ഗൂഗിള്‍ നെക്‌സസ് 7 സവിശേഷതകളിലൂടെ (വീഡിയോ)

Posted By: Super

ഗൂഗിള്‍ നെക്‌സസ് 7 സവിശേഷതകളിലൂടെ (വീഡിയോ)

ഗൂഗിളില്‍ നിന്ന് ഒരു നെക്‌സസ് ടാബ്‌ലറ്റ് ഉത്പന്നം ഇറങ്ങാനുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കുറേ മുമ്പേ കേട്ടുതുടങ്ങിയതാണ്. ഒടുവില്‍ കഴിഞ്ഞാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഗൂഗിള്‍ ഡെവലപര്‍ കോണ്‍ഫറന്‍സില്‍ വെച്ച് വില കുറഞ്ഞ ആ ഉത്പന്നത്തെ നെക്‌സസ് 7 എന്ന പേരില്‍ കമ്പനി ഇറക്കുകയും ചെയ്തു. അതേ അവസരത്തിലാണ് കമ്പനിയുടെ തന്നെ സ്വന്തമായ ആന്‍ഡ്രോയിഡ് ഒഎസിന്റെ ഏറ്റവും പുതിയ പതിപ്പ് 'ജെല്ലി ബീന്‍' അവതരിപ്പിക്കുകയും ചെയ്തത്. അങ്ങനെ ജെല്ലി ബീന്‍ ഒഎസ് വേര്‍ഷനിലെത്തുന്ന ആദ്യ ഉത്പന്നമെന്ന സ്ഥാനവും നെക്‌സസ് 7ന് നേടാനായി. ആന്‍ഡ്രോയിഡിനെ ഒരുപാട് സ്‌നേഹിക്കുന്നവര്‍ ഒരു പക്ഷെ നെക്‌സസ് 7ല്‍ കാണുന്ന ഏറ്റവും മികച്ച ഗുണവും ഇതായിരിക്കാം.

നെക്‌സസ് 7ല്‍ മലയാളം, കന്നഡ, തെലുങ്ക് തുടങ്ങിയ ഇന്ത്യന്‍ ഭാഷകള്‍ക്ക് യൂണികോഡ് പിന്തുണ ലഭിക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇതും നെക്‌സസ് 7 ടാബ്‌ലറ്റിനെ കാത്തിരിക്കാന്‍ ഒരു കാരണമാകുകയാണ്.

199 ഡോളറാണ് ഗൂഗിളിന്റെ ഈ ആദ്യ ടാബ്‌ലറ്റിന്റെ വില. ഇതിന് മുമ്പ് വന്ന റിപ്പോര്‍ട്ടുകളിലും എതിരാളികളെ കുടുക്കാന്‍ വിലക്കുറവെന്ന തന്ത്രവുമായാകും ഗൂഗിള്‍ തങ്ങളുടെ നെക്‌സസ് ടാബ്‌ലറ്റിനെ ഇറക്കുകയെന്ന ശ്രുതിയുണ്ടായിരുന്നു. ഒടുവില്‍ ആമസോണ്‍ കിന്‍ഡില്‍ ഫയറിനേയും, ബാര്‍ണ്‍സ് ആന്റ് നൂക്കിനേയും വേണ്ടി വന്നാല്‍ ആപ്പിള്‍ ന്യൂ ഐപാഡ്, സാംസംഗ് ഗാലക്‌സി ടാബ്‌ലറ്റ് തുടങ്ങി വിപണിയിലെ വലിയവരേയും കുടുക്കാന്‍ ഈ വിലക്കുറവ് മതിയാകും എന്ന പ്രഖ്യാപനത്തോടെയാണ് കമ്പനി എത്തിയിട്ടുള്ളതും.

8ജിബി വേര്‍ഷനാണ് 199 ഡോളര്‍ വില. അതായത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 11,000 രൂപ. 16 ജിബി ഇന്റേണല്‍ മെമ്മറി വേര്‍ഷനും ഉണ്ട്.  ഗൂഗിള്‍ എന്ന കമ്പനിയുടെ ഉത്പന്നമായതിനാല്‍ ഈ വിലക്കുറവിനെ വളരെ സന്തോഷത്തോടെയാണ് ടെക് പ്രേമികള്‍ സ്വീകരിക്കുന്നത്.

ഈ മാസം പകുതിയോടെ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായിരിക്കും നെക്‌സസ് 7ന്റെ ആദ്യ വില്പന നടക്കുക. നെക്‌സസ് 7 ഓര്‍ഡര്‍ ചെയ്യാനും ഇപ്പോള്‍ സാധിക്കും. അതേ സമയം നെക്‌സസ് 7ന്റെ ഇന്ത്യ പ്രവേശനം സെപ്തംബറിന് ശേഷമേ ഉണ്ടാകൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്. സെപ്തംബറിന് മുമ്പേ നെക്‌സസ് 7 ഇന്ത്യയിലവതരിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് അസുസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് അറിയിച്ചിരിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot