ഭയക്കും, വിറയ്ക്കും, എതിരാളികൾ! സ്കേറി ഫാസ്റ്റ് ഇവന്റിൽ M3 ചിപ്പ്, മാക്ബുക്ക് പ്രോ, ഐമാക് ലൈനപ്പുമായി ആപ്പിൾ
നെക്സ്റ്റ് ജനറേഷൻ ജിപിയു ആർക്കിടെക്ചറുള്ള 3-നാനോമീറ്റർ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള പുതിയ എം3 ചിപ്പ് സീരീസ് അവതരിപ്പിച്ച് ആപ്പിൾ. ഇന്നുനടന്ന സ്കേറി ഫാസ്റ്റ് വെർച്വൽ ഇവന്റിൽ (Apple Scary Fast Event) ആണ് ആപ്പിൾ എം3 ചിപ്പുകളും, ഒപ്പം പുതിയ മാക്ബുക്ക് പ്രോ, ഐമാക് ലൈനപ്പും പുറത്തിറക്കിയത്.
പുതിയ M3 ചിപ്‌സെറ്റ് സീരീസിൽ M3, M3 Pro, M3 Max എന്നിവയാണ് എത്തിയിരിക്കുന്നത്. M1 സീരീസുമായി താരതമ്യപ്പെടുത്തുമ്പോൾ 2.5X വരെ വേഗതയേറിയ GPU റെൻഡറിങ്ങും അതിലേറെയും സവിശേഷതകൾ പുതിയ എം3 ചിപ്പുകൾക്കുണ്ട് എന്ന് ആപ്പിൾ പറയുന്നു. പുതിയ M3-പവർ മാക് ഇന്ത്യയിലുൾപ്പെടെ ആഗോളതലത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്.

ലാപ്‌ടോപ്പുകൾക്കും പിസികൾക്കും ഉപയോഗിക്കുന്ന ആദ്യത്തെ 3nm ചിപ്‌സെറ്റാണ് M3-ലൈൻ ചിപ്‌സെറ്റുകൾ. കൂടുതൽ കരുത്തും കാര്യക്ഷമതയുമുള്ള M3 ചിപ്പ് അടങ്ങുന്ന മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകളുടെ പുതിയ നിര ആപ്പിൾ ഇന്ത്യയിലും അവതരിപ്പിച്ചു. പുതിയ മാക്ബുക്ക് പ്രോ മോഡലുകൾ മൂന്ന് പുതിയ ചിപ്‌സെറ്റുകളുടെ ഓപ്ഷനിലും ലഭ്യമാകും.
ആപ്പിളിന്റെ എം3 ഡിവൈസുകളുടെ ഇന്ത്യയിലെ വില: മാക്ബുക്ക് പ്രോയുടെ വില M3-യ്‌ക്കൊപ്പം 1,69,900 രൂപയിലും M3 പ്രോയ്‌ക്കൊപ്പം 14 ഇഞ്ച് മാക്ബുക്ക് പ്രോ 1,99,900 രൂപയിലും ആരംഭിക്കുന്നു. M3 പ്രോ ചിപ് ഉള്ള 16 ഇഞ്ച് മാക്ബുക്ക് പ്രോയുടെ വില 2,49,900 രൂപയിൽ ആരംഭിക്കുന്നു.

8 ടിബി എസ്എസ്ഡിയും 128 ജിബി റാമും ഉള്ള 16 ഇഞ്ച് മാക്ബുക്ക് എം3 മാക്‌സിന് 7,19,900 രൂപയാണ് വില. 14 ഇഞ്ച് മാക്ബുക്ക് M3 Max-ന്റെ സമാന കോൺഫിഗറേഷന് 6,89,900 രൂപ വിലവരും. ആപ്പിൾ ഓൺലൈൻ സ്റ്റോറിലൂടെയും ആപ്പിൾ സ്റ്റോർ ആപ്പിലൂടെയും 27 രാജ്യങ്ങളിലുള്ള ഉപഭോക്താക്കൾക്ക് പുതിയ മാക്ബുക്ക് പ്രോ ഓർഡർ ചെയ്യാം.
പ്രീ ഓഡർ ഇതിനകം ആരംഭിച്ചു. നവംബർ 7 ചൊവ്വാഴ്ച മുതൽ ആപ്പിൾ സ്റ്റോറുകളിലും ആപ്പിൾ അംഗീകൃത റീസെല്ലർമാരിലും ഇവ വിൽപ്പനയ്ക്ക് എത്തും. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് തിരഞ്ഞെടുത്ത മാക് മോഡലുകൾ വാങ്ങുമ്പോൾ 10000 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാകും എന്നാണ് വിവരം.
പുതിയ ഐമാക് വിലയും ലഭ്യതയും: 8-കോർ ജിപിയു ഉള്ള ഐമാക്കിന് 1,34,900 രൂപയാണ് വില. ഇത് പച്ച, പിങ്ക്, നീല, സിൽവർ നിറങ്ങളിൽ വരുന്നു. 8-കോർ സിപിയു, 8 ജിബി മെമ്മറി, 256 ജിബി എസ്എസ്ഡി, രണ്ട് തണ്ടർബോൾട്ട് പോർട്ടുകൾ എന്നിവയും മാജിക് കീബോർഡും മാജിക് മൗസും ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.

10-കോർ ജിപിയു ഉള്ള ഐമാക് വില 1,54,900 രൂപയിൽ ആരംഭിക്കുന്നു, വിദ്യാർത്ഥികൾക്ക് 1,44,900 രൂപയ്ക്ക് ലഭിക്കും. ഇത് പച്ച, മഞ്ഞ, ഓറഞ്ച്, പിങ്ക്, പർപ്പിൾ, നീല, സിൽവർ നിറങ്ങളിൽ ലഭ്യമാണ്. ഈ മോഡലിന് 8-കോർ CPU, 8GB മെമ്മറി, 256GB SSD, രണ്ട് തണ്ടർബോൾട്ട് പോർട്ടുകൾ, രണ്ട് അധിക USB 3 പോർട്ടുകൾ എന്നിവയുണ്ട്.
ടച്ച് ഐഡി, മാജിക് മൗസ്, ഗിഗാബിറ്റ് ഇഥർനെറ്റ് എന്നിവയുള്ള ഒരു മാജിക് കീബോർഡും 10-കോർ ജിപിയു ഉള്ള ഐമാക്കിനൊപ്പം വരുന്നു. M1 ഉള്ള മുൻ തലമുറയേക്കാൾ 2 മടങ്ങ് വേഗതയുള്ളതാണ് ഈ ഐമാക്. ഒരു ബില്യണിലധികം നിറങ്ങളുമുള്ള വിപുലമായ 4.5K റെറ്റിന ഡിസ്പ്ലേ, വേഗതയേറിയ വയർലെസ് കണക്റ്റിവിറ്റി, ഐഫോണിനൊപ്പം തടസ്സമില്ലാത്ത അനുഭവവും നൽകുന്നു.


Click it and Unblock the Notifications








