മൈക്രോമാക്‌സ് ഫണ്‍ബുക്ക് പ്രോ-കാര്‍ബണ്‍ സ്മാര്‍ട് ടാബ് 2 താരതമ്യം

Posted By: Staff

മൈക്രോമാക്‌സ് ഫണ്‍ബുക്ക് പ്രോ-കാര്‍ബണ്‍ സ്മാര്‍ട് ടാബ് 2 താരതമ്യം

ഇന്ത്യന്‍ വിപണിയില്‍ പുതുതായി അവതരിപ്പിച്ച ഉത്പന്നങ്ങളാണ് മൈക്രോമാക്‌സ് ഫണ്‍ബുക്ക് പ്രോ, കാര്‍ബണ്‍ സ്മാര്‍ട് ടാബ് 2 എന്നിവ. ബജറ്റ് ടാബ്‌ലറ്റുകള്‍ എന്ന പേരിലും സവിശേഷതകളുടെ കാര്യത്തിലും അതിലുപരി രണ്ട് തദ്ദേശീയ ഉത്പന്നങ്ങള്‍ എന്നതിലും താരതമ്യമര്‍ഹിക്കുന്നവയാണ് ഇവ രണ്ടും.

10.1 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയാണ് മൈക്രോമാക്‌സ് ഫണ്‍ബുക്ക് പ്രോയിലുള്ളത്. 1024x600 പിക്‌സല്‍ റെസലൂഷനും ഇത് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ 7 ഇഞ്ച് ഡിസ്‌പ്ലെയിലാണ് സ്മാര്‍ട് ടാബ് 2 എത്തുന്നത്. 480x800 പിക്‌സലാണിതിന്റെ റെസലൂഷന്‍.

ഓപറേറ്റിംഗ് സിസ്റ്റങ്ങളുടെ കാര്യത്തില്‍ ഈ രണ്ട് മോഡലുകളും തുല്യസ്ഥാനത്താണ് നില്‍ക്കുന്നു. അതായത് രണ്ടിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്  ആന്‍ഡ്രോയിഡ് 4.0.3 ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റമാണ്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജെല്ലിബീന്‍ അപ്‌ഡേറ്റ് ടാബ് 2വില്‍ കാര്‍ബണ്‍ ഉടന്‍ തന്നെ അവതരിപ്പിക്കുന്നതാണ്. ആദ്യ ജെല്ലിബീന്‍ അപ്‌ഡേറ്റ് ലഭിക്കുന്ന ഇന്ത്യന്‍ ടാബ്‌ലറ്റ് എന്ന അവകാശവാദം കാര്‍ബണ്‍ നടത്തുന്നുണ്ട്.

അങ്ങനെ വരുമ്പോള്‍ ഒഎസിന്റെ കാര്യത്തില്‍ മൈക്രോമാക്‌സ് ഫണ്‍ബുക്ക് പ്രോയ്ക്ക് മുകളില്‍ പോകും കാര്‍ബണ്‍ ടാബ് 2.  1.2 ജിഗാഹെര്‍ട്‌സ് കോര്‍ടക്‌സ് എ8 പ്രോസസറിലാണ് ഫണ്‍ബുക്ക് പ്രോയുടെ പ്രവര്‍ത്തനം. അതേ സമയം പ്രോസസര്‍ വേഗത ഒരേ പോലെയാണെങ്കിലും എക്‌സ്ബര്‍സ്റ്റ് പ്രോസസറാണ് കാര്‍ബണ്‍ ടാബ് 2വിലുള്ളത്.

മെയിന്‍ ക്യാമറയില്ലാതെയാണ് രണ്ട് ടാബ്‌ലറ്റുകളും എത്തുന്നതെന്ന പ്രത്യേകതയുണ്ട്. ഫണ്‍ബുക്ക് പ്രോയിലുള്ളത് ഒരു വിജിഎ ഫ്രന്റ് ക്യാമറയാണ്. സ്മാര്‍ട്  ടാബ് 2വിലാണ് അല്പം മെച്ചമുള്ള ഫ്രന്റ് ക്യാമറയുള്ളത്. 2 മെഗാപിക്‌സലാണ് ഈ ക്യാമറയുടെ ശേഷി.

സ്റ്റോറേജും രണ്ട് ടാബിലും വ്യത്യസ്തമാണ്. 8ജിബി ഫഌഷ് മെമ്മറിയും 1ജിബി റാമുമാണ് ഫണ്‍ബുക്ക് പ്രോയിലുള്ളത്. 4ജിബി മെമ്മറി, 512എംബി റാം എന്നിവ സഹിതമാണ് സ്മാര്‍ട് ടാബ് 2 എത്തുന്നത്. എന്നാല്‍ ഇവ രണ്ടും 32 ജിബി വരെ ശേഷിയുള്ള മെമ്മറി കാര്‍ഡ് പിന്തുണക്കുന്നു.

വൈഫൈ കണക്റ്റിവിറ്റി മാത്രം ലഭ്യമാക്കുന്ന ടാബ്‌ലറ്റാണ് ഫണ്‍ബുക്ക് പ്രോ. ബ്ലൂടൂത്ത് പിന്തുണയില്ലാത്ത ഇത് ഡോംഗിള്‍ വഴി 3ജിയെ പിന്തുണക്കും. എന്നാല്‍ വൈഫൈ, ബ്ലൂടൂത്ത്, 3ജി (ഡോംഗിള്‍) സൗകര്യങ്ങള്‍ സ്മാര്‍ട് ടാബ് 2 ലഭ്യമാക്കുന്നുണ്ട്.

5600mAh ലിഥിയം അയണ്‍ ബാറ്ററിയിലാണ് മൈക്രോമാക്‌സ് ഫണ്‍ബുക്കിന്റെ പ്രവര്‍ത്തനമെങ്കില്‍ 3700mAh ലിഥിയം അയണ്‍ ബാറ്ററിയാണ് സ്മാര്‍ട്  ടാബ്2വിന് ബാക്ക്അപ് നല്‍കുന്നത്.

വിലയുടെ കാര്യത്തില്‍ 10.1 ഇഞ്ച് ഫണ്‍ബുക്ക് പ്രോയാണ് മുമ്പില്‍ നില്‍ക്കുന്നത്. 9,999 രൂപയാണ് ഇതിന്റെ വില. അതേ സമയം 6,999 രൂപയ്ക്കാണ്  കാര്‍ബണ്‍ സ്മാര്‍ട് ടാബ് 2 വാങ്ങാനാകുക.

വിദ്യാഭ്യാസാനുബന്ധ ഉള്ളടക്കങ്ങള്‍ ഏറെയുള്ള ടാബ് എന്ന പേരിലും ശ്രദ്ധേയമാണ് ഫണ്‍ബുക്ക് പ്രോ. ഏപ്രിലില്‍ വിപണിയിലെത്തിയ ഫണ്‍ബുക്കിന്റെ പിന്‍ഗാമിയാണിത്. എന്നാല്‍ വിലയും ഒഎസും താരതമ്യം ചെയ്യുമ്പോള്‍ സ്മാര്‍ട് ടാബ് 2വിനെ തള്ളിക്കളയാനാവില്ല. ഇവയുടെ സവിശേഷതകളേയും ഉപയോഗങ്ങളേയും മനസ്സിലാക്കി നിങ്ങള്‍ക്കിണങ്ങുന്ന ടാബ് തെരഞ്ഞെടുക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot