സാംസംഗ് ഗാലക്‌സി നോട്ട് 10.1 Vs മൈക്രോമാക്‌സ് ഫണ്‍ബുക്ക് പ്രോ; ഏതാണ് മെച്ചം?

By Super
|
സാംസംഗ് ഗാലക്‌സി നോട്ട് 10.1 Vs മൈക്രോമാക്‌സ് ഫണ്‍ബുക്ക് പ്രോ; ഏതാണ് മെച്ചം?

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഇപ്പോള്‍ ടാബ്‌ലറ്റുകള്‍ എണ്ണാന്‍ പറ്റാത്തത്രയായി വളര്‍ന്നിരിക്കുന്നു. ഇറങ്ങുന്ന ഓരോ മോഡലുകളിലും ചിലത് സവിശേഷതകളില്‍ പരസ്പരം മത്സരിക്കുമ്പോള്‍ മറ്റൊരു വിഭാഗം വിലയിലാണ് മത്സരിക്കുന്നത്. മുമ്പ് രണ്ട് അന്താരാഷ്ട്ര കമ്പനി ഉത്പന്നങ്ങളെയാണ് താരതമ്യം ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രാദേശിക ടാബ്‌ലറ്റ്/ മൊബൈല്‍ കമ്പനികളും അവയുമായി മത്സരിക്കാന്‍ സജ്ജമായിരിക്കുന്നു.

ഇന്ത്യയില്‍ അടുത്തിടെ ഇറക്കിയ ടാബ്‌ലറ്റാണ് മൈക്രോമാക്‌സിന്റെ ഫണ്‍ബുക്ക് പ്രോ. സാംസംഗിന്റെ ഗാലക്‌സി നോട്ട് 10.1 ടാബും ഏറെ വൈകാതെ ഇന്ത്യയിലെത്തുമെന്ന റിപ്പോര്‍ട്ടും ലഭിച്ചിരിക്കുന്നു. യുഎസ്, യുകെ വിപണിയില്‍ ഇറക്കിയതിനൊപ്പം ഇന്ത്യയില്‍ ഇതിന്റെ പ്രീഓര്‍ഡറിംഗ് ആരംഭിച്ചതാണ് ഈ ഉത്പന്നം ഉടനെ നമുക്കിടയില്‍ എത്തുമെന്ന സൂചന നല്‍കുന്നത്. എന്തായാലും മൈക്രോമാക്‌സ് എന്ന പ്രാദേശിക കമ്പനിയും സാംസംഗ് എന്ന ഗ്ലോബല്‍ കമ്പനിയും ഇറക്കിയ ഈ രണ്ട് ടാബ്‌ലറ്റുകളുടേയും സവിശേഷതകള്‍ ഒന്ന് കൂട്ടിവായിച്ചു നോക്കാം.

 

ഡിസ്‌പ്ലെയും റെസലൂഷനും

10.1 ഇഞ്ച് ഡിസ്‌പ്ലെയിലാണ് ഈ രണ്ട് മോഡലുകളും വില്പനക്കെത്തുന്നത്. ഒരേ ഡിസ്‌പ്ലെ വലുപ്പമുള്ള ഇവയുടെ സ്‌ക്രീന്‍ റെസലൂഷനില്‍ അല്പം വ്യത്യാസമുണ്ട്. സാംസംഗ് ഗാലക്‌സി നോട്ട് 10.1ന്റെ റെസലൂഷന്‍ 1280x800 പിക്‌സലാണെങ്കില്‍ 1024x600 ഡിസ്‌പ്ലെ റെസലൂഷനിലാണ് ഫണ്‍ബുക്ക് പ്രോയെ മൈക്രോമാക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ സ്‌ക്രീനിനെ രണ്ടായി വിഭജിച്ച് രണ്ട് ആപ്ലിക്കേഷനുകള്‍ ഒരേ സമയം പ്രവര്‍ത്തിക്കാം എന്ന അധികസൗകര്യം ഗാലക്‌സി നോട്ട് 10.1ലുണ്ട്.

ഓപറേറ്റിംഗ് സിസ്റ്റം

ഇവിടെയും ഈ രണ്ട് മോഡലുകളും തമ്മില്‍ സാമ്യത കാണാം. ആന്‍ഡ്രോയിഡ് 4.0.3 ഐസിഎസ് വേര്‍ഷനാണ് ഇവയില്‍ പ്രവര്‍ത്തിക്കുന്നത്.

പ്രോസസര്‍

സാംസംഗ് തന്നെ വികസിപ്പിച്ചെടുത്ത ക്വാഡ് കോര്‍ എക്‌സിനോസ് പ്രോസസറാണ് നോട്ട് 10.1 ടാബ്‌ലറ്റില്‍ ഉള്ളത്. ഈ പ്രോസസര്‍ വാഗ്ദാനം ചെയ്യുന്ന വേഗത 1.4 ജിഗാഹെര്‍ട്‌സുമാണ്. അതേ സമയം 1.2 ജിഗാഹെര്‍ട്‌സ് വേഗതയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍ടക്‌സ് എ8 പ്രോസസറാണ് ഫണ്‍ബുക്ക് പ്രോയിലുള്ളത്.

ക്യാമറ

ഓട്ടോഫോക്കസ് സൗകര്യമുള്ള 5 മെഗാപിക്‌സല്‍ ക്യാമറയാണ് ഗാലക്‌സി നോട്ട് 10.1ലേത്. എല്‍ഇഡി ഫഌഷ്, ജിയോ ടാഗിംഗ് എന്നിവയും ഈ ക്യാമറയിലെ സൗകര്യങ്ങളായുണ്ട്. 720പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗും ഇതില്‍ സാധിക്കും. ഈ ക്യാമറയെ കൂടാതെ ടാബ്‌ലറ്റിന്റെ മുന്‍ഭാഗത്ത് വീഡിയോകോളിംഗിനും ഫോട്ടോയെടുക്കാനും സാധിക്കുന്ന 1.9 മെഗാപിക്‌സല്‍ ക്യാമറയും വരുന്നുണ്ട്.

എന്നാല്‍ ഒരു വിജിഎ ഫ്രന്റ് ക്യാമറ മാത്രമാണ് ഫണ്‍ബുക്ക് പ്രോയിലുള്ളത്. മെച്ചപ്പെട്ട റെസലൂഷനില്‍ ചിത്രങ്ങളെടുക്കാന്‍ പാകമായ റിയര്‍ ക്യാമറ ഉള്‍ക്കൊള്ളിക്കാതിരുന്നത് ഇതിലെ ഒരു പ്രധാന പോരായ്മയായി കാണാം.

സ്‌റ്റോറേജ്

ഏതൊരു ഡിജിറ്റല്‍ ഉത്പന്നത്തിലും സാധാരണ ആവശ്യക്കാര്‍ പോലും തിരയുന്ന ഒരു പ്രധാന ഘടകമാണ് സ്റ്റോറേജ്. ഇന്‍ബില്‍റ്റ് സ്‌റ്റോറേജും മെമ്മറി കാര്‍ഡ് പിന്തുണയോടെ വിപുലപ്പെടുത്താവുന്ന സ്റ്റോറേജും പരിഗണിക്കണം. 16ജിബി, 32 ജിബി, ഇന്റേണല്‍ മെമ്മറികള്‍ നല്‍കുന്ന രണ്ട് വേര്‍ഷനുകളിലാണ് ഈ ടാബ് ഇപ്പോള്‍ വില്പനക്കെത്തിയിരിക്കുന്നത്. ഒപ്പം 2ജിബി റാം മെമ്മറിയും. എന്നാല്‍ ഇപ്പോള്‍ 16 ജിബി മോഡലിന്റെ പ്രീ ഓര്‍ഡര്‍ മാത്രമാണ് ഇന്ത്യയില്‍ ആരംഭിച്ചിട്ടുള്ളത്. അത് തന്നെ മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 64 ജിബി വരെ വിപുലപ്പെടുത്താം.

8ജിബി മെമ്മറിയാണ് ഫണ്‍ബുക്ക് പ്രോ നല്‍കുന്നത്. എന്നാല്‍ 32 ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വിപുലപ്പെടുത്താം. റാം 1ജിബിയും.

കണക്റ്റിവിറ്റി

വൈഫൈ, വൈഫൈ ഹോട്ട്‌സ്‌പോട്ട്, ബ്ലൂടൂത്ത് 4.0, മൈക്രോ യുഎസ്ബി 2.0 കണക്റ്റിവിറ്റികള്‍ ഗാലക്‌സി നോട്ട് 10.1 വാഗ്ദാനം ചെയ്യുന്നുണ്ട്. ഫണ്‍ബുക്ക്

പ്രോ ഒരു വൈഫൈ ടാബ്‌ലറ്റാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഇതിലില്ല. എന്നാല്‍ യുഎസ്ബ ഡോംഗിള്‍ വഴി 3ജി പിന്തുണ ഇത് വാഗ്ദാനം ചെയ്യുന്നു. എച്ച്ഡിഎംഐ പോര്‍ട്ടും ഇതിലുണ്ട്.

ബാറ്ററി

7000mAh ബാറ്ററിയാണ് ഗാലക്‌സി നോട്ട് 10.1ലേത്. അതേ സമയം 5600mAh ബാറ്ററിയാണ് ഫണ്‍ബുക്ക് പ്രോയിലേത്.

ഒരേ ഡിസ്‌പ്ലെ വലുപ്പത്തിലും ഒഎസിലും തുടങ്ങുന്ന ഗാലക്‌സി നോട്ട് 10.1, ഫണ്‍ബുക്ക് പ്രോ മോഡലുകള്‍ പിന്നീട് മറ്റ് സവിശേഷതകളിലെത്തുമ്പോള്‍ പരസ്പരം ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നത് കാണാനാകും. വിലയ്ക്ക് പ്രാധാന്യം നല്‍കുന്നവര്‍ക്ക് 9,999 രൂപയുടെ മൈക്രോമാക്‌സ് ഫണ്‍ബുക്ക് പ്രോ സംശയമില്ലാതെ തെരഞ്ഞെടുക്കാം. കാരണം ഗാലക്‌സി നോട്ട് 10.1ന് തുല്യമായ ഓപറേറ്റിംഗ് സിസ്റ്റമാണ് ഇതും നല്‍കുന്നത്. അടിസ്ഥാന സൗകര്യങ്ങളെല്ലാം ലഭ്യമാക്കുന്നുമുണ്ട്. സ്‌നാപ്ഡീല്‍ 9,999 രൂപയ്ക്കാണ് ഇതിന്റെ വില്പന ആരംഭിച്ചത്.

ഗാലക്‌സി നോട്ട് 10.1ന്റെ ഇന്ത്യന്‍ വില ഇപ്പോഴും ആധികാരികമായി പറയാനായിട്ടില്ല. കാരണം ഇപ്പോള്‍ 2,000 രൂപ മുന്‍കൂറടച്ച് പ്രീ ഓര്‍ഡര്‍ ചെയ്യാമെന്നേ കമ്പനി അറിയിച്ചിട്ടുള്ളൂ. എന്നാല്‍ യുസ് വിപണിയിലെ ഇതിന്റെ വില ഇന്ത്യന്‍ രൂപയിലേക്ക് മാറ്റി നോക്കാവുന്നതാണ്. 18 ജിബിയ്ക്ക് 28,000 രൂപയ്ക്കടുത്തും 32 ജിബിയ്ക്ക് 31,000 രൂപയ്ക്കടുത്തുമാണ് യുഎസ് വിപണിയില്‍ ഇതിന് ഈടാക്കുന്നത്. ഇതിനോട് ബന്ധം പുലര്‍ത്തുന്ന വില ഇന്ത്യന്‍ വിപണിയിലും പ്രതീക്ഷിക്കാം. കൂടുതല്‍ മികച്ച സവിശേഷതകള്‍ ആവശ്യമുള്ളവരും ടെക് തത്പരരുമായവര്‍ക്ക് ഗാലക്‌സി നോട്ട് 10.1നെ തെരഞ്ഞെടുക്കാം. ഈ രണ്ട് മോഡലുകളില്‍ നിങ്ങള്‍ ഏതിനാണ് വോട്ട് നല്‍കുക?

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X