് എന്നത് കാത്തിരുന്നു കാണാം.  ടാബ്‌ലറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ വിപണികളിലെല്ലാം സാംസംഗും ആപ്പിളും കടുത്ത മത്സരത്തിലാണ്.

2012 രണ്ടാം പാദത്തോടെ ഐടിവി വിപണിയിലെത്തിക്കാന്‍ ആണ് ആപ്പിള്‍ ഉദ്ദേശിക്കുന്നത്.  നമുക്ക് കാത്തിരിക്കാം, അറിഞ്ഞതിലും കേട്ടതിലും കൂടുതലെന്തെങ്കിലും ആപ്പിള്‍ ഐടിവിയില്‍ ആപ്പിള്‍ ആരാധകര്‍ക്കായി കരുതി വെച്ചിട്ടുണ്ടാകും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot