ഐപാഡ് നാളെ; പേര് ഐപാഡ് എച്ച്ഡി?

Posted By: Staff

ഐപാഡ് നാളെ; പേര് ഐപാഡ് എച്ച്ഡി?

നാളെ ആപ്പിള്‍ അവതരിപ്പിക്കാനിടയുള്ള  തേഡ് ജനറേഷന്‍ ടാബ്‌ലറ്റായ ഐപാഡ് 3യുടെ പേര് ഐപാഡ് എച്ച്ഡി എന്നാകാന്‍ സാധ്യത. ഐപാഡ് 3യുടെ അവതരണത്തെയും അതിലെ സവിശേഷതകളേയും കുറിച്ച് വിവിധ ഊഹാപോഹങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ മറ്റ് അനുമാനങ്ങളേക്കാള്‍ പേര് മാറ്റത്തിന് സാധ്യതയേറെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുമ്പത്തെ റിപ്പോര്‍ട്ട് പ്രകാരം ഐപാഡ് 2വിന്റെ പിന്‍ഗാമിയായെത്തുന്ന ഉത്പന്നത്തിന്റെ പേര് ഐപാഡ് 3 എന്ന് തന്നെയാകുമെന്നായിരുന്നു. പുതിയ ഐപാഡില്‍ മുമ്പുണ്ടായതിനേക്കാള്‍ മികച്ച രീതിയിലാണ് ഡിസ്‌പ്ലെ സജ്ജമാക്കിയിരിക്കുന്നത്. കമ്പനി എടുത്തുപറയാന്‍ ആഗ്രഹിക്കുന്ന പ്രത്യേകതകളില്‍ ഒന്നിതായതിനാല്‍ എച്ച്ഡി എന്ന പേരിനാണ് സാധ്യത കൂടുതലെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതിന്റെ റെറ്റിന ഡിസ്‌പ്ലെ ഹൈ റെസലൂഷനിലാണ് വരുന്നത്. മുമ്പത്തെ മോഡലില്‍ 1024x768 പിക്‌സലായിരുന്നെങ്കില്‍ പുതിയ മോഡലില്‍ അത് 2048x1536 ആണത്രെ. 1920x1080 പിക്‌സല്‍ റെസലൂഷനില്‍ ഫുള്‍ ഹൈ ഡെഫനിഷന്‍ വീഡിയോയും ഇതിലെടുക്കാന്‍ കഴിയുമെന്നും അഭ്യൂഹങ്ങളുണ്ട്. അങ്ങനെയാണെങ്കില്‍ ഫുള്‍ എച്ച്ഡി വീഡിയോ പിന്തുണയുള്ള ആദ്യ ടാബ്‌ലറ്റാകും ഐപാഡ് എച്ച്ഡി.

എ5എക്‌സ് പ്രോസസര്‍, സിരി (സ്പീച്ച് ഇന്റര്‍പ്രിട്ടേഷന്‍ ആന്റ്് റെക്കഗ്നിഷന്‍ ഇന്റര്‍ഫേസ്) എന്നിവയും ഐപാഡ്എച്ച്ഡിയില്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ ഐപാഡ് എച്ച്ഡി അവതരിപ്പിക്കുമെന്ന വാര്‍ത്തകള്‍ ശക്തമാണ്. കാരണം ആപ്പിള്‍ നാളെ സംഘടിപ്പിക്കുന്ന പരിപാടിയുടെ ക്ഷണപത്രത്തില്‍ ഐപാഡ് സ്‌ക്രീനിന്റെ ദൃശ്യം വന്നത് ഇതിനുള്ള സൂചനയാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot