നോട്ട്ബുക്കായും ടാബ്‌ലറ്റായും ഫോണായും ഉപയോഗിക്കാന്‍ പാഡ്‌ഫോണ്‍ ഉടനെത്തും

Posted By: Staff

നോട്ട്ബുക്കായും ടാബ്‌ലറ്റായും ഫോണായും ഉപയോഗിക്കാന്‍ പാഡ്‌ഫോണ്‍ ഉടനെത്തും

ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് അവതരിപ്പിച്ച അസുസ് പാഡ്‌ഫോണ്‍ ഉടന്‍ തന്നെ വിപണിയിലെത്തിയേക്കും. നെറ്റ്ബുക്ക്, സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് എന്നീ കമ്പ്യൂട്ടിംഗ് ഉത്പന്നങ്ങളെ ഒരൊറ്റ ഉത്പന്നത്തില്‍ സമന്വയിപ്പിച്ച മോഡലാണ് അസുസ് പാഡ്‌ഫോണ്‍. അതിനാല്‍ തന്നെ ഈ മൂന്ന് ഉത്പന്ന വിപണികളിലും പാഡ്‌ഫോണിന് സ്വീകാര്യതയേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അസുസ് അടുത്തിടെ ഇറക്കിയ വീഡിയോയാണ് പാഡ്‌ഫോണിന്റെ വിപണി പ്രവേശനം ഉടനുണ്ടാകുമെന്ന സൂചന നല്‍കുന്നത്. എന്നാല്‍ അതിനും മുമ്പ് അസുസ് വക്താവ് പറഞ്ഞതനുസരിച്ച് ക്വാള്‍കോം പ്രോസസറിന്റെ ലഭ്യതക്കുറവ് കാരണം പ്രതീക്ഷിച്ചതിലും വൈകിയാകും ഈ സങ്കരയിനം ഉത്പന്നത്തിന്റെ വരവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുതിയ വീഡിയോയില്‍ പാഡ്‌ഫോണിന്റെ എല്ലാ ആക്‌സസറികളേയും അസുസ് കാണിക്കുന്നുണ്ട്. 4.3 ഇഞ്ച് ഡിസ്‌പ്ലെയുമായെത്തുന്ന ഉത്പന്നം ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ അധിഷ്ഠിതമാണ്. എന്നാല്‍ ആന്‍ഡ്രോയിഡ് ഏറ്റവും പുതുതായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജെല്ലിബീന്‍ ഒഎസിലെത്തുന്ന ആദ്യ ഉത്പന്നം പാഡ്‌ഫോണ്‍ ആകുമെന്ന റിപ്പോര്‍ട്ടും ഇതിന് മുമ്പ് ഉണ്ടായിരുന്നു. ഇതിലെ ഇന്‍ബില്‍റ്റ് ഒഎസ് ഐസിഎസ് ആകും. ജെല്ലിബീന്‍ അപ്‌ഡേറ്റായാകും എത്തുകയെന്നും കരുതുന്നു. എന്നാല്‍ അവയ്‌ക്കൊന്നും ഇത് വരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

പാഡ്‌ഫോണ്‍ സ്‌റ്റേഷനില്‍ വെക്കുമ്പോള്‍ സ്മാര്‍ട്‌ഫോണ്‍ ടാബ്‌ലറ്റായി രൂപാന്തരം പ്രാപിക്കുന്നു. 10.1 ഇഞ്ച് ടാബ്‌ലറ്റാകും അപ്പോഴിത്. കോള്‍ വരുമ്പോള്‍ അറ്റന്‍ഡ് ചെയ്യാന്‍ ബ്ലൂടൂത്ത് ഹെഡ്‌സെറ്റും ഉണ്ട്. ഇതിലെ സ്റ്റൈലസ് പെന്നാണ് പ്രസ്തുത ഹെഡ്‌സെറ്റായി ഉപയോഗിക്കാനാകുക. ഈ ഉത്പന്നം ഇന്ത്യയില്‍ എപ്പോള്‍ അവതരിപ്പിക്കുമെന്നതിനെക്കുറിച്ചോ ഇവിടുത്തെ വിലയെക്കുറിച്ചോ അസുസില്‍ നിന്ന് ഔദ്യോഗിക അറിയപ്പൊന്നും ലഭിച്ചിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot