30,000 രൂപയ്ക്ക് ആപ്പിൾ മാക്ക്ബുക്ക് സ്വന്തമാക്കാമെന്നോ? ഇക്കാര്യങ്ങൾ മനസിലാക്കിയതിന് ശേഷം തീരുമാനം എടുക്കുക
സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന തരത്തിൽ വില കുറഞ്ഞ മാക്ബുക്കുകൾ പുറത്തിറക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി പല റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വന്നിരുന്നു. 30,000 രൂപയ്ക്ക് താഴെ വരുന്ന ക്രോംബുക്കുകൾക്ക് എതിരാളികൾ എന്ന തരത്തിലാണ് ആപ്പിൾ വില കുറഞ്ഞ മാക്ക്ബുക്കുകൾ അവതരിപ്പിക്കുന്നത് എന്നാണ് ഇത്തരം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണ്?
സൗകര്യങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്ന മാക്ബുക്ക് ആയിരിക്കും ഇത് എന്നും ഈ റിപ്പോർട്ടുകൾ പറയുന്നുണ്ട്. എന്നാൽ ഇക്കാര്യങ്ങളെല്ലാം വെറും കിംവന്ദന്തികളായി നിലനിൽക്കും എന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങൾ നൽകുന്ന റിപ്പോർട്ട്. ആപ്പിൾ ഇത്തരത്തിൽ വില കുറഞ്ഞ മാക്ക്ബുക്കുകൾ നിർമ്മിക്കുന്നതിനേക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ഇവർ പറയുന്നു. എപ്പോഴും മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ആപ്പിൾ തങ്ങളുടെ ഉത്പന്നങ്ങൾ നിർമ്മിക്കുന്നത് ആയതിനാൽ തന്നെ ഇവയക്ക് അതിന് അനുസരിച്ച് ചിലവ് വരുമെന്നും ഇവർ പറയുന്നു.

അതേ സമയം നേരത്തെ വില കുറഞ്ഞ ഐഫോണുകൾ ആപ്പിൾ മാർക്കറ്റിൽ ഇറക്കുമെന്നും സൂചനകൾ ഉണ്ടായിരുന്നു എസ്ഇ സീരിസിൽ പുറത്തിറങ്ങുന്ന ഫോണുകൾക്ക് 30,000 രൂപയിൽ താഴെ മാത്രമാണ് വില വരൂ എന്നാണ് അന്നത്തെ ചില റിപ്പോർട്ടുകൾ പറഞ്ഞിരുന്നത്. എന്നാൽ ഉത്പന്നം പുറത്തിറങ്ങിയപ്പോൾ ഇന്ത്യൻ മാർക്കറ്റിൽ എസ്ഇ സീരീസിന്റെ ഒന്നാം പതിപ്പിന് 39,000 രൂപയും രണ്ടാം പതിപ്പിന് 42,500 രൂപയും ആയിരുന്നു വില.
ഇതിന് പുറമെ 43,900 രൂപയ്ക്ക് ഫോണിന്റെ മൂന്നാം പതിപ്പും ഇന്ത്യയിൽ അവതരിപ്പിച്ചു. വില കുറഞ്ഞ ഐഫോണുകൾ പ്രതീക്ഷിച്ചിരുന്ന ചില ഉപഭോക്താക്കൾക്ക് തിരിച്ചടിയായിരുന്നു എസ്ഇ സീരീസുകളുടെ വില. ആയതിനാൽ തന്നെ ഇപ്പോൾ പുറത്തിറങ്ങുന്ന 30,000 രൂപയ്ക്ക് താഴെ ആപ്പിൾ മാക്ക്ബുക്കുകൾ ലഭിക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വിശ്വസനീയമല്ല. നിലവിൽ മാർക്കറ്റിൽ ലഭിക്കുന്നു ക്രോം ബുക്കുകളേക്കാൾ വില കൂടിയവ ആയിരിക്കും ആപ്പിളിന്റെ മാക്ക്ബുക്കുകൾ.

ആപ്പിൾ ഉത്പന്നം ആയതിനാൽ തന്നെ ഒരു വിഭാഗം ആളുകൾ ഇവ വാങ്ങാൻ താൽപര്യപ്പെടുന്നുണ്ട്. ഇവയുടെ ബ്രാൻഡും ഗുണനിലവാരവുമാണ് ഇവർ നോക്കുന്നത്. വില ഇത്തരക്കാർക്ക് പ്രശ്നമാകാറേ ഇല്ല. മറ്റ് ആപ്പിൾ ഉത്പനങ്ങൾ ഉപയോഗിക്കുന്നവർക്ക് ആപ്പിളിന്റേതായ ഒരു ഇക്കോ സിസ്റ്റം ഉണ്ട് ഇതിൽ നിന്ന് പുറത്തു വരാൻ ഇവർക്ക് ബുദ്ധിമുട്ട് ആയിരിക്കും. എപ്പോഴെങ്കിലും ഒരു ഉപഭോക്താവ് ആപ്പിൾ ഉത്പന്നം ഉപയോഗിച്ചാൽ പിന്നീട് ഇവർ ആപ്പിളിന്റെ ഉത്പന്നം മാത്രമായിരിക്കും ഉപയോഗിക്കാൻ സാധ്യത.
ആപ്പിൾ അവതരിപ്പിക്കുന്ന വില കുറഞ്ഞ മാക്ക്ബുക്കുകളുടെ വില ഏകദേശം 45,000 രുപ മുതൽ 60,000 രൂപ വരെയായിരിക്കാം എന്നാണ് പറയപ്പെടുന്നത്. ഇതിലും വിലക്കുറവിൽ ആപ്പിൾ തങ്ങളുടെ മാക്ക്ബുക്ക് അവതരിപ്പിക്കാൻ സാധ്യത ഇല്ല. നിലവിൽ ആപ്പിളിന്റെ ഏറ്റവും വില കുറഞ്ഞ മാക്ബുക്കുകൾ എയർ സീരീസിലാണ് ഉള്ളത്. ഏകദേശം 80,000 രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്. അതിനിടെ ആപ്പിൾ തങ്ങളുടെ പുതിയ മാക്ക്ബുക്കിനെ കുറിച്ചുള്ള സൂചനകൾ പുറത്ത് വിട്ടിട്ടുണ്ട്.
2024 ന്റെ രണ്ടാം പകുതിയോടെ തന്നെ തങ്ങളുടെ പുതിയ മാക്ക്ബുക്കുകൾ പുറത്തിറക്കിയേക്കും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 80,000 രൂപയോ അതിൽ കൂടുതലോ ആയിരിക്കും ഈ മാക്ക്ബുക്കുരളുടെ വില. മാജിക് കീബോർഡുകൾ ഉൾപ്പെടുന്നവയായിരിക്കും ഇവയെന്നും ചിലർ അഭിപ്രായപ്പെടുന്നു. ഇതുവരെ പുറത്തിറങ്ങിയിട്ടില്ലാത്ത M3 ചിപ്പും OLED സ്ക്രീനുകളും ഇതിൽ സ്ഥാനം പിടിക്കുമെന്നും ചില സൂചനകൾ ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അതേസമയം സെപ്റ്റംബർ 12ന് ആപ്പിളിന്റെ പുതിയ ഐഫോൺ 15 സീരീസുകൾ അവതരിപ്പിക്കും. കുപെർട്ടിനോയിലെ കമ്പനി ആസ്ഥാനത്ത് നടക്കുന്ന 'വണ്ടർലസ്റ്റ്' ഇവന്റിലായിരിക്കും ഫോൺ പുറത്തിറക്കുക. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നീ ഫോണുകളാണ് കമ്പനി ഈ ഇവന്റിൽ പുറത്തിറക്കുക. ഇതിന് പുറമെ സ്മാർട്ട് വാച്ച് 9 സീരീസ്, വാച്ച് ആൾട്രാ 2, പുതിയ എയർപോഡ് എന്നിവയും പുറത്തിറക്കും.


Click it and Unblock the Notifications