കോര്‍ ഐ5 പ്രോസസറില്‍ ലെനോവോ ഐഡിയപാഡ് യു310 നോട്ട്ബുക്ക്

Posted By: Staff

കോര്‍ ഐ5 പ്രോസസറില്‍ ലെനോവോ ഐഡിയപാഡ് യു310 നോട്ട്ബുക്ക്

ഇന്റലിന്റെ കോര്‍ ഐ5 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയപാഡ് യു310 നോട്ട്ബുക്കിനെ ലെനോവോ അവതരിപ്പിച്ചു. യു300 മോഡലിന്റെ പരിഷ്‌കരിച്ച രൂപമാണ് ഐഡിയപാഡ് യു310. വിന്‍ഡോസ് 7നാണ് ഇതിലെ ഓപറേറ്റിംഗ് സിസ്റ്റം. 1,366x768 പിക്‌സല്‍ റസലൂഷനിലുള്ള 13.3 ഇഞ്ച് ഡിസ്‌പ്ലെയാണ് ഇതിന്റേത്.

യു300ന്റെ പരിഷ്‌കരിച്ച പതിപ്പായി യു310യെ കണക്കാക്കാമെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. എന്നാല്‍ യു300മായി താരതമ്യം ചെയ്യുമ്പോള്‍ ലെനോവോ ഐഡിയപാഡ് 310യ്ക്ക് കട്ടിയും ഭാരക്കൂടുതലും ഏറെയുണ്ട്. മൂന്ന് യുഎസ്ബി പോര്‍ട്ടുകള്‍, എതര്‍നെറ്റ് ജാക്ക്, എച്ച്ഡിഎംഐ ഔട്ട്പുട്ട്, ഓഡിയോ ജാക്ക് എന്നീ അധിക പോര്‍ട്ട് സൗകര്യം ഈ മോഡലിന് അവകാശപ്പെടാവുന്നതാണ്.  മുന്‍ വേര്‍ഷനില്‍ ഇല്ലാത്ത മറ്റൊരു സൗകര്യം എസ്ഡി കാര്‍ഡ് റീഡറാണ്.

മുന്‍ മോഡലിനെ പോലെ ഏറെ നേരം ബുദ്ധിമുട്ടില്ലാതെ ടൈപ്പ് ചെയ്യുന്നതിന് സഹായിക്കുന്ന കീബോര്‍ഡാണ് ഈ മോഡലിലും കമ്പനി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിലുള്ള ഗ്ലാസ് ക്ലിക്പാഡ് വേഗത്തിലുള്ള പ്രതികരണം കാഴ്ചവെക്കുന്നതാണ്. വീഡിയോ ഓഡിയോകള്‍ മികച്ച രീതിയില്‍ ആസ്വദിക്കാന്‍ വേണ്ട ഇന്റലിന്റെ വയര്‍ലസ് ഡിസ്‌പ്ലെ ടെക്‌നോളജി, വെബ് ക്യാം, സ്റ്റീരീയോ സ്പീക്കര്‍ എന്നിവയെല്ലാം യു310യില്‍ ഉള്‍പ്പെടുന്നുണ്ട്.

1.7 ജിഗാഹെര്‍ട്‌സ് വേഗതയുള്ള കോര്‍ ഐ5-3317യു പ്രോസസറാണ് യു310യ്ക്ക് കരുത്ത് പകരുന്നത്. ഇന്റലിന്റെ തന്നെ എച്ച്ഡി ഗ്രാഫിക്‌സ് 4000 ഇതിലെ ഗ്രാഫിക്‌സിന് പിന്തുണ നല്‍കുന്നു. സ്മാര്‍ട് അപ്‌ഡേറ്റ്, ഈസി ക്യാമറ, യുക്യാം വെബ്ക്യാം സോഫ്റ്റ്‌വെയര്‍, വണ്‍കീ റിക്കവറി എന്നിവയാണ് നെറ്റ്ബുക്കിലെ മറ്റ് പ്രോഗ്രാമുകള്‍. 5 മണിക്കൂര്‍ വരെ ബാറ്ററി ദൈര്‍ഘ്യവും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

നീല, കറുപ്പ്, പിങ്ക് നിറങ്ങളിലെത്തുന്ന നോട്ട്ബുക്ക് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. വില: 50,000 രൂപ.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot